ഖത്തറിലെ വധശിക്ഷയിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനാവട്ടെ | മുഖപ്രസംഗം

വിധി സംബന്ധിച്ച് ഖത്തർ ഭരണകൂടവുമായി ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിലെ വധശിക്ഷയിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനാവട്ടെ | മുഖപ്രസംഗം
Updated on

ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ളത് വളരെ ശക്തമായ ഉഭയകക്ഷി ബന്ധങ്ങളാണ്. മലയാളികൾ അടക്കം എത്രയോ ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലിയും ബിസിനസും എല്ലാമായി കഴിയുന്നത്. അതിൽ തന്നെ പ്രധാന സ്ഥാനമാണ് ഖത്തറിനുള്ളത്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലം മുതൽ ഈ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുമുണ്ട്. 2016ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തർ സന്ദർശനവും ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വർധിപ്പിക്കുന്നതിനുള്ള പല കരാറുകളും ആ സന്ദർശനത്തിൽ ഒപ്പുവയ്ക്കുകയുണ്ടായി. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിക്ഷേപം, ടൂറിസം, നൈപുണ്യ വികസനം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലെ സഹകരണം‌ തുടങ്ങി പല കാര്യങ്ങളിലും ഈ കരാറുകൾ ഊർജം പകർന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാണ്. ഏറ്റവുമധികം ഇന്ത്യക്കാർ പ്രവാസികളായി എത്തിയിട്ടുള്ള രാജ്യങ്ങളിലൊന്നുമാണ് ഖത്തർ. എട്ടു ലക്ഷത്തോളം ഇന്ത്യക്കാരാണ് അവിടെയുള്ളത് എന്നു കണക്കാക്കുന്നു. അതിൽ തന്നെ അര ലക്ഷത്തോളം മലയാളികളുണ്ട്.

ഇത്തരത്തിൽ കരുത്തുറ്റ ഒരു ബന്ധത്തിന് ഉലച്ചിൽ സംഭവിക്കാൻ ഒരു മലയാളി അടക്കം ഇന്ത്യയിലെ എട്ടു മുൻ നാവിക സേനാ ഉദ്യോഗസ്ഥർക്കു വധശിക്ഷ വിധിച്ചതിലൂടെ ഖത്തർ വഴിയൊരുക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ഇന്ത്യൻ നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം ദോഹയിലെ ഒരു സൈനിക പരിശീലന കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ് ഈ എട്ടു പേരും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത ഇവർക്ക് അവിടുത്തെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണു വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇവർക്കെതിരായ കുറ്റം ഖത്തർ ഭരണകൂടം പരസ്യമാക്കിയിട്ടില്ലെങ്കിലും ചാരവൃത്തിക്കാണ് അറസ്റ്റ് ചെയ്തതെന്നാണു വിവരം. ഖത്തർ നാവിക സേനയ്ക്കു വേണ്ടി ഇറ്റാലിയൻ കമ്പനി നിർമിക്കുന്ന അന്തർവാഹിനിയുടെ വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നാണത്രേ ആരോപണം.

അറസ്റ്റിലായതിനു പിന്നാലെ തന്നെ ഇവരുടെ മോചനത്തിന് കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചതാണ്. എന്നാൽ, ഇതുവരെ അതു വിജയിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയം നയതന്ത്ര തലത്തിൽ നടത്തുന്ന പരിശ്രമങ്ങൾ ‍എത്രയും വേഗം വിജയത്തിലെത്തേണ്ടത് ഇപ്പോൾ ആവശ്യമായിരിക്കുന്നു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേ കൂടുതൽ നിയമ നടപടികൾക്ക് ഖത്തറിൽ സാധ്യതയുണ്ട്. എങ്കിൽപ്പോലും മുന്നിൽ ഒരു വധശിക്ഷയുണ്ട് എന്നതിനാൽ ഇനിയും സമയം കളയാനില്ല. എത്രയും വേഗം എട്ടു പേരെയും ഇന്ത്യയ്ക്ക് മടക്കിക്കിട്ടേണ്ടതാണ്. അതിനുള്ള പരിശ്രമങ്ങൾ ഊർജിതമായി നടക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

വധശിക്ഷയുടെ വിവരം അറിഞ്ഞപ്പോൾ തന്നെ അതിൽ നടുക്കം പ്രകടിപ്പിച്ച ഇന്ത്യ ഇവരുടെ മോചനത്തിന് എല്ലാവിധ പരിശ്രമങ്ങളും നടത്തുമെന്നും വ്യക്തമാക്കിയിരുന്നതാണ്. വധശിക്ഷ വിധിക്കപ്പെട്ട എട്ടു പേരുടെയും കുടുംബാംഗങ്ങളെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സംഭവത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യമാണു സർക്കാർ നൽകുന്നതെന്ന് അദ്ദേഹം അവരോടു പറയുകയുണ്ടായി. വിധി സംബന്ധിച്ച് ഖത്തർ ഭരണകൂടവുമായി ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിധി വരുന്നതിനു മുൻപ് പലതവണ എട്ടു പേരും ജാമ്യത്തിനായി അപേക്ഷിച്ചിരുന്നതാണ്. അതിലൊന്നും അനുകൂല നടപടിയുണ്ടായില്ല. എന്നാൽ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇവരെ ജയിലിൽ സന്ദർശിക്കാനുള്ള അവസരം അടക്കം ചില സൗകര്യങ്ങൾ ഖത്തർ നൽകിയിരുന്നു. ഇനി കൂടുതൽ ഉദാരമായ സമീപനം ഖത്തറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു. മോദി സർക്കാരിനു മുന്നിലുള്ള ഒരു പ്രധാന നയതന്ത്ര വെല്ലുവിളിയാണിത്. അതിൽ വിജയം ഉറപ്പിക്കാൻ സർക്കാരിനു കഴിയട്ടെ.

Trending

No stories found.

Latest News

No stories found.