ഒഡീഷയിലെ ബാലസോറിനടുത്തുണ്ടായ ട്രെയ്ൻ അപകടത്തിന്റെ നടുക്കത്തിലാണു രാജ്യം. എത്ര ഭയാനകമായ അപകടമാണു സംഭവിച്ചതെന്ന് അപകടത്തിന്റെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. മണിക്കൂറിൽ 130 കിലോമീറ്ററോളം വേഗത്തിൽ പാഞ്ഞുവരുന്ന ഒരു ട്രെയ്ൻ തെറ്റായ ട്രാക്കിലേക്കു കയറുക, അവിടെ കിടന്നിരുന്ന ഗുഡ്സ് ട്രെയ്നിൽ ഇടിച്ചു മറിഞ്ഞ് ബോഗികൾ സമീപത്തെ ട്രാക്കിലേക്ക് അടക്കം പലയിടത്തേക്കു തെറിച്ചു വീഴുക, ഏതാണ്ട് അതേ വേഗത്തിൽ പാഞ്ഞുവന്ന മറ്റൊരു ട്രെയ്ൻ ഈ ബോഗികളിൽ ഇടിച്ച് പാളം തെറ്റുക- എല്ലാം സംഭവിക്കുന്നത് മിനിറ്റുകൾക്കുള്ളിലാണ്. അപകടത്തിൽ മരിച്ചവരിൽ പലരെയും ഇനിയും തിരിച്ചറിയാനുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടതുണ്ട്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളിൽ എത്തിയിട്ടുള്ളവർക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനുണ്ട്. ഇതിനെല്ലാം ഒപ്പം എന്തുകൊണ്ട് ഇങ്ങനെയൊരു ദുരന്തം ഉണ്ടായി എന്നതിനു രാജ്യത്തിനു വ്യക്തമായ ഉത്തരവും കിട്ടേണ്ടതുണ്ട്. ഉത്തരവാദികൾ ആരായാലും അവരെ കണ്ടെത്തേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമാണ്.
പ്രധാന ട്രാക്കിലൂടെ പോകേണ്ടിയിരുന്ന ഷാലിമാർ- ചെന്നൈ കൊറമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയ്ൻ നിർത്തിയിട്ടിരുന്ന ലൂപ്പ് ലൈനിലേക്ക് ട്രാക്ക് മാറിക്കയറിയതാണ് അപകടത്തിനു കാരണമായത്. അതുകൊണ്ടുതന്നെ ഈ എക്സ്പ്രസിന് ട്രാക്ക് തെറ്റിയത് എങ്ങനെ എന്നു കണ്ടുപിടിക്കുന്നതാണ് അന്വേഷണത്തിൽ ഏറ്റവും പ്രധാനം. ഇലക്ട്രോണിക് ഇന്റർലോക്കിങ് സിസ്റ്റത്തിലുണ്ടായ മാറ്റമാണ് ട്രാക്ക് തെറ്റുന്നതിനു കാരണമായതെന്ന് ഇന്നലെ റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുകയുണ്ടായി. റെയ്ൽവേ സുരക്ഷാ കമ്മിഷണർ അപകടകാരണം പരിശോധിച്ചപ്പോഴാണ് ഇങ്ങനെയൊരു സൂചന ലഭിച്ചിരിക്കുന്നത്. ചില സിഗ്നലിങ് പ്രശ്നങ്ങളാണ് അപകടം വരുത്തിവച്ചതെന്നു റെയ്ൽവേ വൃത്തങ്ങളും സൂചിപ്പിക്കുന്നുണ്ട്. സംവിധാനങ്ങളിലുണ്ടായ പിഴവിനു പിന്നിൽ ആരാണ് എന്നതാണ് ഇനി വ്യക്തമാവേണ്ടത്. ഉദ്യോഗസ്ഥരുടെ അലംഭാവം അപകടത്തിനു കാരണമായിട്ടില്ലെന്നാണ് റെയ്ൽവേ അവകാശപ്പെടുന്നത്. അട്ടിമറി സാധ്യതകളിലേക്കും അവർ വിരൽ ചൂണ്ടുന്നുണ്ട്. പുറത്തുനിന്നുള്ള ക്രിമിനലുകൾ ഇന്റർലോക്കിങ് സിസ്റ്റത്തിൽ കടന്നുകയറി അട്ടിമറിക്കു വഴിയൊരുക്കിയെന്ന സംശയം ഉയരുന്നതായി റെയ്ൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാവണം റെയ്ൽവേ ബോർഡ് സിബിഐ അന്വേഷണം ശുപാർശ ചെയ്തത്.
സുരക്ഷാ പാളിച്ചയ്ക്ക് റെയ്ൽവേയും കേന്ദ്ര സർക്കാരും നിശിത വിമർശനം നേരിടുന്നതിനിടെയാണ് അട്ടിമറി സാധ്യതകളും ഉയർന്നു വന്നിട്ടുള്ളത്. എന്തായാലും എല്ലാ സാധ്യതകളും വിശദമായി പരിശോധിക്കപ്പെടണം. അതിനൊപ്പം സാങ്കേതിക വിദ്യകളിൽ പാളിച്ചകളുണ്ടായെങ്കിൽ അതും വിലയിരുത്തണം. ഏതാനും ദിവസങ്ങൾക്കകം മറ്റു വിഷയങ്ങളിലേക്കു ശ്രദ്ധ തിരിയുകയും അപകടത്തിനു കാരണമായ ഘടകങ്ങൾ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായിക്കൂടാ. ഈ അപകടം ഉയർത്തുന്ന സുരക്ഷാ ആശങ്കകൾ റെയ്ൽവേയും സർക്കാരും അവഗണിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. ഉദ്യോഗസ്ഥരുടെ പിഴവല്ല, പുറത്തുനിന്നുള്ള ഇടപെടലുകളാണു സംവിധാനം തകരാറിലാക്കിയതെങ്കിൽ സുരക്ഷാ ആശങ്കകൾ വർധിക്കുകയാണു ചെയ്യുന്നത്.
ഇന്ത്യൻ റെയ്ൽവേയുടെ വികസനക്കുതിപ്പിനെക്കുറിച്ചുള്ള അവകാശവാദങ്ങൾക്ക് ഒരു കുറവുമില്ലാത്ത കാലത്താണ് ഇതുപോലൊരു ദുരന്തമുണ്ടാവുന്നത്. നാടെങ്ങും വന്ദേഭാരത് ട്രെയ്നുകൾ അതിവേഗത്തിൽ കുതിച്ചുപായുന്നതിലേക്കാണ് റെയ്ൽവേ നീങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതിക വിദ്യയിലും അത്ഭുതകരമായ മുന്നേറ്റത്തെക്കുറിച്ചാണ് അവകാശപ്പെടുന്നത്. അതിനിടയിലും ഇതുപോലൊരു അപകടമുണ്ടാവാൻ സാധ്യത നിലനിൽക്കുന്നു എന്നത് കൂടുതൽ പരിശോധനകൾ ആവശ്യപ്പെടുന്നതാണ്. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ റെയ്ൽവേ കാണിക്കുന്ന അവഗണനയുടെ ഫലമാണ് ഈ അപകടമെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിലെ പിഴവുകളെക്കുറിച്ച് ഏതാനും മാസം മുൻപു തന്നെ സൗത്ത് വെസ്റ്റേൺ റെയ്ൽവേയുടെ ചീഫ് ഓപ്പറേറ്റിങ് മാനെജർ മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ലോക്കോ പൈലറ്റിന്റെ ജാഗ്രത മൂലം ഒരപകടം ഒഴിവായപ്പോഴാണ് ഇനിയും പിഴവ് ആവർത്തിക്കാമെന്ന മുന്നറിയിപ്പ് ബന്ധപ്പെട്ടവർക്കു നൽകിയതത്രേ. എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു കിട്ടിയിട്ടും എന്തുകൊണ്ട് റെയ്ൽ മന്ത്രാലയം അവഗണിച്ചുവെന്ന ചോദ്യം പ്രതിപക്ഷത്തുനിന്ന് ഉയരുന്നുണ്ട്.
രണ്ടു ട്രെയ്നുകൾ ഒരേ പാളത്തിലൂടെ നേർക്കുനേർ വന്നാൽ അപകടമൊഴിവാക്കാൻ കഴിയുന്ന "കവച്' സംവിധാനം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത് മുൻപ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഈ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ 2012ൽ ആരംഭിച്ചതാണ്. 2016ൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. കൂട്ടിയിടി ഒഴിവാക്കാനുള്ള ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ സാങ്കേതിക വിദ്യയാണ് കവച് എന്നായിരുന്നു അവകാശവാദം. എന്നാൽ, ഈ സംവിധാനം രണ്ടു ശതമാനം റൂട്ടുകളിൽ മാത്രമാണ് ഇതുവരെ നടപ്പാക്കിയിട്ടുള്ളത്. ഇപ്പോൾ അപകടമുണ്ടായ റൂട്ടിലും "കവച്' സംവിധാനമില്ല. എന്നാൽ, കവച് സംവിധാനം ഉണ്ടെങ്കിലും ഈ അപകടം ഒഴിവാകുമായിരുന്നില്ലെന്നാണ് റെയ്ൽവേ അധികൃതർ അവകാശപ്പെടുന്നത്. ചുരുങ്ങിയ ദൂരത്തിനുള്ളിൽ വളരെപ്പെട്ടെന്നാണ് അപകടമുണ്ടായത്. ട്രെയ്നുകൾ അതിവേഗത്തിലുമായിരുന്നു. അതിനാൽ തന്നെ കവചിന് പ്രവർത്തിക്കാൻ വേണ്ട സമയം കിട്ടില്ലെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. അതെന്തായാലും വളരെ ഫലപ്രദമെന്ന് അവകാശപ്പെട്ട് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സുരക്ഷാ സംവിധാനം നടപ്പാക്കുന്നതിൽ അലംഭാവം കാണിക്കാതിരിക്കേണ്ടത് ആവശ്യമാണ്.