ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് ഉയർന്ന തീയും പുകയും ദിവസങ്ങൾക്കു ശേഷം അടങ്ങിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളം പ്രധാനമായി ചർച്ച ചെയ്തത് മാലിന്യ മലയ്ക്കു തീപിടിച്ചുണ്ടായ വൻ ദുരന്തത്തെക്കുറിച്ചു തന്നെയാണ്. ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്ന ഈ വൻ ദുരന്തം മനുഷ്യനിർമിതമാണെന്ന ആരോപണം ഒട്ടും ഗൗരവം കുറച്ചു കാണേണ്ടതല്ല. അത് ആവർത്തിച്ചു തന്നെ അധികാരികളെ ഓർമപ്പെടുത്തേണ്ടതുണ്ട്. എന്തുകൊണ്ട് ഇങ്ങനെയൊരു വിഷപ്പുക ദുരന്തം ജനങ്ങൾക്കുണ്ടായി എന്നതിൽ ഒരു ശതമാനം പോലും സംശയമില്ലാത്ത ഉത്തരം കിട്ടേണ്ടതുണ്ട്. കുറ്റക്കാർ ആരായാലും അവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്കു പരിഹാരവും കാണേണ്ടതുണ്ട്.
പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ സർവെ ആരംഭിച്ചിട്ടുണ്ട്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ ചികിത്സയ്ക്ക് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അവകാശപ്പെടുകയുണ്ടായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നത് ജനങ്ങളിൽ ആത്മവിശ്വാസം പകരാൻ സഹായിക്കും. അവരുടെ പ്രവർത്തനങ്ങൾ പേരിനു മാത്രമായി മാറാതിരിക്കട്ടെ. കൊച്ചിയിൽ വിഷപ്പുകയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു തുടർ പഠനങ്ങളും പരിശോധനകളും അനിവാര്യമാണ്. ഏതാനും ദിവസത്തെ നിരീക്ഷണം കൂടി കഴിഞ്ഞ് എല്ലാം അവസാനിപ്പിക്കാനാവില്ല എന്നതാണ് സർക്കാരും കോർപ്പറേഷനും ഓർക്കേണ്ടത്.
തീപിടിത്തത്തിൽ പുറത്തുവന്നിട്ടുണ്ടാകാവുന്ന രാസപദാർഥങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്. ഡയോക്സിനുകളുടെ സാന്നിധ്യം സംബന്ധിച്ച പഠനമാണ് ഇതിൽ പ്രധാനം. പലതരം ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാവുന്നതാണ് ഡയോക്സിൻ സാന്നിധ്യം. അപകടകരമായ രീതിയിൽ അതു നിലനിൽക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിഷ വായുവുമായി ബന്ധപ്പെട്ട് കൊച്ചിക്കാരുടെ ആശങ്കകൾ മുഴുവൻ പരിഹരിക്കപ്പെടും വരെ അവർക്കൊപ്പം ഔദ്യോഗിക സംവിധാനങ്ങളുണ്ടാവണം.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ വളരെയധികം ആശങ്ക ഉളവാക്കുന്നതാണ്. മാലിന്യ സംസ്കരണത്തിനു വേണ്ട സൗകര്യങ്ങൾ ബ്രഹ്മപുരം പ്ലാന്റിൽ ഇല്ലെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്. ബയോ മൈനിങ് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള യന്ത്രങ്ങളും അവിടെയില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള യന്ത്രങ്ങളോ സൗകര്യങ്ങളോ ഇല്ല. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്കരണം നിയമപരമായല്ല നടക്കുന്നതെന്നും സമിതി കണ്ടെത്തിയിരിക്കുന്നു. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സൗകര്യമില്ലാത്ത ബ്രഹ്മപുരത്ത് കമ്പോസ്റ്റിങ്ങിനുള്ള സൗകര്യം തന്നെ അപര്യാപ്തമെന്നാണു പറയുന്നത്. മലിനജലം സംസ്കരിക്കാനുള്ള സംവിധാനമില്ല, വേണ്ടത്ര സിസിടിവി സംവിധാനമില്ല എന്നൊക്കെ അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എത്ര മോശമായാണ് ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടന്നിരുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് ഇനി ആവശ്യമാണോ. ജനവാസ മേഖലയ്ക്ക് തൊട്ടടുത്തുള്ള മാലിന്യ പ്ലാന്റ് എത്രയധികം ഗൗരവത്തിലും ശാസ്ത്രീയമായുമാണ് പ്രവർത്തിക്കേണ്ടിയിരിക്കുന്നത്. ഗുരുതരമായ വീഴ്ചകളാണ് പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നത്. ഇനി കേരളത്തിൽ ഒരിടത്തും ഇത്തരം വീഴ്ചകൾ ആവർത്തിച്ചുകൂടാ. അതിന് അടിയന്തരമായി നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അധികൃതരെ ഉണർത്തണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകുക തന്നെ വേണം. കടമ്പ്രയാറിലെ വെള്ളത്തിന്റെ സാംപിള്‍ 24 മണിക്കൂറിനകം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനാണു കോടതി നിർദേശിച്ചിരിക്കുന്നത്. സമീപ സ്ഥലങ്ങളിലെ ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മപുരത്ത് കുന്നുകൂടിയ മാലിന്യങ്ങൾ സമീപമുള്ള കടമ്പ്രയാറിലേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുണ്ടെന്നു നിരീക്ഷണ സമിതി അഭിപ്രായപ്പെട്ടതായാണു റിപ്പോർട്ടുകൾ.
തീപിടിത്തമുണ്ടായതിനെത്തുടർന്ന് കരാറുകാരും കോർപ്പറേഷനും പരസ്പരം കുറ്റാരോപണവുമായി രംഗത്തുവരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നാണു കരാറുകാർ പറയുന്നത്. തീ അണയ്ക്കാനുള്ള ഉത്തരവാദിത്വം കോർപ്പറേഷനാണെന്നും അവർ അവകാശപ്പെടുന്നുണ്ട്. അതേസമയം, തീപിടിത്ത മുന്നറിയിപ്പ് കരാറുകാർക്കു നൽകിയിരുന്നുവെന്ന് കോർപ്പറേഷൻ അവകാശപ്പെടുന്നു. ഇതു സംബന്ധിച്ചുള്ളതെന്നു പറയുന്ന രണ്ടു കത്തുകളും വ്യാജമാണെന്നാണ് കരാറുകാർ അതിനു പറയുന്ന മറുപടി. ആർക്ക് എന്ത് ഉത്തരവാദിത്വമാണുള്ളതെന്നുപോലും ജനങ്ങൾക്കു വ്യക്തതയില്ലാത്തവിധം കലങ്ങിമറിഞ്ഞു കിടക്കുകയാണ് വിഷയം. എത്രയും വേഗം ഇതിലൊക്കെ ഒരു വ്യക്തത ഉണ്ടാവേണ്ടതാണ്. എന്നിട്ടു വേണമല്ലോ കുറ്റക്കാരെ കണ്ടെത്താൻ.