പ്ലസ് വൺ സീറ്റുകൾ: ഉചിതമായ തീരുമാനം വൈകരുത്| മുഖപ്രസംഗം

മലപ്പുറം ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് അവരും ആവശ്യപ്പെടുന്നുണ്ട്
പ്ലസ് വൺ സീറ്റുകൾ: ഉചിതമായ തീരുമാനം വൈകരുത്| മുഖപ്രസംഗം
Updated on

സംസ്ഥാനത്തു പ്ലസ് വൺ ക്ലാസുകൾക്ക് ഇന്നലെ തുടക്കമായി. എന്നാൽ, മലബാറിലെ, പ്രത്യേകിച്ചു മലപ്പുറത്തെ നിരവധി വിദ്യാർഥികൾക്കു പഠിക്കാൻ ഇനിയും സീറ്റായിട്ടില്ലെന്ന പരാതി വിദ്യാർഥി സംഘടനകളും രക്ഷകർത്താക്കളും ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്കുപോലും അവർ ആഗ്രഹിക്കുന്ന വിഷയം പഠിക്കാൻ അവസരമില്ലാത്ത സാഹചര്യമുണ്ടത്രേ. മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്എസ്എൽസി ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ സമരരംഗത്ത് ഇറങ്ങിയിരുന്നു. അവരുടെ സമരം ശക്തമായി തുടരുകയാണ്. അതിനിടെയാണ് എസ്എഫ്ഐയും സമരത്തിനിറങ്ങിയിരിക്കുന്നത്. പ്ലസ് വൺ സീറ്റ് സംബന്ധിച്ച് പ്രതിസന്ധിയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് എസ്എഫ്ഐയും തള്ളിക്കളഞ്ഞിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് അവരും ആവശ്യപ്പെടുന്നുണ്ട്.

സീറ്റ് ക്ഷാമം യാഥാർഥ്യമാണെന്ന് ഇന്നലെ നിയമസഭയിൽ മുൻ മന്ത്രിയും ഭരണ‍പക്ഷ എംഎൽഎയുമായ അഹമ്മദ് ദേവർകോവിലും ചൂണ്ടിക്കാണിക്കുകയുണ്ടായി. ഏതാണ്ട് 21,000 കുട്ടികൾക്ക് സീറ്റ് കിട്ടാത്ത സാഹചര്യമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കണക്കുമായി ചേർന്നുപോകുന്നതല്ല ഇത്. മന്ത്രി അവകാശപ്പെടുന്നത് ഭരണപക്ഷത്തിനു തന്നെ വിശ്വാസമായിട്ടില്ല എന്നുവേണം ഇതിൽ നിന്നു മനസിലാക്കാൻ. മലബാറിലെ വിദ്യാർഥികളെ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കെഎസ് യു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ കാറിനു മുന്നിൽ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തു പലയിടത്തും വിദ്യാർഥി സംഘടനകളുടെ മാർച്ചുകൾ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇന്നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിനും കെഎസ് യു ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഇതിനിടെയാണ് ഇന്നു വിദ്യാർഥി സംഘനകളുമായി വിദ്യാഭ്യാസ മന്ത്രിയുടെ ചർച്ച നടക്കുന്നത്. ഈ ചർച്ചയോടെ പ്രശ്ന പരിഹാരമുണ്ടാവണമെന്നു ജനങ്ങൾ, പ്രത്യേകിച്ച് മലബാറിൽ സീറ്റിനു വേണ്ടി ഇനിയും കാത്തിരിക്കുന്നവർ ആഗ്രഹിക്കുന്നുണ്ട്. യഥാർഥ വിഷയം എന്തായാലും അതു വിശദമായി ചർച്ച ചെയ്യപ്പെടണം. കൃത്യമായ പരിഹാരമുണ്ടാവണം. അധിക ബാച്ചുകൾ വേണമെങ്കിൽ അത് അനുവദിക്കണം. ഒരു കുട്ടിയുടെയും പഠനം മുടങ്ങാതിരിക്കുക എന്നതാണു പ്രധാനം. ഉയർന്ന മാർക്ക് കിട്ടിയിട്ടും ആഗ്രഹിക്കുന്ന കോഴ്സ് ലഭിക്കുന്നില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങളിൽ നാം എങ്ങനെയാണ് അഭിമാനിക്കുക. ഈ പ്രശ്നം ശരിയായ വിധത്തിൽ ചിന്തിക്കേണ്ടതുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 53,762 പേർ പ്ലസ് വൺ പ്രവേശനം നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെടുന്നു. ശേഷിക്കുന്നത് 17,292 പേരാണെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. 9,820 സീറ്റുകൾ ശേഷിക്കുന്നുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിയുമ്പോൾ 7,400ൽ ഏറെ സീറ്റിന്‍റെ കുറവ് മാത്രമേ വരൂ. അതേസമയം അൺ എയ്ഡഡ് സ്‌കൂളുകളിൽ 10,185 സീറ്റുകളുടെ ഒഴിവുമുണ്ട്. അതായത് അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾ കൂടി നോക്കുമ്പോൾ ആവശ്യത്തിലധികം സീറ്റ് ജില്ലയിൽ ഉണ്ടെന്നാണു വാദം.

എന്നാൽ, ഇഷ്ടപ്പെട്ട വിഷയം ലഭിക്കാത്തതിനാൽ പ്രവേശനം നേടാത്ത 11,000ൽ അധികം കുട്ടികളെ ഒഴിവാക്കിയാണ് മന്ത്രി ജില്ലയിൽ നിന്ന് സീറ്റ് ആവശ്യമുള്ള മൊത്തം കുട്ടികളുടെ കണക്ക് അവതരിപ്പിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികളും വിദ്യാർഥി സംഘടനകളും ആരോപിക്കുന്നു. ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട അൺ എയ്ഡഡ് സീറ്റുകളിൽ പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികൾ എങ്ങനെ പഠിക്കുമെന്ന ചോദ്യവും അവർ ഉയർത്തുന്നുണ്ട്. അൺ എയ്ഡഡ് സീറ്റുകൾ ഏകജാലകത്തിലെ മെറിറ്റ് സീറ്റിനൊപ്പം ചേർത്ത് കണക്കൊപ്പിക്കുന്നതിനെ അവർ എതിർക്കുകയാണ്. ഭീമമായ തുക നൽകി അൺ എയ്ഡഡ് സീറ്റുകളിൽ പ്രവേശനം നേടാൻ കുട്ടികൾ താത്പര്യപ്പെടാത്തതുകൊണ്ട് ഈ മേഖലയിലെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ സമീപവർഷങ്ങളിൽ കേരളത്തിലുണ്ടാവുന്നുണ്ടെന്നതും വസ്തുതയാണ്. എന്തായാലും ചേരിതിരിഞ്ഞ് രാഷ്ട്രീയം കളിക്കാനുള്ള വിഷയമല്ല പ്ലസ് വൺ പ്രവേശനം. കാര്യങ്ങളെ ശരിയായി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാൻ ഇനി വൈകരുത്.

Trending

No stories found.

Latest News

No stories found.