സ്വതന്ത്ര ഇന്ത്യയിൽ ജാതിവ്യവസ്ഥക്കെതിരായ പോരാട്ടം വർഷങ്ങളായി തുടരുകയാണ്. പക്ഷേ, ഇന്നും ജാതിയുടെ അടിസ്ഥാനത്തിലുള്ള പീഡനങ്ങൾക്കും വിവേചനത്തിനും അവസാനം കുറിക്കാനായിട്ടില്ല. സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ജാതിയുടെ പേരിൽ അവഗണന അനുഭവിക്കേണ്ടിവരുന്നവർ ഈ രാജ്യത്തു നിരവധിയാണ്. അതു ദുരഭിമാന കൊലപാതകങ്ങൾ വരെ നീളുന്നു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് അഭിമാനിക്കുന്ന രാജ്യത്തു തന്നെയാണ് ഇതൊക്കെ നടക്കുന്നത്. ആളുകളുടെ മനസിൽ നിന്ന് ജാതിചിന്ത ഇപ്പോഴും പൂർണമായി അറ്റുപോയിട്ടില്ലെന്നതു യാഥാർഥ്യമായി നിലനിൽക്കുകയാണ്. ഉന്നത വിദ്യാഭ്യാസം നേടിയവർക്കിടയിൽ പോലും ജാതിചിന്ത ഒഴിഞ്ഞുപോയിട്ടില്ല. തമ്മിൽ ഭേദമാണു കേരളം എന്നു പറയുന്നതിൽ നമുക്ക് അഭിമാനിക്കാം. ജാതിവേർതിരിവുകൾ കുറവായ സംസ്ഥാനം എന്ന നിലയിൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾ കൂടുതലായി കേരളത്തിലേക്കു തൊഴിൽ തേടിയെത്തുന്നു എന്നു ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പക്ഷേ, കേരളവും ജാതി വേർതിരിവുകളിൽ നിന്നു മുഴുവനായി മാറിയിട്ടില്ല.
ജാതി നോക്കി ജയിലുകളിൽ ജോലി ചെയ്യിക്കുന്നതു നിർത്തലാക്കാനും ജയിൽ രജിസ്റ്ററിലെ ജാതിക്കോളം ഒഴിവാക്കാനും സുപ്രീം കോടതി ഉത്തരവിട്ടതു കഴിഞ്ഞ ദിവസമാണ്. കേരളം അടക്കം 11 സംസ്ഥാനങ്ങളിലെ ജയിലുകളിൽ ഇപ്പോഴും ജാതിവിവേചനം ഉണ്ടെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ സംസ്ഥാനങ്ങളിലെ ജയിൽ ചട്ടത്തിലെ വിവാദ വ്യവസ്ഥകളാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. സർക്കാർ സംവിധാനങ്ങളിൽ തന്നെ ജാതി സ്വാധീനം ചെലുത്തുന്നു എന്നതാണ് ഇതിൽ നിന്നു വ്യക്തമാവുക. ജയിൽ രജിസ്റ്ററിൽ എന്തിനാണു ജാതിക്കോളം എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതു നിർബന്ധമായും ഒഴിവാക്കേണ്ടതു തന്നെയാണ്. തടവുകാരെ ജാതിയടിസ്ഥാനത്തിൽ തിരിച്ചുകാണുന്നതിനുള്ള ഒരു സൗകര്യവും ആർക്കും ചെയ്തുകൊടുക്കേണ്ടതില്ല.
അതുപോലെ തന്നെയാണ് ജയിലുകളിലെ ജോലി ജാതിയടിസ്ഥാനത്തിൽ വീതം വച്ചു നൽകുന്നതും. അടിച്ചുവാരുന്നതും മറ്റു ശുചീകരണ ജോലികൾ നടത്തുന്നതും പിന്നാക്ക ജാതിക്കാർക്കും പാചകം തുടങ്ങിയ ജോലികൾ മുന്നാക്ക ജാതിക്കാർക്കുമായി മാറ്റിവയ്ക്കുന്നത് അവസാനിപ്പിക്കണമെന്നാണു കോടതിയുടെ നിർദേശം. ഇത്തരത്തിലുള്ള വീതംവയ്പ്പ് ഭരണഘടനാ വിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. തൊട്ടുകൂടായ്മയുടെ ഒരു ഭാഗമാണ് ജാതിയടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനം. തുല്യതയ്ക്കുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. പരിഷ്കൃത സമൂഹങ്ങൾക്ക് ഇതു ചേരുന്നതുമല്ല. ജാതിവിവേചനം ഇല്ലാതാക്കാൻ ജയിൽ മാനുവലുകളിൽ ആവശ്യമായ ഭേദഗതികൾ മൂന്നു മാസത്തിനകം വരുത്താനാണു കോടതി നിർദേശിച്ചിരിക്കുന്നത്. ജയിലുകളിൽ ജാതിയടിസ്ഥാനത്തിലുള്ള വിവേചനം തുടർന്നാൽ അതിനു സംസ്ഥാനങ്ങൾ ഉത്തരവാദിയായിരിക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ആവശ്യമായ നടപടികളെടുക്കാൻ കേന്ദ്ര സർക്കാരിനും നിർദേശം നൽകിയിരിക്കുന്നു. എല്ലാവരും തുല്യരായാണു ജനിക്കുന്നത്. ജാതിയുമായി ബന്ധപ്പെട്ട് ജീവിതകാലം മുഴുവൻ ആരും അപമാനം സഹിക്കേണ്ടതില്ല- കോടതി ചൂണ്ടിക്കാണിക്കുന്നു. ചില ജോലികൾ പിന്നാക്ക വിഭാഗക്കാർ ചെയ്യേണ്ടതാണെന്ന തെറ്റായ ധാരണ ജയിലുകളിൽ മാത്രമല്ല ഇപ്പോഴുമുള്ളത്. രാജ്യത്ത് നഗരങ്ങളിൽ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നതു പോലുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ 92 ശതമാനവും പിന്നാക്ക വിഭാഗക്കാരാണെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടു വന്നത് ഏതാനും ദിവസം മുൻപാണ്. ഇതിൽ തന്നെ 69 ശതമാനത്തോളം പട്ടിക ജാതി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ്. എട്ടു ശതമാനത്തിലേറെ പട്ടിക വർഗക്കാരുമുണ്ട്.
ജയിലുകളിൽ ജാതി അടിസ്ഥാനത്തിൽ തൊഴിലുകൾ വിഭജിക്കുന്നതിനെതിരേ കേന്ദ്ര സർക്കാർ നേരത്തേ തന്നെ നിലപാടു സ്വീകരിച്ചിട്ടുള്ളതാണ്. 2016ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്ത മാതൃകാ ജയിൽ മാനുവലിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിച്ചിട്ടുള്ളതാണ്. ആർക്കും ജാതിയുടെ പേരിലുള്ള പ്രത്യേക പരിഗണന നൽകരുതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചില സംസ്ഥാനങ്ങളിലെ ജയിലുകളിൽ ഇപ്പോഴും ജാതി തിരിച്ച് തൊഴിൽ നിശ്ചയിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ വർഷം ആദ്യവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയതാണ്. പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരം), സംസ്ഥാനങ്ങളിലെ ജയിൽ ഡിജി/ഐജി എന്നിവർക്ക് ഈ വർഷം ഫെബ്രുവരിയിലാണ് കേന്ദ്രത്തിന്‍റെ മാതൃകാ ജയിൽ മാനുവൽ ഓർമിപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു നിർദേശം അയച്ചത്. അതിനുശേഷവും മാറ്റങ്ങളുണ്ടായില്ല. സർക്കാർ സംവിധാനങ്ങളുടെ ആത്മാർഥതയില്ലായ്മയാണ് ഇതിൽ സംശയിക്കപ്പെടുന്നത്. കൊളോണിയൽ രീതികളും സമ്പ്രദായങ്ങളുമൊക്കെ മാറ്റാൻ മടിയുള്ള സംവിധാനങ്ങളാണു നമുക്ക് ഇപ്പോഴുമുള്ളത്. സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലെങ്കിലും ഈ ജാതി വിവേചനം ഇല്ലാതാവട്ടെ. ഇനിയും ഈ വിഷയം ഉയർന്നുവരാനേ പാടില്ല.