ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തം കൊച്ചി നഗരവാസികളെ വലയ്ക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളായി. തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പുക എറണാകുളം ജില്ല കടന്ന് ആലപ്പുഴയിലെ അരൂരിലേക്കും പടർന്നു എന്നാണു കാണുന്നത്. കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവ്കോട്, പുത്തന്കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കൊച്ചി കോർപ്പറേഷന് എന്നിവിടങ്ങളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾക്കും അംഗനവാടികൾ, കിന്റർഗാർഡന് എന്നിവയ്ക്കും കഴിഞ്ഞ ദിവസം ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിക്കേണ്ട അവസ്ഥയുണ്ടായി. എന്നാൽ, ചെറിയ കുട്ടികൾക്കു മാത്രമല്ല യുവാക്കൾക്കും പ്രായമായവർക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ മാലിന്യപ്പുക മൂലം ഉണ്ടായിട്ടുണ്ട്. തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ, ശ്വാസംമുട്ടൽ, ഛർദ്ദി, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളാൽ ആളുകൾ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവന്നു.
പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞു കത്തുന്നതാണു പ്രതിസന്ധിയുണ്ടാക്കുന്നതെന്നാണ് അഗ്നിരക്ഷാ സേന ചൂണ്ടിക്കാണിക്കുന്നത്. നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കവും ഇതിനിടെ പ്രതിസന്ധിയിലായിരിക്കുന്നു. മാലിന്യം താത്കാലികമായി നിക്ഷേപിക്കാൻ കോർപ്പറേഷൻ ചില സ്ഥലങ്ങൾ കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല. തീ പൂർണമായി അണച്ച ശേഷം മാത്രമാകും താത്കാലിക കേന്ദ്രത്തിൽ നിന്ന് മാലിന്യം ബ്രഹ്മപുരത്തേക്കു മാറ്റുകയെന്നാണു കേൾക്കുന്നത്. അല്ലെങ്കിൽ തന്നെ ചർച്ചാവിഷയമാണ് കൊച്ചി നഗരത്തിലെ മാലിന്യപ്രശ്നം. രാജ്യത്ത് വായു മലിനീകരണത്തോത് ഉയർന്ന നിലയിലുള്ള നഗരങ്ങളുടെ ലിസ്റ്റിലാണു കൊച്ചിയുള്ളത്. നഗരത്തിലെ അവസ്ഥ ഒന്നുകൂടി മോശമാക്കുകയാണ് ഇത്തരം വിഷപ്പുകച്ചുരുളുകൾ.
മാലിന്യപ്പുകയിൽനിന്നുള്ള ആശ്വാസത്തിന് അധികൃതർ നിർദേശിക്കുന്ന മാർഗം ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ്. ശ്വാസം മുട്ടലും ആസ്മയും ഉള്ളവരും ഗർഭിണികളും കുട്ടികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. നിങ്ങളുടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കണം എന്നു പറയുന്നതു ന്യായം. പക്ഷേ, ഇങ്ങനെയൊരു ദുരന്തത്തിലേക്ക് എങ്ങനെ കൊച്ചി നീങ്ങി എന്ന കാര്യത്തിൽ കൃത്യമായ ഉത്തരം കിട്ടേണ്ടതുണ്ട്. ഇതിനു കാരണക്കാരായവർ ആരു തന്നെയായാലും ശിക്ഷിക്കപ്പെടേണ്ടതുമുണ്ട്. ഇനിയും ഇതുപോലുള്ള വിഷപ്പുക ശ്വസിക്കാൻ ജനങ്ങളെ വിട്ടുകൊടുക്കരുത്. അത് ഉറപ്പാക്കുന്നത് സർക്കാരിന്റെയും കോർപ്പറേഷന്റെയും പരിപൂർണ ഉത്തരവാദിത്വത്തിലുള്ള വിഷയമാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കു തീപിടിച്ച് നാലുപാടും ഉയരുന്ന വിഷപ്പുക ദിവസങ്ങളോളം ശ്വസിക്കാൻ ജനങ്ങൾ നിർബന്ധിതരായത് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ അട്ടിമറി മൂലമാണെന്ന സംശയം അതീവ ഗൗരവത്തിൽ എടുക്കേണ്ടതാണ്. ഇവിടെ നിന്ന് മാലിന്യങ്ങൾ വേണ്ടവിധം നീക്കം ചെയ്യുന്നില്ലെന്നു നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ വിധത്തിൽ കുന്നുകൂടാൻ ഇടയാക്കിയതാണ് ഇത്ര വലിയ അഗ്നിബാധയ്ക്കു കാരണം. അങ്ങനെ വരുമ്പോൾ ഇതൊരു കുറ്റകൃത്യം തന്നെയാണ്. മനപ്പൂർവമാണോ അല്ലയോ എന്നതിലേ വ്യക്തത ഉണ്ടാവേണ്ടതുള്ളൂ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ ആരോപിച്ചത് കോടികളുടെ അഴിമതിയാണ് ഇതിനു പിന്നിലുള്ളതെന്നാണ്. കരാർ പുതുക്കേണ്ട സമയമായപ്പോൾ മനപ്പൂർവം മാലിന്യങ്ങൾക്കു തീ കൊളുത്തിയിരിക്കുകയാണെന്നാണ് സതീശൻ ആരോപിക്കുന്നത്. ഇതിനു സർക്കാരും കോർപ്പറേഷനും കൂട്ടുനിന്നെന്നും അദ്ദേഹം പറയുന്നുണ്ട്. മാലിന്യ സംസ്കരണത്തിനു കരാർ എടുത്തവർ അവരുടെ ജോലി ചെയ്തിട്ടില്ലെന്നും ഇപ്പോൾ എല്ലാം കൂടി തീ കൊളുത്തുകയാണു ചെയ്തതെന്നുമാണ് ആരോപണം. ജനങ്ങളുടെ മനസിലുള്ള സംശയത്തിന്റെ പുകയ്ക്ക് ശമനമാവണമെങ്കിൽ വിശദവും വിശ്വസനീയവുമായ അന്വേഷണമുണ്ടാവണം. നാടിനെയും ജനങ്ങളെയും വിഷപ്പുകയിൽ മുക്കിയെടുക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അവരെ വെറുതെവിടരുത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനു കത്തയച്ചിട്ടുമുണ്ട്. വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അതിനു പരിഹാരം കാണുന്നതിനായി കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് കത്തിലെ ആവശ്യം. എന്തായാലും ആരെയും രക്ഷിക്കാനല്ലാതെ, സത്യം എന്തെന്നു കണ്ടുപിടിക്കാൻ കഴിയുന്ന അന്വേഷണം ഉണ്ടാവേണ്ടതു തന്നെയാണ്.