## എം.ബി. സന്തോഷ്
"പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ല. ആളുകൾക്ക് സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ പാരിതോഷികം എന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാം'– കർണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ ഫെയ്സ്ബുക്കിൽ കുറിച്ചതാണ്. തന്റെ വാഹനം കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്നു നിര്‍ദേശം നല്‍കിയതിനെ സ്വാഗതം ചെയ്തതിന് പിന്നാലെ സിദ്ധരാമയ്യയുടെ പുതിയ തീരുമാനത്തിനും വ്യാപക കൈയടിയാണ് ലഭിക്കുന്നത്.
സമാനമായ തീരുമാനം 2019ൽ തൃശൂർ എംപിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ടി.എൻ. പ്രതാപൻ കൈക്കൊണ്ടിരുന്നു. കർണാടക തെരഞ്ഞെടുപ്പിന് എഐസിസി നിയോഗിച്ച നിരീക്ഷകനായിരുന്നു അദ്ദേഹം. അതിനായി ചിക്കമംഗളൂരു യാത്രക്കിടെ ബെംഗളൂരുവിലെ വസതിയിൽ സിദ്ധരാമയ്യയെ സന്ദർശിച്ചപ്പോൾ മഹാത്മാഗാന്ധിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളു'ടെ ഇംഗ്ലീഷ് പതിപ്പ് സമ്മാനിച്ചു. അപ്പോൾ, പ്രതാപൻ പുസ്തകം മാത്രം സമ്മാനമായി സ്വീകരിക്കുന്നത് സിദ്ധരാമയ്യയുടെ സഹപ്രവർത്തകനാണ് ശ്രദ്ധയിൽപ്പെടുത്തിയത്. കൊവിഡിനെ തുടർന്ന് എല്ലാം അടച്ചിട്ടപ്പോഴും തനിക്ക് 26,000 പുസ്തകങ്ങൾ ലഭിച്ചെന്ന് കേട്ടപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. ഈ പുസ്തകങ്ങൾ വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലും മറ്റ് വായനശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും കൈമാറിയെന്ന് പറഞ്ഞപ്പോൾ സിദ്ധരാമയ്യ അഭിനന്ദിച്ചത് പ്രതാപൻ ഓർമിച്ചു.
വിവിധ പദവികളിലിരിക്കുന്നവർക്ക് ലഭിക്കുകയും അവർ നൽകുകയും ചെയ്യുന്ന പാരിതോഷികങ്ങൾ എക്കാലത്തും വാർത്തയാകാറുണ്ട്. തെക്കേ അമെരിക്കന്‍ രാജ്യമായ ബൊളീവീയയില്‍ സന്ദര്‍ശനം നടത്തുന്ന പോപ്പ് ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് അവിടത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നല്കിയ ഉപഹാരം ഏറെ വ്യത്യസ്തമായിരുന്നു. തടിയില്‍ തീര്‍ത്ത അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ക്രൂശിതനായ യേശുക്രിസ്തുവിനെ ആലേഖനം ചെയ്ത ശില്പം നല്‍കിയാണ് പോപ്പിനെ സര്‍ക്കാര്‍ വരവേറ്റത്. വ്യത്യസ്തമായ ഈ സമ്മാനം പുഞ്ചിരിയോടെ പാപ്പ ഏറ്റുവാങ്ങി. ബൊളീവീയന്‍ തലസ്ഥാനമായ ലാപാസയില് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രസിഡന്റ് ഇവോ മോറാലിസ് വ്യത്യസ്തമായ ഈ സമ്മാനം നല്‍കിയത്.
കേരള മുഖ്യമന്ത്രിയായിരിക്കേ ഇ.കെ. നായനാര്‍ 1997ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോൾ "ഭഗവദ്ഗീത'യാണ് സമ്മാനിച്ചത്. വൈരുധ്യാത്മക ഭൗതികവാദത്തിലും നിരീശ്വരവാദത്തിലും വിശ്വസിക്കുന്നുവെന്ന് പലതവണ പരസ്യമായി പ്രസംഗിച്ച നായനാർക്ക് മാര്‍പാപ്പ ജപമാല പാരിതോഷികമായി നല്കി. നായനാര്‍ സര്‍ക്കാരില്‍ സഹകരണ, വൈദ്യുതി മന്ത്രിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്ന് ഒപ്പമുണ്ടായിരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത് വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠം. ഒലിവ് ഇല പതിച്ച ഫലകമാണ് മാർപാപ്പ തിരിച്ചു നൽകിയത്. ചില പാരിതോഷികങ്ങൾ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ കൂടിയാണ്.
ഏറ്റവും കൂടുതൽ പേർ വിരമിക്കുന്നത് ഏപ്രിൽ - മെയ് മാസങ്ങളിലാണ്. വിരമിക്കൽ കാലം അതുവരെയുള്ള സേവനങ്ങൾ മാനിച്ചുകൊണ്ടുള്ള ഉപഹാരസമർപ്പണ കാലം കൂടിയാണല്ലോ. ഒരു പോസ്റ്റുമാന് ഒരു ഗ്രാമം നൽകിയ അവിസ്മരണീയ പാരിതോഷികത്തിന്റെ വാർത്ത 2015ൽ വായിച്ചത് ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് വീണ്ടെടുത്തത്. തപാല്‍ വകുപ്പ് കാര്യമായ അംഗീകാരം നല്കിയില്ലെങ്കിലും സ്വന്തം പോസ്റ്റ്മാന് തൊടുപുഴ നെയ്യശ്ശേരി ഗ്രാമം നല്‍കിയത് ഒരു ലക്ഷത്തിലധികം രൂപയുടെ സ്നേഹസമ്മാനമാണ്. 41 വര്‍ഷം നെയ്യശ്ശേരിയില്‍ പോസ്റ്റ്മാനായി പ്രവര്‍ത്തിച്ച ജോയി മുണ്ടക്കലിനാണ് ഗ്രാമം ഹൃദ്യ യാത്രയയപ്പ് നല്‍കിയത്.
വിവാഹത്തിന് സമ്മാനമായി ആഭരണവും പണവും വീടും ഫ്ലാറ്റും കാറുമൊക്കെ നൽകുന്നത് കേട്ടിട്ടുണ്ട്. എന്നാൽ, മകൾ നേഹയ്ക്ക് വിവാഹത്തിന് ജെസിബി പാരിതോഷികമായി നൽകിയതോടെയാണ് പിതാവ് സൈനികനായി വിരമിച്ച പരശുറാം പ്രജാപതി വ്യത്യസ്തനായത്. ഉത്തർപ്രദേശിലാണ് സംഭവം.
കാഞ്ചീപുരത്തെ ഡെപ്യൂട്ടി കലക്റ്റർ സെൽവമതി 2019ൽ മകന്റെ വിവാഹം നടത്തിയത് തികച്ചും പരിസ്ഥിതി സൗഹാർദപരമായായിരുന്നു. ബാലാജി– ശരണ്യ ദമ്പതികളുടെ വിവാഹ ക്ഷണക്കത്ത് തൂവാലയിലാണ് അച്ചടിച്ചത്. കത്ത് നൽകാൻ ഉപയോഗിച്ചതും തുണി കൊണ്ടുള്ള കവറാണ്. വിവാഹത്തിനെത്തിയ അതിഥികൾക്ക് നൽകിയ സമ്മാനങ്ങളും വേറിട്ടതായിരുന്നു. തുണി കൊണ്ടുള്ള സഞ്ചിയിൽ രണ്ട് വിത്തുകളും ഒരു കോട്ടൻ തൂവാലുമായിരുന്നു പാരിതോഷികം.
"നിങ്ങളുടെ ഒരു ദിവസത്തെ റേഷന്‍ അരി എത്തിച്ചു തരുവാന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചു കൊള്ളുന്നു' എന്നാണ് ഈയിടെ വൈറലായ വിവാഹക്കത്തിലെ അവസാന വരികളിലെ അഭ്യർഥന. 1946 മെയ് മാസം കൊയിലാണ്ടിയിലെ പെരുവട്ടൂരില്‍ നടന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് വൈറലാവാന്‍ കാരണം ആ അഭ്യർഥനയാണ്. ഓരോ കുടുംബത്തിനും അത്യാവശ്യമായ അരി റേഷന്‍ കടകളിലൂടെ മാത്രം ലഭ്യമായിക്കൊണ്ടിരുന്ന അക്കാലത്ത് വിവാഹം പോലുളള ചടങ്ങുകള്‍ക്ക് ഇത്തരത്തില്‍ അരി ആവശ്യപ്പെടുന്നത് സാധാരണമായിരുന്നു.
സ്വന്തം ജീവനക്കാര്‍ക്ക് കാറുകള്‍ നല്കി ഞെട്ടിച്ചവരാണ് സൂറത്തിലെ വജ്ര വ്യാപാര സ്ഥാപമായ ഹരികൃഷ്ണ ഗ്രൂപ്പും ഉടമയായ സജ്വി ധൊലാക്കിയയും. 5 വർഷം മുമ്പ് പുതുവർഷത്തിന് ഡാറ്റ്സണിന്റെ റെഡിഗോ ഹാച്ച്ബാക്കാണ് 1,200 ജീവനക്കാർക്ക് സമ്മാനിച്ചത്. 25 വർഷത്തെ സേവനം പൂർത്തിയാക്കിയ 3 ജീവനക്കാർക്ക് മെഴ്സഡീസ് ബെൻസ് എസ്യുവി സമ്മാനമായി ലഭിച്ചു. ബെൻസ് 350 ഡി പതിപ്പിന് കാറൊന്നിന് ഒരു കോടി രൂപ. 500 ഫിയറ്റ് പുന്റോ, മാരുതിയുടെയും ഡാറ്റ്സണിന്റെയും 1,260 കാറുകൾ, 1,200 ഡാറ്റ്സൺ റെഡി ഗോ എന്നിവയും ജീവനക്കാർക്ക് സമ്മാനിച്ചിട്ടുണ്ട്. 5,500 ജീവനക്കാരുള്ള ഈ കമ്പനിയില്‍ 4,000 ജീവനക്കാര്‍ക്കും പല തവണകളായി ഇത്തരത്തിലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ കിട്ടിക്കഴിഞ്ഞു.
കഴിഞ്ഞ ദീപാവലിയ്ക്ക് ചെന്നൈയിലെ ജ്വല്ലറി ഉടമയായ ജയന്തി ലാൽ ചയന്തി ജീവനക്കാർക്ക് നൽകിയതും സമാനമായ ഉപഹാരം. 1.2 കോടി രൂപ വിലമതിക്കുന്ന കാറുകളും ബൈക്കുകളുമായിരുന്നു സമ്മാനം. 10 കാറുകളും 20 ബൈക്കുകളുമാണ് ജയന്തി ലാൽ ജീവനക്കാർക്ക് നൽകിയത്.
ഇന്ത്യയിലെ ഏറ്റവും ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുത. 1,500 കോടിയോളം രൂപ വിലയുള്ള മാളിക അദ്ദേഹം തന്റെ ഒരു ജീവനക്കാരന് സമ്മാനമായി നൽകിയതിനെപ്പറ്റിയുള്ള വാർത്തകൾ പ്രചരിച്ചുവരികയാണ്. മുകേഷ് അംബാനിയുടെ വലംകൈയായി അറിയപ്പെടുന്ന മനോജ് മോദിയ്ക്കാണ് ഈ വിലപിടിച്ച പാരിതോഷികം. 22 നിലകളുള്ള ഈ വീട് 1.7 ലക്ഷം ചതുരശ്ര അടിയിലായി വ്യാപിച്ചു കിടക്കുന്നു. മുംബൈ നേപിയൻ സീ റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മുകേഷ് അംബാനിയുടെ സഹപാഠി കൂടിയാണ് മനോജ് മോദി. മുംബൈ സർവകലാശാലയിലെ കെമിക്കൽ വിഭാഗത്തിലാണ് ഇരുവരും ഒരുമിച്ച് പഠിച്ചത്. 1980ന്റെ തുടക്കത്തിൽ റിലയൻസിൽ ചേർന്ന മനോജ് മോദി റിലയൻസിന്റെ വൻകിട ഇടപാടുകളുടെ ബുദ്ധികേന്ദ്രമായായാണ് അറിയപ്പെടുന്നത്.
മാന്ദ്യഭീതിയിൽ വൻകിട ഐടി കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടത്തുമ്പോൾ വമ്പൻ പാരിതോഷികങ്ങൾ നൽകിയ ഇന്ത്യൻ കമ്പനികളുടെ വാർത്ത വൈറലാവുന്നുണ്ട്. അഹമ്മദാബാദിൽ ത്രിധ്യ ടെക് എന്ന ഐടി കമ്പനി നടത്തുന്ന രമേഷ് മാറാണ് തന്റെ കൂടെ ദീർഘകാലമായി ജോലി ചെയ്യുന്ന 13 പേർക്ക് പുതിയ ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്ക് സമ്മാനമായി നൽകിയത്. കഴിഞ്ഞ വർഷം ചെന്നൈ ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഐഡിയസ്2ഐടി അവരുടെ 100 ജീവനക്കാർക്ക് പുതിയ കാറുകളും മോട്ടോർ സൈക്കിളുകളും സമ്മാനിച്ചിരുന്നു. ചെന്നൈയിൽ നിന്നുള്ള മറ്റൊരു ഐടി കമ്പനിയായ കിസ്ഫ്ലോ ടെക് 5 മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് ഏറ്റവും പുതിയ ബിഎംഡബ്ല്യു 5 സീരീസ് കാറുകളും സമ്മാനിച്ചു.
കേരളത്തിൽ ഇത്തരം അധികം സംഭവങ്ങൾ കേട്ടിട്ടില്ല. അതുകൊണ്ട് ചാലക്കുടിയിലുള്ള ജോബിന് ആന്‍ഡ് ജിസ്മി ഐടി സര്‍വീസസ് ജീവനക്കാരെ ഞെട്ടിച്ചു എന്നുതന്നെ പറയണം. കമ്പനിയുടെ 10ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അവർ ജീവനക്കാര്‍ക്ക് കിയ സെല്‍ടോസിന്റെ 6 കാറുകള്‍ നല്‍കിയത്. ഏകദേശം 1.20 കോടി രൂപ ഇതിനായി ചെലവഴിച്ചു. രണ്ടു ജീവനക്കാരുമായി തുടങ്ങിയ കമ്പനി നിലവില്‍ 200 പേരുള്ള നിലയിലേക്ക് വളര്‍ന്നു. ഇതിന് പിന്നില്‍ അദ്ധ്വാനിച്ച 6 പേര്‍ക്കാണ് കാറുകള്‍ സമ്മാനിച്ചതെന്ന് കമ്പനി സഹ സ്ഥാപകയും ചീഫ് ടെക്നോളജി ഓഫീസറുമായ എ.ഐ. ജിസ്മി പറഞ്ഞു. ഈ വര്‍ഷത്തെ മികച്ച ജീവനക്കാരന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും പാരിതോഷികം നൽകി.
മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിന്റെ പിറന്നാൾ പിന്നിട്ടിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. അദ്ദേഹം അവതാരകനായ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ താരത്തിന് വ്യത്യസ്തമായ പിറന്നാൾ സമ്മാനം നൽകി. ലാലിന്റെ കൈയക്ഷരത്തിൽ രൂപപ്പെടുത്തിയ ഫോണ്ട് ആണ് ഈ പാരിതോഷികം. ബിഗ് ബോസ് മലയാളം സീസണ് 5 വേദിയില്‍ വച്ചായിരുന്നു ആ വേറിട്ട സമ്മാനം. മോഹൻലാലിന്റെ കൈയക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ലഭ്യമാകും എന്ന പ്രഖ്യാപനമായിരുന്നു അത്.