കേന്ദ്ര സർക്കാർ വയനാടിനെ കൈവിടരുത്|മുഖപ്രസംഗം

വീടും കൃഷിയും ഭൂമിയും മുഴുവൻ സമ്പാദ്യങ്ങളും ഉരുൾ തട്ടിയെടുത്ത ഹതഭാഗ്യരായ ആളുകളോട് അനുകമ്പ കാണിക്കേണ്ടത് സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ഉത്തരവാദിത്വമാണ്
Central government should not abandon Wayanad
കേന്ദ്ര സർക്കാർ വയനാടിനെ കൈവിടരുത്|മുഖപ്രസംഗം
Updated on

സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. നാഞ്ഞൂറോളം പേരുടെ ജീവനെടുക്കുകയും നൂറിലധികം ആളുകളെ കാണാതാവുകയും ചെയ്ത ഉരുൾപൊട്ടലിന്‍റെ ആഘാതം മറക്കാൻ പെട്ടെന്നൊന്നും ആ നാടിനു കഴിയില്ല. സർവവും നഷ്ടപ്പെട്ട നൂറുകണക്കിനാളുകളാണ് ജീവിതം തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടുന്നത്.

വീടും കൃഷിയും ഭൂമിയും മുഴുവൻ സമ്പാദ്യങ്ങളും ഉരുൾ തട്ടിയെടുത്ത ഹതഭാഗ്യരായ ആളുകളോട് അനുകമ്പ കാണിക്കേണ്ടത് സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ഉത്തരവാദിത്വമാണ്. കേന്ദ്ര സർക്കാർ അതിനു തയാറാവുന്നില്ലെന്നു തോന്നിപ്പിക്കുന്നത് കേരളത്തെ വളരെയേറെ നിരാശപ്പെടുത്തുന്നുണ്ട്. ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനു നൽകിയ കത്തിലാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നു വ്യക്തമാക്കുന്നത്.

വയനാടിനു ലഭിക്കാവുന്ന പ്രത്യേക സഹായങ്ങൾ പലതും ഇതുമൂലം ലഭ്യമാവില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വയനാടിനെ കേന്ദ്രം കൈയൊഴിയുന്നു എന്ന തോന്നലാണു പൊതുവിൽ ഉണ്ടാവുന്നത്. അങ്ങനെയൊരു ചിന്തയിലാണ് കേന്ദ്ര സർക്കാരുള്ളതെങ്കിൽ അത് എത്രയും പെട്ടെന്നു തിരുത്തണം. കേരളത്തിനു പ്രത്യേക സഹായം അനുവദിക്കുക തന്നെ വേണം. ദുരിതബാധിതർക്കുള്ള സഹായം ഉൾപ്പെടെ നൽകേണ്ടത് സംസ്ഥാനങ്ങൾക്കു കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടിൽ നിന്നാണെന്ന് കെ.വി. തോമസിനു നൽകിയ കത്തിൽ കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്തിന്‍റെ തന്നെ വിഹിതമായ 96.80 കോടി രൂപ സഹിതം 388 കോടി രൂപ നടപ്പു സാമ്പത്തിക വർഷത്തേക്ക് സംസ്ഥാന സർക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനത്തിന്‍റെ ദുരിതാശ്വാസ ഫണ്ടിൽ 394.99 കോടി രൂപ മിച്ചമുണ്ടെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഈ തുക വയനാടിനു വേണ്ടി ഉപയോഗിക്കാമെന്നതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തടസം വരേണ്ടതില്ലെന്നാണു കേന്ദ്രത്തിന്‍റെ വാദം. സംസ്ഥാനത്തിന്‍റെ പക്കൽ പണമുണ്ട് എന്നതിനാൽ ഞങ്ങൾ സഹായിക്കില്ല എന്ന സൂചനയാണ് മന്ത്രി നൽകുന്നതെങ്കിൽ അതു കേരളത്തോടു കാണിക്കുന്ന അനീതിയായി മാത്രമേ കാണാൻ കഴിയൂ.

വയനാട് പാക്കെജിനു വേണ്ടിയുള്ള കേരളത്തിന്‍റെ കാത്തിരിപ്പ് വെറുതെയായി പോകരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്തബാധിതരെ കണ്ടപ്പോൾ അദ്ദേഹം നൽകിയ ഉറപ്പ് പണം ഇല്ലെന്ന തടസം ഒന്നിനും ഉണ്ടാവില്ല എന്നായിരുന്നു. കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്ന വിശ്വാസമാണ് അതുണ്ടാക്കിയത്. പക്ഷേ, അതിനു ശേഷം കാര്യമായ സഹായം വയനാടിനു കേന്ദ്രത്തിൽ നിന്നു കിട്ടിയിട്ടില്ല. സാധ്യമായ എല്ലാ സഹായവും നൽകുമെന്നു പറയുന്നതല്ലാതെ ഒന്നും പ്രഖ്യാപിക്കുന്നില്ല.

ഇന്നലെയും ഹൈക്കോടതിയിൽ ഈ വിഷയം ഉയർന്നുവന്നതാണ്. അപ്പോൾ കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനം എടുക്കുമെന്നാണ്. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്‍റെ റിപ്പോർട്ട് ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും ആ സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ സമിതിയുടെ യോഗം ചേരാനുള്ള നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ട്. കെ.വി. തോമസിനു നൽകിയ കത്തിലൂടെ പുറത്തുവന്നിരിക്കുന്ന കേന്ദ്രം ഒന്നും നൽകില്ല എന്ന ധാരണ തിരുത്തിക്കുറിക്കാൻ വൈകിക്കൂടാ.

ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസം അടക്കം പൂർത്തിയാക്കേണ്ടതുണ്ട്. അതിനു കേന്ദ്ര സഹായം അനിവാര്യമാണ്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളെ താത്കാലികമായി വാടക വീടുകളിലേക്കും മറ്റും മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പുനരധിവാസം എത്രയും പെട്ടെന്നു പൂർത്തിയാക്കുമെന്നാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ് ഇതിനായി നിർമിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക പാക്കെജ് ‍കേരളം കാത്തിരിക്കുന്നുമുണ്ട്.

ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പുനരധിവാസത്തിനുള്ള കേന്ദ്ര സഹായം ആവർത്തിച്ച് അഭ്യർഥിക്കുകയുണ്ടായി. കേരളത്തിന്‍റെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വിശദമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു സമർപ്പിക്കുകയും ചെയ്തു. അതിനു ശേഷവും കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.

മറ്റു പല സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോൾ നൽകിയതുപോലുള്ള സഹായം കേരളത്തിനു കിട്ടിയിട്ടില്ലെന്ന പരാതി നേരത്തേ തന്നെ നിലവിലുണ്ട്. ഈ സാമ്പത്തിക വർഷം പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേന്ദ്രം ഏറ്റവും കൂടുതൽ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്കാണ്. മുൻവർഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2,984 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്കു നൽകിയത്. ഉത്തർപ്രദേശിന് 1,791 കോടിയും മധ്യപ്രദേശിന് 1,686 കോടിയും രാജസ്ഥാന് 1,372 കോടിയും ഒഡീഷയ്ക്ക് 1,485 കോടിയും ഗുജറാത്തിന് 1,226 കോടിയും അനുവദിച്ചു.

ഉത്തരഖണ്ഡിന് 868 കോടി, തമിഴ്നാടിന് 944 കോടി, കർണാടകയ്ക്ക് 732 കോടി എന്നിങ്ങനെ തുക അനുവദിക്കുകയുണ്ടായി. എന്നാൽ, കേരളത്തിനു പ്രകൃതി ദുരന്തം നേരിടാൻ കേന്ദ്ര വിഹിതമായി അനുവദിച്ചത് 291 കോടി രൂപ മാത്രമാണ്. ഉരുൾപൊട്ടലിന്‍റെ വ്യാപ്തി സംബന്ധിച്ചു വിശദമായ കണക്കുകൾ സഹിതം കേരളം സമർപ്പിച്ചിട്ടുള്ള മെമ്മോറാണ്ടം അർഹിക്കുന്ന ഗൗരവത്തിൽ തന്നെ കേന്ദ്രം പരിഗണിക്കണം.

Trending

No stories found.

Latest News

No stories found.