യഥാർഥ നിയന്ത്രണ രേഖയിൽ ചൈന വൻതോതിൽ പ്രതിരോധ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന യുഎസ് പ്രതിരോധ ആസ്ഥാനം പെന്റഗണിന്റെ റിപ്പോർട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ഗൗരവത്തിൽ കാണേണ്ടതാണ്. ഇന്ത്യയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടയിൽ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നമുക്കു ഭീഷണിയാവാതെ നോക്കേണ്ടതുണ്ട്. സമാധാന നീക്കങ്ങൾക്കിടയിലും ചൈനയിൽ നിന്നുള്ള വെല്ലുവിളി അവഗണിക്കാനാവില്ല എന്നർഥം. മണിപ്പുരിലെ കലാപത്തിനു പിന്നിൽ വിദേശ കരങ്ങളുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ചൂണ്ടിക്കാണിച്ചത് കഴിഞ്ഞ ദിവസമാണ്. അവിടത്തെ മെയ്തേയികളെയും കുക്കികളെയും തമ്മിലടിപ്പിച്ച് ഇവിടെ ആഭ്യന്തര സംഘർഷമുണ്ടാക്കുന്നത് വിദേശ ശക്തികൾക്കു ഗുണകരമാവുമെന്ന് ഉറപ്പാണല്ലോ.
രാജ്യത്ത് അശാന്തി വിതയ്ക്കാനുള്ള ലക്ഷ്യം വിദേശ ശക്തികൾക്കുണ്ടെങ്കിൽ അതു തടയാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ഊർജിതപ്പെടുത്തേണ്ടതുമുണ്ട്. മണിപ്പുരിൽ കലാപത്തിനും സൈനികരെ ആക്രമിക്കാനും ചൈനീസ് ആയുധങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിട്ടുള്ളതാണ്. അത്യാധുനിക തോക്കുകളും മറ്റും കലാപകാരികൾക്കു കിട്ടിയിട്ടുണ്ടത്രേ. അതിർത്തിയിൽ പ്രതിരോധ ഒരുക്കങ്ങൾ നടത്തുന്നതിനൊപ്പം ഇന്ത്യയ്ക്കകത്ത് അസ്വസ്ഥത സൃഷ്ടിക്കുക കൂടിയാണ് ചൈന ലക്ഷ്യമിടുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
2022ൽ യഥാർഥ നിയന്ത്രണ രേഖയിൽ സൈനിക വിന്യാസം വർധിപ്പിച്ച ചൈന ഡോക്ലാമിനു സമീപം ഭൂഗർഭ സംഭരണ കേന്ദ്രമുൾപ്പെടെ അടിസ്ഥാന സൗകര്യ നിർമാണം തുടർന്നു, പാംഗോങ് തടാകത്തിൽ രണ്ടാമത്തെ പാലം നിർമിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് പെന്റഗൺ റിപ്പോർട്ടിലുള്ളത്. യഥാർഥ നിയന്ത്രണ രേഖയിലെ മൂന്നു സെക്റ്ററുകളിലും പുതിയ റോഡുകൾ നിർമിച്ചിട്ടുണ്ട്. ഭൂട്ടാനോടു ചേർന്നുള്ള തർക്കപ്രദേശങ്ങളിൽ പുതിയ ഗ്രാമങ്ങൾ നിർമിച്ചു. മധ്യ സെക്റ്ററിൽ നിരവധി ഹെലിപ്പാഡുകളോടെ സൈനിക- സിവിലിയൻ ആവശ്യത്തിനുള്ള വിമാനത്താവളം നിർമിച്ചു. സിൻജിയാങ്, ടിബറ്റ് സൈനിക ജില്ലകളിലെ രണ്ടു ഡിവിഷനുകൾ, പടിഞ്ഞാറൻ സെക്റ്ററിലെ നാലു സംയുക്ത സായുധ ബ്രിഗേഡുകൾ എന്നിവയുടെ പിന്തുണയോടെ ഒരു അതിർത്തി റെജിമെന്റിനെ യഥാർഥ നിയന്ത്രണ രേഖയിൽ കഴിഞ്ഞ വർഷം വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ സെക്റ്ററിലും മധ്യ സെക്റ്ററിലും മൂന്നു സംയുക്ത സായുധ ബ്രിഗേഡുകളെ നിയോഗിച്ചെന്നും പെന്റഗൺ റിപ്പോർട്ടിലുണ്ട്.
ചൈനയുടെ സൈനിക, സുരക്ഷാ നീക്കങ്ങളെക്കുറിച്ചു പറയുന്ന 2023ലെ റിപ്പോർട്ടിലാണ് ഇന്ത്യയ്ക്കു ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാമർശമുള്ളത്. 2020ലെ ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും നടത്തിയ സമാധാന ചർച്ചകൾ കാര്യമായി മുന്നോട്ടുപോയിട്ടില്ല. ഈ സാഹചര്യത്തിൽ ചൈനീസ് നീക്കങ്ങളെ അതീവ ജാഗ്രതയിൽ തന്നെ ഇന്ത്യയ്ക്കു വീക്ഷിക്കേണ്ടതുണ്ട്. ചൈനയിൽ നിന്ന് സങ്കീർണമായ വെല്ലുവിളികളാണു രാജ്യം നേരിടുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞത് അടുത്തിടെയാണ്. സമാധാനം ഉറപ്പിക്കാൻ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമാകാവുന്ന മാർഗമാണ് ഇന്ത്യ നിർദേശിക്കുന്നതെങ്കിലും അതിനോടു ചൈന വേണ്ടത്ര സഹകരിക്കുന്നില്ല. ചൈനയുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ നടപടികളാണ് ഉണ്ടാവുന്നതെന്ന് ജയശങ്കർ ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാവില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയ്ക്ക് ഇപ്പോൾ പ്രവർത്തനക്ഷമമായ 500 ആണവായുധങ്ങളുണ്ടെന്നും 2030 ആകുമ്പോൾ അത് ഇരട്ടിയാകുമെന്നും പെന്റഗൺ റിപ്പോർട്ടിൽ പറയുമ്പോൾ അതിർത്തിയിലെ ഭീഷണി ഇന്ത്യയ്ക്ക് ഒട്ടും ഗൗരവം കുറച്ചു കാണാനാവില്ല.