മലയാളം ലോകത്തെ മറ്റേതു ഭാഷകളേക്കാളും ശ്രദ്ധേയമായ ഒന്നാണെന്ന് നമ്മൾ മലയാളികൾ എപ്പോഴും പറയാറുണ്ട്. ഏറ്റവും കൂടുതൽ അക്ഷരങ്ങളുള്ള ഒരു ഭാഷയായി മലയാളം മുന്നിൽ നിൽക്കുന്നു! അതുകൊണ്ടൊക്കെയായിരിക്കാം ഭാഷാ പ്രയോഗത്തിൽ അച്ചടി മാധ്യമങ്ങൾ അടക്കം വ്യത്യസ്തമായ രീതിയിൽ മലയാള ഭാഷയെ സമീപിക്കുന്നത്. വാക്കുകളുടെ, പ്രയോഗങ്ങളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ തർക്കങ്ങളുള്ളത് മലയാളത്തിലാണെന്നുറപ്പ്. തമിഴിൽ അക്ഷരങ്ങളുടെ എണ്ണം കുറവായതിനാൽ അവിടെ കാര്യമായ തർക്കമില്ലെന്നു പറയുന്നു.
മലയാളത്തിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളും ഭാഷയെ, വാക്കുകളെ വ്യത്യസ്തമായ രീതിയിൽ കാണുന്നു എന്നത് ന്യായീകരിക്കാമോ? ഒരേ വാക്ക്, പേര്, എന്നു വേണ്ട സ്ഥല-ദേശ നാമം പോലും വ്യത്യസ്ത രീതിയിലാണ് എഴുതുന്നത്. "മാധ്യമം' എന്നല്ല, "മാദ്ധ്യമം" എന്നാണ് എന്ന തർക്കം പോലും തീരുന്നില്ല..! ഏതു ശരി എന്ന് ആർക്കും തീർപ്പാക്കാനുമാവുന്നില്ല.
മാധ്യമ വായനയാണ് ഏതു ഭാഷയെയും വലിയ അളവിൽ മുന്നോട്ട് നയിക്കുന്നത്. നമ്മുടെ ഭാഷ നാൾക്കു നാൾ മാറിക്കൊണ്ടിരിക്കുന്നു എന്നതു തിരിച്ചറിയണമെങ്കിൽ വർഷങ്ങൾക്കു മുമ്പുള്ള ഒരു പത്രം മറിച്ചു നോക്കണം. 50 വർഷം മുമ്പ് ഈ പത്രത്തിൽ അച്ചടിച്ചു വന്ന ഒരു വാർത്ത എന്ന പേരിൽ പല മാധ്യമങ്ങളും സ്വന്തം പത്രത്തിന്റെ ഒരു പഴയ വാർത്ത കൊടുക്കുന്ന രീതി അടുത്ത കാലത്ത് കണ്ടിട്ടുണ്ട്. ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്ന പഴയ വാർത്ത വായിക്കുമ്പോൾ തിരിച്ചറയാൻ സാധിക്കും നമ്മുടെ ഭാഷ വളരെ മാറിയിരിക്കുന്നു എന്ന്. അച്ചടിച്ച കാലത്ത് മലയാള ഭാഷയിൽ ഒരു അസ്വാഭാവികതയും അക്കാലത്ത് ആരും കണ്ടിരുന്നില്ല. പക്ഷേ ഇന്ന് ഭാഷ മാറിയതോടെ അന്നത്തെ വാർത്താശൈലി അസ്വാഭാവികമായ ഒന്നായിത്തന്നെ തോന്നും. ഇന്നത്തെ പത്രങ്ങളിൽ വരുന്ന ഭാഷാ രീതിയായിരിക്കില്ല 50 വർഷം കഴിഞ്ഞുള്ള പത്രങ്ങളിലെ വാർത്തകൾ. അന്ന് ഇന്നത്തെ വാർത്ത വായിക്കുന്നവർക്ക് ഭാഷയുടെ പ്രയോഗത്തിൽ അസ്വഭാവികത തോന്നുമെന്നുറപ്പ്.
രാജ്യതലസ്ഥാനമായ ഡൽഹിയെ പല മാധ്യമങ്ങളും പല രീതിയിലാണ് സമീപിച്ചിരിക്കുന്നത്. ഡൽഹി, ന്യൂഡൽഹി, ദില്ലി എന്നീ രീതിയിലാണ് പല മാധ്യമങ്ങൾ അവരുടെ ശൈലിപ്രകാരം എഴുതുന്നത്. അതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണോ നരേന്ദ്ര മോദിയാണോ എന്ന് ഏകാഭിപ്രായത്തിലെത്താൻ ഇപ്പോഴും മലയാള മാധ്യമങ്ങൾക്കു സാധിച്ചിട്ടില്ല. അഡ്വാനിയെന്നും അദ്വാനിയെന്നും അവർ എഴുതാറുണ്ട്. നെഹ്രു എന്നാണോ നെഹ്റു എന്നാണോ..?!
സ്ഥലനാമങ്ങൾ പോലും പലരും പലരീതിയിലാണ് എഴുതുന്നത്. തൃശ്ശൂരെന്നും ഒരു "ശ' കുറച്ച് തൃശൂർ എന്നും എഴുതിക്കണ്ടിട്ടുണ്ട്. റമദാനെന്നും റംസാനെന്നും എഴുതുന്നവരുണ്ട്. കരോൾ എന്നും കാരൾ എന്നും രണ്ട് രീതി കാണാം. തിരഞ്ഞെടുപ്പാണോ തെരഞ്ഞെടുപ്പാണോ ശരി, ചിലവ് ആണോ ചെലവ് ആണോ എന്നീ കാര്യത്തിൽ രണ്ടുപക്ഷം. ക്രിസ്മസ് എന്നു പോരേ, ക്രിസ്തുമസ് എന്നു വേണോ.. ഇങ്ങനെ എത്രയോ വാക്കുകൾ. എല്ലാം ഇവിടെ പരാമർശിക്കാൻ സാധിക്കില്ലല്ലോ..
എന്നാൽ, കുട്ടികളും അധ്യാപകരുമാണു വലയുന്നത്. പല പത്രങ്ങൾ കാണുമ്പോൾ പല രീതിയിലാണു പ്രയോഗങ്ങൾ. ഏതു സത്യം എന്ന് കുട്ടിക്കും അധ്യാപകർക്കും സംശയം. പാഠപുസ്തകത്തിൽ കാണുന്നതുപോലെയല്ല പത്രങ്ങളിൽ. "അദ്ധ്യാപകൻ' എന്നു പഠിച്ച ശേഷം പത്രം വായിക്കുമ്പോൾ അവിടെ "അധ്യാപകൻ' മാത്രം..!
മലയാളത്തിന്റെ പ്രധാനാവശ്യമാണ് മാധ്യമ ഭാഷ ഏകീകരിക്കുക എന്നത്. അതിനു കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എല്ലാ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത ഒരു വട്ടമേശ സമ്മേളനം കഴിഞ്ഞദിവസം കൂടുകയുണ്ടായി. ഇത്തരത്തിലൊന്ന് കേരള മീഡിയ അക്കാഡമിക്ക് മുൻപുണ്ടായിരുന്ന കേരള പ്രസ് അക്കാദമി 1981ൽ നടത്തിയിരുന്നു. അന്ന് പി. ഗോവിന്ദപ്പിള്ള ചെയർമാനായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട്, എൻ.വി. കൃഷ്ണവാരിയർ, ടി.കെ.ജി. നായർ, ടി. വേണുഗോപാലൻ, പി. രാജൻ തുടങ്ങിയവർ അതിന് നേതൃപരമായ പങ്കാളിത്തം വഹിച്ചു.
അന്നത്തെ സാഹചര്യമല്ല ഇന്ന്. മലയാള ഭാഷ തന്നെ മാറി. പുതിയ വാക്കുകളുണ്ടായി. പരമ്പരാഗത മാധ്യമങ്ങൾക്ക് പുറമെ ദൃശ്യമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും വന്നു. ലിംഗസമത്വ പദങ്ങൾ കണ്ടെത്തുക, ലിംഗപരമായും വർണപരമായും വിവേചനമുള്ള വാക്കുകൾ ഏതെന്ന് നിശ്ചയിച്ച് അവ ഒഴിവാക്കുക, ന്യൂജെൻ വാക്കുകളുടെ പട്ടിക തയാറാക്കുക, പുതുവാക്കുകൾ ശേഖരിക്കുക എന്നിവയാണ് ഇപ്പോൾ കേരള മീഡിയ അക്കാദമി ലക്ഷ്യം വയ്ക്കുന്നതെന്ന് നിലവിലെ ചെയർമാൻ ആർ.എസ്. ബാബു വ്യക്തമാക്കി.
81ന് ശേഷം ഇത്തരമൊരു ശ്രമം പലതവണകേരള മീഡിയ അക്കാദമിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെന്നും അത് പൂർത്തീകരിക്കാൻ സാധിച്ചില്ല എന്നതു കണക്കിലെടുത്ത് വളരെ ഗൗരവത്തേടെയാണ് അക്കാദമി ഈ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുത്തതെന്നും സെക്രട്ടറി കെ.ജി. സന്തോഷ് പറഞ്ഞു. എന്തായാലും മലയാള മാധ്യമ ഭാഷയുടെ ഏകീകരണത്തിനായി അക്കാദമി ഒരു വലിയ ശ്രമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
സമ്മേളനത്തിൽ ഒരു കാര്യം പലരും ചൂണ്ടിക്കാണിച്ചത്, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ശൈലീപുസ്തകം അച്ചടിച്ചു പുറത്തിറക്കുന്നതിനു പകരം വിവര സാങ്കേതിക രംഗം വളർന്ന ഈ കാലഘട്ടത്തിൽ മലയാള മാധ്യമ ഭാഷയുടെ ഒരു പൊതു ശൈലി ഇൻറർനെറ്റിലൂടെ ലഭ്യമാക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലതെന്നാണ്. ഓഗസ്റ്റിൽ കൊച്ചിയിൽ നടക്കുന്ന അന്തർദേശീയ മാധ്യമ സമ്മേളനത്തിൽ ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറക്കും എന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പ്രഖ്യാപിക്കുകയും ചെയ്തു.
മാധ്യമങ്ങൾ ഇപ്പോൾ പുതിയ കുറെ വാക്കുകൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു സമ്മേളനത്തിൽ പരാമർശിച്ചു. പുതിയ തലമുറയിലെ മലയാളി കുട്ടികൾ ഉപയോഗിക്കുന്ന പല പദങ്ങളും അച്ചടി ഭാഷയിലേക്ക് എത്തിയിരിക്കുകയാണ്. അവ എത്രമാത്രം സ്വീകാര്യതയുള്ളതാണ് എന്ന് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ബ്രോ, തേച്ചൊട്ടിച്ചു, അടിച്ചുപൊളിച്ചു തുടങ്ങി ഒട്ടേറെ വാക്കുകളാണ് പുതുതായി വന്നത്. കൊവിഡിന് ശേഷം ഇരുപതോളം വാക്കുകൾ പുതുതായി മലയാളഭാഷയിൽ ഉണ്ടായി എന്ന് ഡോ. ബി. ഇഖ്ബാൽ പറഞ്ഞു. ഇത് സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
പല ഇംഗ്ലീഷ് വാക്കുകളും മലയാളീകരിക്കുന്നതിന്റെ അപകടം ചെറുതല്ല. ഇംഗ്ലീഷ് വാക്കുകൾ അതേപോലെ നമ്മുടെ മലയാളത്തിൽ ഉപയോഗിക്കുന്നതാകും നല്ലത്. ഉദാഹരണമായി സെക്സ് റാക്കറ്റ് എന്ന ഇംഗ്ലീഷ് പദത്തെ മലയാളി പെൺവാണിഭം എന്ന് വിവർത്തനം ചെയ്യുന്നു. സെക്സ് റാക്കറ്റ് എന്ന ഇംഗ്ലീഷ് പദം കൊണ്ട് അർഥമാക്കുന്നത് പുരുഷനും സ്ത്രീയും അതിന്റെ ഭാഗമാണ് എന്നാണ്. എന്നാൽ മലയാളീകരിക്കുമ്പോൾ അത് പെൺവാണിഭമായി മാറുകയും സ്ത്രീകൾ മാത്രം മുദ്ര ചെയ്യപ്പെടുകയും ചെയ്യുന്നു. പുരുഷന്മാരും സെക്സ് റാക്കറ്റിന്റെ ഭാഗമാണ് എന്നത് മലയാള തർജമയിൽ നഷ്ടപ്പെടുന്നു. ഇത് വളരെ അപകടകരമായ ഒന്നാണ്. അതുപോലെയാണ് ഹണി ട്രാപ്പ് എന്നതിനെ മലയാളീകരിച്ച് പെൺ കെണി എന്ന് പല മാധ്യമങ്ങളും ഉപയോഗിക്കുന്നത്. ഇവിടെയും സ്ത്രീ മാത്രം ക്രൂശിക്കപ്പെടുന്നു. യഥാർഥത്തിൽ പുരുഷന്മാരും ക്രൂശിക്കപ്പെടുന്നില്ലേ! മലയാള പരിഭാഷ വ്യക്തമായി അതിനുത്തരം തരുന്നില്ല.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മലയാള സിനിമകളുടെ പേരുകൾ ഇംഗ്ലീഷിലേക്ക് മാറിയിരിക്കുന്നു. മലയാളം സർവകലാശാല വൈസ് ചാൻസലറും കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ മലയാള സിനിമകളിൽ 30% ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നു എന്നതാണ്. മലയാള സിനിമയിൽ ഇപ്പോൾ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വളരെ നിലവാരം കുറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലയാള സിനിമാ ഗാനരംഗത്തും മലയാളം നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് ഉള്ളത്. മലയാള ഗാനങ്ങളിൽ ഇംഗ്ലീഷ് വരികൾ കൂട്ടിച്ചേർക്കപ്പെടുന്നു. മലയാള ഭാഷ പല അവസരങ്ങളിലും ഇംഗ്ലീഷ് ഭാഷയോട് ചേർന്നുപോകാൻ ശ്രമിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന ബസ് മിസായി... ഫാൻ ഓഫ് ചെയ്തേക്ക്... ഡോർ ലോക്ക് ചെയ്തേക്ക്... തുടങ്ങിയതുപോലെ എത്രയോ വാചകങ്ങളിൽ നമ്മൾ അറിയാതെ ഇംഗ്ലീഷ് പദം ഇടകലർത്തുന്നു.
മലയാളം മാധ്യമങ്ങൾ ഇപ്പോൾ ഉപയോഗിച്ചു വരുന്ന പല വാചകങ്ങളും കാണുമ്പോൾ ഏകീകരിക്കേണ്ടതിന്റെ ആവശ്യം വളരെ പ്രധാനമാണ്. രാജ്യ തലസ്ഥാനത്തെ കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും ആദ്യം സൂചിപ്പിച്ചിരുന്നല്ലോ. ബാച്ചിലർ എന്നത് ഒറ്റയ്ക്ക് താമസിക്കുന്നവർ എന്നാണ്. പക്ഷേ മലയാളി ബാച്ചിലർ എന്നുള്ള വാചകത്തിന് അവിവാഹിതരായ ആണുങ്ങൾ എന്ന അർഥം നൽകിയിരിക്കുന്നു. കന്യക എന്നത് സ്ത്രീയെ ഉദ്ദേശിക്കുന്നു. അതിന്റെ വിപരീതപദമായി മലയാളത്തിൽ എന്തുണ്ട് എന്നതൊരു ചോദ്യമാണ്. തേവിടിശി എന്നതും സ്ത്രീയെ ഉദ്ദേശിച്ചു തന്നെ. അതിന്റെ പുരുഷ വശത്തെ എന്തു വിളിക്കണം?
ഏൻ എന്ന വാചകം ഞാൻ എന്ന് മാറിയത് നമ്മുടെ സാംസ്കാരിക രംഗത്തെ വിപ്ലവകരമായ ഇടപെടലുകൾ മൂലമാണ്, ശൈലീപുസ്തകം വഴിയോ മാധ്യമങ്ങളിലെ എഴുത്തുകൾ വഴിയോ മാറിയതല്ല. ഭാഷ നമ്മുടെ സംസ്കാരം വഴി ഓരോ നാളുകൾ തോറും മാറിക്കൊണ്ടിരിക്കുകയാണ്. ഭൂമി ഉരുണ്ടതാണെന്നും അതെപ്പോഴും ചലിക്കുന്നതാണെന്നും പറയുന്നതുപോലെ ഭാഷയും നാൾക്കുനാൾ മാറിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ട ശബ്ദതാരാവലിയിലെ വാക്കുകളേക്കാള് ഇരട്ടിയാണ് ഇന്ന് മലയാളം ഭാഷയിലുള്ളത്.
ഒട്ടുമിക്ക മാധ്യമങ്ങളും അവരുടേതായ ശൈലീപുസ്തകം (സ്റ്റൈൽ ബുക്ക്) തയാറാക്കിയിട്ടുണ്ട്. ഓരോരുത്തർക്കും അവരവരുടെ ശൈലിയുള്ളതിനാൽ പൂർണമായും മലയാള പദങ്ങൾ ഏകീകരിക്കുക പ്രയാസമാണ്. എന്നാൽ കുറെയെങ്കിലും വാക്കുകൾ ഏകീകരിക്കപ്പെടും, കൺഫ്യൂഷൻ തീരും എന്ന പ്രതീക്ഷ സംഘാടകർക്ക് ശക്തമാണ്. ഏകീകരിക്കപ്പെടുന്ന വാക്കുകൾ തന്നെ എല്ലാ മാധ്യമ സ്ഥാപനങ്ങളും ഉപയോഗിക്കണമെന്ന നിർബന്ധമോ വാശിയോ ഇല്ലെന്ന് മീഡിയ അക്കാദമി പറയുന്നു. എന്നാലും ഏകീകരിക്കപ്പെടുന്ന കുറേ വാക്കുകൾ കേരള മീഡിയ അക്കാദമിയുടെ ശ്രമഫലമായി ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം. അതിൽ കുറേ വാക്കുകൾ പൊതുവായി മാധ്യമങ്ങൾ സ്വീകരിക്കട്ടെ എന്നും ആശിക്കാം.