മുംബൈ: ഇരുപത്തിനാലു വർഷം മുൻപ് രാജ്യത്തെയും കോൺഗ്രസിനെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ശരദ് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്ന എൻസിപി രൂപീകരിച്ചത്. ഇന്നലെ എൺപത്തിരണ്ടാം വയസിന്റെ "ചെറുപ്പത്തിൽ' നടത്തിയ വിരമിക്കൽ പ്രഖ്യാപനവും തീർത്തും നാടകീയമായി. ആറു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എക്കാലവും ഇത്തരം ചടുല നീക്കങ്ങൾക്കും പിന്മാറ്റങ്ങൾക്കും മടികാട്ടിയിട്ടില്ല പവാർ. ഓരോ പിന്മാറ്റവും വെട്ടിയൊഴിയലും മറ്റൊരു മുന്നേറ്റത്തിനുള്ള വഴിയൊരുക്കാനാകുമെന്നു മാത്രം. ഇത്തവണയും പവാറിന്റെ മനസിലെന്താണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ പവാർ പലപ്പോഴും പ്രധാനമന്ത്രിക്കസേരയ്ക്കടുത്തു വരെയെത്തിയിരുന്നു. എന്നാൽ, ഓരോ തവണയും കടമ്പകൾ പലതുമുണ്ടായി. പ്രതിപക്ഷത്ത് ഇപ്പോഴും പൊതുസമ്മതനായി മറ്റൊരു മുതിർന്ന നേതാവില്ലെന്ന് കൃത്യമായി അറിഞ്ഞുകൊണ്ടു തന്നെയാണ് ഇന്നലെ പവാറിന്റെ വിരമിക്കൽ പ്രഖ്യാപനം.
1958ൽ യൂത്ത് കോൺഗ്രസിലൂടെയാണു പവാറിന്റെ രാഷ്ട്രീയജീവിതത്തിനു തുടക്കം. നാലു വർഷം പിന്നിട്ടപ്പോൾ അദ്ദേഹം യൂത്ത് കോൺഗ്രസ് പൂിനെ ജില്ലാ പ്രസിഡന്റായി. 1967ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. സ്വന്തം നാടായ ബരാമതിയിലായിരുന്നു കന്നിയങ്കം. എളുപ്പത്തിൽ ജയിച്ചു കയറി. പിന്നീട് പലതവണ പാർലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചപ്പോഴും ബരാമതിക്കപ്പുറമൊരു മണ്ഡലം തേടേണ്ടിവന്നില്ല അദ്ദേഹത്തിന്. അത്ര വിശ്വാസമായിരുന്നു പവാറിന് ബരാമതിയെയും ബരാമതിക്കാർക്ക് പവാറിനെയും.
1978ൽ മുപ്പത്തെട്ടാം വയസിൽ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമ്പോൾ സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ നേതാവായിരുന്നു പവാർ.ത എന്നാൽ, പവാറിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസിവ് ഡെമൊക്രറ്റിക് ഫ്രണ്ട് സർക്കാരിന്റെ ആ്യുസ് വെറും രണ്ടു വർഷം മാത്രമായിരുന്നു. 1988ൽ പവാർ രണ്ടാം തവണയും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി. ഇത്തവണയും സർക്കാർ വേഗം വീണു. എന്നാൽ, 1990ൽ മൂന്നാമൂഴം ലഭിച്ചു.
1991ൽ രാജീവ്ഗാന്ധിയുടെ ദാരുണാന്ത്യത്തെത്തുടർന്ന് നാഥനില്ലാതായ കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് സജീവമായി പരിഗണിക്കപ്പെട്ട പേരായിരുന്നു പവാറിന്റേത്. എന്നാൽ, അപ്രതീക്ഷിതമായി പി.വി. നരസിംഹറാവു പൊതുസമ്മത സ്ഥാനാർഥിയായത് പവാറിനു തിരിച്ചടിയായി. റാവുവിനു കീഴിൽ പക്ഷേ, ശക്തനായ പ്രതിരോധ മന്ത്രിയായിരുന്നു മറാഠ നേതാവ്. ഇത്തവണയും രണ്ടു വർഷം മാത്രമായിരുന്നു നിയോഗം. 1993ൽ മുംബൈ കലാപത്തെത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രി സുധാകർ റാവു നായിക്ക് രാജിവച്ചപ്പോൾ മഹാരാഷ്ട്രയുടെ ഭരണതലപ്പത്തേക്ക് മടങ്ങി അദ്ദേഹം. 1995ലെ നിയമസഭാ തെരഞ്ഞെടുപ്പ് പവാറിന്റെ നേതൃത്വത്തിലാണു നേരിട്ടതെങ്കിലും പരാജയമായിരുന്നു കാത്തിരുന്നത്. മനോഹർ ജോഷിയുടെ നേതൃത്വത്തിൽ ശിവസേന- ബിജെപി സഖ്യം ആദ്യമായി അധികാരത്തിലെത്തി.
നാലു വർഷത്തിനുശേഷം പി.എ. സങ്മയ്ക്കും താരിഖ് അൻവറിനുമൊപ്പം എൻസിപി രൂപീകരിച്ചതോടെയാണ് പവാർ വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ തന്റെ ഇടമേതെന്ന് അറിയിക്കുന്നത്. അന്നു കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെത്തിയ സോണിയ ഗാന്ധിയുടെ വിദേശ ബന്ധം ആരോപിച്ചായിരുന്നു പവാർ പാർട്ടി വിട്ടതെന്നായിരുന്നു വാർത്തകൾ. എന്നാൽ, അതായിരുന്നില്ല, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടതായിരുന്നു യഥാർഥ കാരണമെന്നു പവാർ പിന്നീട് ആത്മകഥയിലെഴുതി. കോൺഗ്രസുമായി ഇടഞ്ഞ് എൻസിപി രൂപീകരിച്ചെങ്കിലും അതേ കോൺഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാൻ മടികാണിച്ചില്ല പവാർ. മഹാരാഷ്ട്രയിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജൂനിയർ സഖ്യകക്ഷിയായി തെരഞ്ഞെടുപ്പു സഖ്യത്തിൽ ചേർന്നു എൻസിപി. 1999- 2014 കാലത്ത് മൂന്നു തവണ ഭരണം നേടാനുമായി ഈ സഖ്യത്തിന്.
എന്നാൽ, 2014നു ശേഷമുളള പവാറിന്റെ രാഷ്ട്രീയം ഏറെ കൗതുകകരമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി- ശിവസേനാ സഖ്യം മഹാരാഷ്ട്രയിലും വിജയിച്ചപ്പോൾ അധികാരത്തിന്റെ ഇടനാഴികളിൽ ആദ്യമായി പവാറിന്റെ സാന്നിധ്യം കുറഞ്ഞു. 2019ൽ ബിജെപിക്കു 105ഉം സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56ഉം സീറ്റുകൾ ലഭിച്ചു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ ഇരുകക്ഷികളും തർക്കം തുടങ്ങിയതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായി. ഇതിനിടെ, പവാറിന്റെ സഹോദര പുത്രനും എൻസിപി നേതാവുമായ അജിത് പവാർ ബിജെപി പാളയത്തിലെത്തുകയും നാടകീയ നീക്കത്തിലൂടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ശരദ് പവാറും കോൺഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു അജിത്തിന്റെ നീക്കം. ഒടുവിൽ അജിത്തിനെ തിരികെ സ്വന്തം പാളയത്തിലെത്തിച്ച ശരദ് പവാറായിരുന്നു പിന്നീടു വന്ന ഉദ്ധവ് താക്കറെ സർക്കാരിന്റെ "രക്ഷാധികാരി'. പാർട്ടി അധ്യക്ഷ സ്ഥാനമൊഴിഞ്ഞെങ്കിലും പ്രവർത്തകർക്കും നേതാക്കൾക്കും ഏതു സമയവും ഉപദേശം നൽകാൻ താനുണ്ടാകുമെന്നാണ് ഇന്നലെ പവാറിന്റെ പ്രഖ്യാപനം. അഥവാ പിൻസീറ്റിൽ ഇനിയും പവർ പൊളിറ്റിക്സിന്റെ പവാറുണ്ടാകുമെന്ന് അർഥം.