അഗ്നിപഥ്: പോരായ്മകൾ ചർച്ച ചെയ്യപ്പെടട്ടെ| മുഖപ്രസംഗം

നാലു വർഷക്കാലം സൈന്യത്തിൽ ലഭിക്കുന്ന അനുഭവ പരിചയം യുവാക്കൾക്കു പിന്നീട് ഉപകാരപ്പെടുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്
അഗ്നിപഥ്: പോരായ്മകൾ ചർച്ച ചെയ്യപ്പെടട്ടെ| മുഖപ്രസംഗം
Updated on

യുവാക്കളെ നാലു വർഷത്തേക്കു സൈനിക സേവനത്തിന്‍റെ ഭാഗമാക്കുന്ന അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ അംഗീകരിച്ചു നടപ്പാക്കിയതു 2 വർഷം മുൻപാണ്. "അഗ്നിവീർ'മാരിൽ 25 ശതമാനം പേർക്ക് അവർ കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനം അടിസ്ഥാനമാക്കി സൈന്യത്തിൽ തുടരാനുള്ള അവസരവുമുണ്ട്. സൈന്യത്തിൽ അതുവരെയുണ്ടായിരുന്ന റിക്രൂട്ട്മെന്‍റ് മാനദണ്ഡങ്ങൾ അനുസരിച്ചു തന്നെയാണ് അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 6 മാസത്തെ പരിശീലനവും തുടർന്നു മൂന്നര വർഷത്തെ നിയമനവുമാണു നൽകുന്നത്.

സർക്കാർ ഏറെ അഭിമാനത്തോടെ അവതരിപ്പിച്ച പദ്ധതിക്കെതിരേ പ്രതിപക്ഷ കക്ഷികളിൽ നിന്നടക്കം നിശിതമായ വിമർശനവും ഉയർന്നിരുന്നു. സൈന്യത്തിന്‍റെ പ്രൊഫഷനലിസം ഈ പദ്ധതി നശിപ്പിക്കുമെന്നാണു പ്രതിപക്ഷം ആരോപിച്ചത്. സൈനികർക്ക് ആവശ്യമായ പരിശീലനം കിട്ടാതെ വരുന്നതു സൈന്യത്തിന്‍റെ ക്ഷമതയെ ബാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുകയുണ്ടായി.

സൈനികർക്കു ലഭിക്കുന്ന പെൻഷനും മറ്റു പല ആനുകൂല്യങ്ങളും അഗ്നിവീറുകൾക്കു നൽകുന്നില്ല. ഇതു വിവേചനമാണെന്നും ചെലവു കുറയ്ക്കാനുള്ള സർക്കാരിന്‍റെ വഴിയാണെന്നും വിമർശനം ഉയരുകയുണ്ടായി. ഈ പദ്ധതി സൈന്യത്തിൽ സ്ഥിരം നിയമനം ഇല്ലാതാക്കുമെന്നും യുവാക്കളുടെ ഭാവിക്കു തിരിച്ചടിയാകുമെന്നും ആരോപിക്കുന്നവരുമുണ്ട്. സൈന്യത്തിനു കൂടുതൽ യുവത്വം നൽകാൻ പദ്ധതി ഉപകരിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വാദം. നാലു വർഷക്കാലം സൈന്യത്തിൽ ലഭിക്കുന്ന അനുഭവ പരിചയം യുവാക്കൾക്കു പിന്നീട് ഉപകാരപ്പെടുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുറച്ചുകാലത്തേക്ക് സൈനിക സേവനത്തിനു ലഭിക്കുന്ന അവസരം യുവാക്കളിൽ അച്ചടക്കവും ധാർമികതയും സൗഹൃദവും അർപ്പണബോധവും കൂട്ടായ്മയും വളർത്തുമെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. രാജ്യസേവനത്തിനു താത്പര്യം കാണിക്കുന്ന യുവാക്കൾക്ക് അവസരമുണ്ടാക്കിക്കൊടുക്കുന്നതു നല്ല കാര്യം തന്നെയാണ്. എന്നാൽ, അതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളും പരിഗണിക്കപ്പെടേണ്ടതുണ്ട്. കേന്ദ്ര സർക്കാരിൽ പങ്കാളികളും എൻഡിഎ ഘടകകക്ഷികളുമായ ജെഡിയുവും എൽജെപിയും അഗ്നിവീർ പദ്ധതിയിൽ ചില ആശങ്കകൾ പ്രകടിപ്പിക്കുകയുണ്ടായി എന്നോർക്കണം.

എന്തായാലും പദ്ധതിയിൽ ചില സുപ്രധാന മാറ്റങ്ങൾക്കു കരസേന ശുപാർശ നൽകിയിട്ടുണ്ടെന്നാണു റിപ്പോർട്ട്. അഗ്നിവീറുകളിൽ സ്ഥിരം നിയമനത്തിനു പരിഗണിക്കുന്നവരുടെ അനുപാതം ഉയർത്തണമെന്നതാണു പ്രധാന നിർദേശമത്രേ. 25 ശതമാനം അഗ്നിവീറുകൾക്കു സ്ഥിരനിയമനം എന്നത് 60-70 ശതമാനമായി ഉയർത്തണമെന്നാണു ശുപാർശ. സൈന്യത്തിന്‍റെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ ഇതു സഹായിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അഗ്നിവീറുകളുടെ സേവന കാലാവധി നാലു വർഷമെന്നത് 7-8 വർഷമാക്കി ഉയർത്തുക, സാങ്കേതിക മേഖലകളിൽ ഇവരെ ഉൾപ്പെടുത്താനുള്ള പ്രായപരിധി 23 വയസാക്കുക, പരിശീലന കാലയളവിലുണ്ടാകുന്ന അംഗവൈകല്യങ്ങൾക്കു നഷ്ടപരിഹാരം നൽകുക, മരണം സംഭവിച്ചാൽ കുടുംബത്തിനു സഹായധനം നൽകുക തുടങ്ങിയ നിർദേശങ്ങളും സേന മുന്നോട്ടുവച്ചിട്ടുണ്ടെന്നു പറയുന്നു. കാലാവധി പൂർത്തിയാക്കുന്നവരിൽ നിന്നുള്ള തെരഞ്ഞെടുപ്പ് വിദഗ്ധ ഏജൻസിയെ ഏൽപ്പിക്കാനും നിർദേശമുണ്ട്. ഈ നിർദേശങ്ങളൊക്കെ പഠിച്ച് കേന്ദ്ര സർക്കാർ ആവശ്യമായ ഭേദഗതികൾ പദ്ധതിയിൽ കൊണ്ടുവരുമെന്നു വേണം കരുതാൻ.

ഏതു പദ്ധതിയും നടപ്പാക്കുമ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാവും. അതു ചർച്ച ചെയ്ത് ഉചിതമായ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നതിൽ തെറ്റൊന്നുമില്ല. എന്നു മാത്രമല്ല പോരായ്മകൾ എത്രയും പെട്ടെന്നു പരിഹരിക്കപ്പെടേണ്ടതുമാണ്; പ്രത്യേകിച്ച് സൈന്യവുമായി ബന്ധപ്പെട്ട അതിപ്രധാനമായ ഒരു വിഷയമാവുമ്പോൾ. ഈ പദ്ധതി പെട്ടെന്നു നിർത്തിവയ്ക്കുന്നത് സൈന്യത്തിലെ ഹ്രസ്വകാല സേവന വിഭാഗത്തിൽ വലിയ ആൾക്ഷാമമുണ്ടാക്കുമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. അതു വളരെ ഗൗരവമുള്ള വിഷയമാണ്.

അഗ്നിവീറുകളുടെ സേവന കാലാവധി ഉയർത്തുന്നതും അവരിൽ നിന്നു കൂടുതൽ പേർക്കു സ്ഥിരനിയമനം നൽകുന്നതും ഈ പദ്ധതിയിലേക്ക് യുവാക്കളെ കൂടുതലായി ആകർഷിക്കുന്നതിനും സഹായിക്കും. കൂടുതൽ കാലത്തേക്കു സേവനം ഉണ്ടാവും എന്നുവരുമ്പോൾ പരിശീലനവും അതിനനുസരിച്ചു കൂട്ടാവുന്നതാണ്. സൈനിക റിക്രൂട്ട്മെന്‍റ് പോലുള്ള രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നടപടികളിൽ രാജ്യത്ത് ഏകാഭിപ്രായമുണ്ടാക്കാൻ സർക്കാരിന്‍റെ ഭാഗത്തുനിന്നു തന്നെ ശ്രമങ്ങളുണ്ടാവേണ്ടതാണ്. വിശദമായ ചർച്ചകളും കൂടിയാലോചനകളും മികച്ച പരിഹാരങ്ങൾ ഉയർത്തിക്കൊണ്ടുവരും.

Trending

No stories found.

Latest News

No stories found.