ഓരോ ദിവസവും പലവിധത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഭയപ്പെടുത്തുന്ന വാർത്തകളാണു സംസ്ഥാനം കേട്ടുകൊണ്ടിരിക്കുന്നത്. ക്രിമിനലുകൾ അസാധാരണമായ വിധത്തിൽ അഴിഞ്ഞാടുന്ന സംഭവങ്ങൾ മുതൽ വലുതും ചെറുതുമായ നിരവധി കുറ്റകൃത്യങ്ങൾ നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കുറ്റകൃത്യങ്ങൾ വല്ലാതെ പെരുകുന്ന സംസ്ഥാനം എന്നു തന്നെ കേരളത്തെ കണക്കാക്കേണ്ട സാഹചര്യമാണ്. വ്യാപകമായ തോതിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ഇതിനൊരു കാരണമായി മാറുന്നുണ്ടെന്നും മനസിലാക്കാവുന്നതാണ്. മറ്റു പല കാര്യങ്ങളിലും രാജ്യത്തിനും ലോകത്തിനും മാതൃകയാണു കേരളം എന്നു പറയുമ്പോഴും കുറ്റകൃത്യങ്ങളിലെ വർധന നിയന്ത്രിക്കാനാവുന്നില്ലെന്നത് വസ്തുതയായി തുടരുന്നു. കേരളം എങ്ങോട്ടാണു പോകുന്നതെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ നന്നായി വിലയിരുത്തേണ്ടിയിരിക്കുന്നു. മുൻപ് പരിചയമില്ലാത്ത വിധത്തിലുള്ള ക്രൂരകൃത്യങ്ങൾ പലതു കാണുകയാണ് സംസ്ഥാനം ഇന്ന്.
ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് എത്ര കുറ്റകൃത്യങ്ങളാണ്. തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചത് യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിന്‍റെ തുടർച്ചയായാണ്. തൃശൂരിൽ തന്നെ നെടുമ്പാളിൽ കിടപ്പുരോഗിയെ തന്‍റെ ഭർത്താവ് ചങ്ങല കൊണ്ട് കഴുത്തുമുറുക്കി കൊന്നുവെന്ന് മൊഴി നൽകിയത് കൊല്ലപ്പെട്ടയാളുടെ സഹോദരി. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ആൺ സുഹൃത്ത് ആത്മഹത്യ ചെയ്ത ദാരുണമായ സംഭവം കണ്ണൂർ പയ്യന്നൂരിലാണുണ്ടായിരിക്കുന്നത്. നവജാത ശിശുവിനെ കൊന്ന് അമ്മ ഫ്ലാറ്റിൽ നിന്ന് റോഡിലേക്കു വലിച്ചെറിഞ്ഞത് എറണാകുളത്താണ്. പാലക്കാട്ട് ലോട്ടറിക്കട നടത്തുന്ന യുവതിക്കു നേരേ ഇന്നലെ രാവിലെ ആസിഡ് ആക്രമണം നടത്തിയ തമിഴ്നാട് സ്വദേശിയായ മുൻ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവയ്ക്കടുത്ത് കേരള പൊലീസിന്‍റെ ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ തോക്കുകളും കത്തികളുമൊക്കെ പിടിച്ചെടുത്തതും ഇന്നലെ. ഓട്ടൊ നിർത്തിയിടുന്നതു സംബന്ധിച്ചുണ്ടായ തർക്കം വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചപ്പോൾ പാലക്കാട്ട് മേട്ടുപ്പാറയിൽ വെട്ടേറ്റത് ആറു പേർക്കാണ്.
ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അക്രമസംഭവങ്ങൾ സമീപകാലത്തു നിരവധിയാണ്. പ്രമുഖ നഗരങ്ങൾ മയക്കുമരുന്നു മാഫിയയുടെ പിടിയിലമരുന്നുവെന്ന സൂചനകളാണുള്ളത്. ഗ്രാമങ്ങളിൽ പോലും മയക്കുമരുന്നു കച്ചവടം പൊടിപൊടിക്കുന്നുണ്ട്. വിദ്യാർഥികളും യുവാക്കളും ഇതിൽ വീണുപോകാതിരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ലഹരി മാഫിയയിലും ഗൂണ്ടാസംഘങ്ങളിലും ഉൾപ്പെട്ടവരുടെ അക്രമങ്ങൾക്ക് പല നഗരങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന പ്രദേശങ്ങളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ ലഹരിവസ്തുക്കളാണു പിടികൂടിയത്. കഞ്ചാവും രാസലഹരിയും നിരോധിത പുകയില ഉത്പന്നങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നു.
മാർക്കറ്റുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇതുപോലെ പരിശോധന കർശനമാക്കിയാൽ കോടികളുടെ മയക്കുമരുന്നും അവ വിൽപ്പന നടത്തുന്ന സംഘങ്ങളും പൊലീസിന്‍റെ പിടിയിലാകുമെന്നു സംശയിക്കേണ്ടതില്ല. ആറു കോടിയുടെ കൊക്കെയ്‌നുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ കെനിയൻ പൗരനെ പിടികൂടിയതും അടുത്തിടെയാണ്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരി മരുന്നു വിൽപ്പന നടത്തുന്ന സംഘത്തെ എക്സൈസ് അറസ്റ്റു ചെയ്തത് ഏതാനും ദിവസം മുൻപ്. ചെറിയ അളവിൽ ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിലാവുന്ന വാർത്തകൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു തുടർച്ചയായി വരുന്നുണ്ട്. പൊലീസും എക്സൈസും ശക്തമായ നടപടികളെടുക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും മയക്കു മരുന്ന് ഉയർത്തുന്ന ഭീഷണിക്ക് ഒരു കുറവും ഉണ്ടാകുന്നില്ല. പല അക്രമ സംഭവങ്ങളിലും പ്രതികൾ ലഹരി വസ്തുക്കൾക്ക് അടിമകളാണ്. ലഹരിക്കടത്തും വിൽപ്പനയും കർശനമായി നിയന്ത്രിക്കപ്പെട്ടാൽ തന്നെ അക്രമസംഭവങ്ങൾക്കു കുറവുണ്ടാകും.