പഞ്ചാബിൽ വിഘടനവാദവും ഭീകരപ്രവർത്തനവും ഉയർത്തിയ ഭീഷണികൾക്ക് അന്ത്യം കുറിച്ചിട്ട് ഏതാണ്ട് നാലു പതിറ്റാണ്ടായി. ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള ഖാലിസ്ഥാൻ ഭീകരർ ഉയർത്തിയ ഭീഷണി വളരെ വലുതായിരുന്നു. സിക്കുകാർക്ക് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ട് രംഗത്തെത്തിയ ഭീകരവാദികൾ ദേശീയ സുരക്ഷ അപകടത്തിലാക്കിയപ്പോഴാണ് 1984ൽ ഇന്ത്യൻ സേനയ്ക്ക് ബ്ലൂസ്റ്റാർ ഓപ്പറേഷൻ വേണ്ടിവന്നത്.
സുവർണ ക്ഷേത്രത്തിൽ നിന്നു ഭീകരരെ പിടികൂടാനുള്ള സൈനിക നീക്കം ഇന്ത്യൻ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. ഭീകരർ ക്ഷേത്രത്തിൽ ആയുധങ്ങൾ സംഭരിക്കുക വരെയുണ്ടായി. സായുധകലാപത്തിന് ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാനുള്ള ഭീകരവാദികളുടെ നീക്കം തടയാൻ സൈന്യത്തിനു ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടിവന്നു. ഭിന്ദ്രൻവാല അടക്കമുള്ള ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തു.
ഖാലിസ്ഥാൻ ഭീകരവാദികളെ തുടച്ചുനീക്കിയ ഓപ്പറേഷനു ശേഷമാണ് ആ വർഷം തന്നെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചത്. സുവർണക്ഷേത്രത്തിൽ സൈന്യം കയറിയതിനു പ്രതികാരമെന്ന നിലയിലാണ് ഈ അംഗരക്ഷകർ ഇന്ദിര ഗാന്ധിയുടെ ജീവനെടുത്തത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ചതിന് ഒരു പ്രധാനമന്ത്രിക്കു സ്വന്തം ജീവൻ തന്നെ നൽകേണ്ടിവന്നു എന്നതാണ് ഖാലിസ്ഥാൻ പ്രസ്ഥാനത്തെക്കുറിച്ച് ഓർക്കുമ്പോൾ ഓരോ രാജ്യസ്നേഹിയുടെയും മനസിലെത്തുക. പ്രധാനമന്ത്രിയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് ഡൽഹിയിലുണ്ടായ കലാപങ്ങളിൽ നിരവധിയാളുകളുടെ ജീവനും നഷ്ടമായി. ഇന്ത്യ വിഭജനത്തിനു ശേഷം രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വംശീയ കലാപമായി അതു മാറി.
ഇപ്പോൾ വീണ്ടും ഖാലിസ്ഥാൻ തീവ്രവാദത്തെക്കുറിച്ചു വാർത്തകൾ വരുമ്പോൾ ആശങ്ക ഉയരാതെ വയ്യ. അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമായി ഇതു മാറിയിരിക്കുന്നു. രണ്ടാം ഭിന്ദ്രൻവാല എന്ന് അറിയപ്പെടുന്ന ഖാലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സമാധാനപരമായ ജീവിതം നയിക്കുന്ന മുഴുവൻ ജനങ്ങളെയും ആശങ്കപ്പെടുത്തുക. തട്ടിക്കൊണ്ടുപോകൽ കേസിൽ തന്റെ സഹായിയെ അറസ്റ്റ് ചെയ്തതിന് അമൃത്പാലും സംഘവും അമൃത്സറിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആയുധങ്ങളുമായി ആക്രമിച്ചത് ഏതാനും ദിവസം മുൻപാണ്. പ്രതിയെ മോചിപ്പിക്കാമെന്ന് പൊലീസിനെക്കൊണ്ട് അവർ സമ്മതിപ്പിച്ചു എന്നാണു റിപ്പോർട്ട്. അതിനു ശേഷം ഒരാഴ്ചയോളമായി പൊലീസ് ഇയാളെ തേടുകയായിരുന്നു. പൊലീസ് നീക്കം അറിഞ്ഞ് രക്ഷപെടാൻ അമൃത്പാലിനെ സഹായിച്ചവർ അറസ്റ്റിലായിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ദിര ഗാന്ധിയുടെ ഗതി വരുമെന്നു ഭീഷണി മുഴക്കുകയുണ്ടായി അമൃത്പാൽ സിങ്. പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചിട്ടുള്ള ഇയാളുടെ പല രൂപങ്ങളിലുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പഞ്ചാബിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തേണ്ടിവന്നു. "വാരിസ് പഞ്ചാബ് ദേ' (പഞ്ചാബിന്റെ അവകാശികൾ) എന്നു പേരുള്ള സംഘടനയെ ഇപ്പോൾ നിയന്ത്രിക്കുന്നത് അമൃത്പാലാണ് എന്നു പൊലീസ് വ്യക്തമാക്കുന്നുണ്ട്. 2021ൽ അഭിഭാഷകനും നടനും ആക്റ്റിവിസ്റ്റുമായ സന്ദീപ് സിദ്ധു എന്ന ദീപ് സിദ്ധു ആരംഭിച്ച സംഘടനയാണിത്. പഞ്ചാബിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സംഘടന എന്നായിരുന്നു വിശേഷണം.
2022 ഫെബ്രുവരിയിലെ കാർ അപകടത്തിൽ സിദ്ധു മരിച്ചതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് അമൃത്പാൽ "വാരിസ് പഞ്ചാബ് ദേ'യുടെ തലവനായി ചുമതലയേൽക്കുന്നത്. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയ നിരവധിയാളുകളെ സാക്ഷിയാക്കിയാണ് ഭിന്ദ്രൻവാലയെപ്പോലെ വേഷം ധരിച്ചെത്തിയ ഇയാൾ സംഘടനയുടെ തലവനായി ചുമതലയേറ്റത്. സിദ്ധുവിന്റെ കുടുംബം പക്ഷേ അമൃത്പാലിന്റെ നിയമനം അംഗീകരിച്ചിട്ടില്ലെന്നു പറയുന്നു. സിഖുകാർ ഇപ്പോഴും അടിമകളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടണമെന്നുമൊക്കെ ആഹ്വാനം ചെയ്യുന്ന ഇയാൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിലാണു മുഴുകിയിരിക്കുന്നത്. എത്രയും വേഗം ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക തന്നെ വേണം.
ഭിന്ദ്രൻവാലയുടെ ആശയങ്ങൾ തിരിച്ചുവരാനുള്ള ഒരു സാധ്യതയും പഞ്ചാബിന്റെ ഒരു ഭാഗത്തും ഉണ്ടാവാതെ നോക്കേണ്ടതുണ്ട്. പഞ്ചാബിന്റെ സ്വസ്ഥത നഷ്ടപ്പെടുത്താനുള്ള ഏതാനും ചിലരുടെ ശ്രമങ്ങൾ അവഗണിച്ചാൽ അതു പിന്നീട് വലിയ തലവേദനയായി മാറിയേക്കാം. അതിന് ഇടവരാതിരിക്കണം. ഇതിനൊപ്പം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതു പോലുള്ള നടപടികൾ ഒഴിവാക്കുകയും വേണം. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണു പഞ്ചാബ്. അവിടെ വിഘടനവാദം വളർത്താനുള്ള ഏത് അവസരവും പാക്കിസ്ഥാൻ ഉപയോഗിച്ചേക്കാം. അതുകൊണ്ടുതന്നെ അതീവ ജാഗ്രത ആവശ്യമാണ്.