സംസ്ഥാനത്ത് പ്രധാന റോഡുകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിച്ചതിനു പിന്നിൽ വലിയ തോതിലുള്ള അഴിമതിയാരോപണങ്ങളാണ് ഉയർന്നത്. കെൽട്രോൺ വഴി നടപ്പാക്കിയ പദ്ധതിയിൽ ഉപകരാറുകൾ നൽകിയതിൽ അടക്കം ക്രമക്കേടുകൾ പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. വഴി നീളെ അത്യാധുനിക ക്യാമറകൾ സ്ഥാപിച്ച് നിയമലംഘനങ്ങൾക്കു വൻ തുക പിഴ ചുമത്തുന്നത് ഖജനാവ് നിറയ്ക്കാനുള്ള മാർഗമാണെന്ന ആരോപണം ഉയർത്തിയതിനൊപ്പമാണ് ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് എഐ ക്യാമറ ഇടപാടിൽ ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാൽ, പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. നടപടികൾ സുതാര്യമെന്നും ആരോപണങ്ങൾ വസ്തുതാ വിരുദ്ധമെന്നും സർക്കാർ അവകാശപ്പെട്ടിട്ടുണ്ട്.
എന്തായാലും വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നിരിക്കുകയാണ്. എഐ ക്യാമറ ഇടപാടിൽ കരാറുകാര്ക്കു പണം നല്കുന്നത് കോടതി വിലക്കിയിരിക്കുന്നു. കോടതിയിൽ നിന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ കരാറുകാർക്കു നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകരുതെന്നാണു നിർദേശം. വിഷയത്തിൽ സർക്കാരിനും കെൽട്രോണിനും കോടതി നോട്ടീസ് അയയ്ക്കുകയാണ്. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. മൂന്നാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുകയാണ്. രണ്ടാഴ്ച്ചയ്ക്കകം സർക്കാർ എതിർ സത്യവാങ്മൂലം നൽകണമെന്നു നിർദേശിച്ചിട്ടുമുണ്ട്.
കോടതി കേസ് വിശദമായി പരിശോധിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്ന സംശയങ്ങൾക്ക് അറുതി വരുത്താൻ സഹായിക്കും. പൊതുജനങ്ങളുടെ പണം വഴിവിട്ട രീതിയിൽ ചെലവഴിക്കപ്പെടുന്നുണ്ടെങ്കിൽ അതു വെളിച്ചത്തു വരിക തന്നെ വേണം. അതല്ല, ക്യാമറ സ്ഥാപിച്ചതും പ്രവർത്തന നടപടികളും സുതാര്യമാണെങ്കിൽ അതും വ്യക്തമാകണം. പാകപ്പിഴകളുണ്ടെങ്കിൽ തിരുത്തപ്പെടേണ്ടതുണ്ട് എന്നതു പോലെ തന്നെ പ്രധാനമാണ് ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെങ്കിൽ അതു ബോധ്യപ്പെടുന്നതും. കോടതിയുടെ ഇടപെടൽ സത്യം എന്തെന്നു പുറത്തുകൊണ്ടുവരുന്നതിനു സഹായിക്കും.
സർക്കാർ ചെലവിൽ നടപ്പാക്കുന്ന പദ്ധതി അന്തിമഘട്ടത്തിൽ രൂപം മാറിയെന്നും പദ്ധതി നടത്തിപ്പിന്റെ സ്വഭാവം തന്നെ മാറിപ്പോയെന്നും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കോടതിയിൽ നൽകിയ ഹര്ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബൂട്ട് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, 20 ക്വാർട്ടർലി ഇൻസ്റ്റോൾമെന്റുകളായി പദ്ധതിച്ചെലവ് കൈമാറുന്ന രീതിയിലേക്കു പിന്നീട് പദ്ധതി മാറി എന്നാണു പ്രതിപക്ഷ നേതാക്കൾ പറയുന്നത്. പ്രതിപക്ഷ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടത്തിപ്പിൽ പൊതുഖജനാവിന് അധികച്ചെലവ് ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. ഗതാഗത, ധനകാര്യ, വ്യവസായ മന്ത്രാലയങ്ങളും കെൽട്രോണും പദ്ധതിയുടെ ഭാഗമായ സ്വകാര്യ കമ്പനികളും എല്ലാം കോടതിയിൽ അവരുടെ ഭാഗങ്ങൾ വിശദീകരിക്കുമ്പോൾ യാഥാർഥ്യം ബോധ്യപ്പെടാൻ അവസരമുണ്ടാകും.
എഐ ക്യാമറകൾ സ്ഥാപിച്ചതിനു പിന്നിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പും സ്വജനപക്ഷപാതവും കമ്മിഷനും ക്രമക്കേടുകളുമാണ് പ്രതിപക്ഷം ആരോപിച്ചിരിക്കുന്നത്. യഥാർഥത്തിലുള്ളതിനെക്കാൾ ഇരട്ടിവില നിശ്ചയിച്ച് കോടികൾ കൊള്ളയടിക്കാൻ വ്യാജ എസ്റ്റിമേറ്റുണ്ടാക്കി എന്നതു മുതൽ തുടങ്ങുന്നു 236 കോടി രൂപയുടെ ഇടപാടിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണം. കെൽട്രോണിനു കരാർ നൽകിയ പദ്ധതി ഉപകരാറുകളിലൂടെ നടപ്പാക്കിയതിനു പിന്നിൽ കരാർ ലംഘനങ്ങളുണ്ടെന്നും ആരോപിക്കപ്പെട്ടു. സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇടപാടുകളിലെ സുതാര്യതയില്ലായ്മയ്ക്ക് അങ്ങനെ പ്രതിക്കൂട്ടിലുമായി. കെൽട്രോണിന് ഇടനിലക്കാരന്റെ സ്ഥാനം മാത്രമാണു പദ്ധതിയിലുള്ളതെന്നു വിമർശകർ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇടപാടു സംബന്ധിച്ചുള്ള എല്ലാ വസ്തുതകളും കോടതിക്കു മുന്നിലെത്തുമെന്നും യാഥാർഥ്യം എന്തായാലും അതു വെളിപ്പെടുമെന്നും പ്രതീക്ഷിക്കാം. റോഡ് സുരക്ഷയ്ക്കുള്ള പദ്ധതി നടപ്പാക്കുന്നത് സ്വാഗതാർഹമായ കാര്യം തന്നെയാണ്. എന്നാൽ, അതുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങൾക്കു വ്യക്തമായ ഉത്തരവും ഉണ്ടാവേണ്ടതാണ്.