കഴിഞ്ഞ രണ്ടു ദിവസമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. ബിജെപി നേതാക്കളിലും പ്രവർത്തകരിലും അതു വലിയ ആവേശമാണു ജനിപ്പിച്ചിട്ടുള്ളത്. കൊച്ചിയിലും തിരുവനന്തപുരത്തും മണിക്കൂറുകളോളം മോദിയെ കാത്തുനിന്നത് ആയിരക്കണക്കിനാളുകളാണ്. അടുത്തവർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് ഊർജം പകരുന്ന വിധത്തിൽ തന്നെയായിരുന്നു മോദിയുടെ പരിപാടികളും. കൊച്ചിയിലെ റോഡ് ഷോയും യുവം പരിപാടിയും വലിയ വിജയമാക്കി മാറ്റാൻ കഴിഞ്ഞെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്.
വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയും പ്രാധാന്യം അർഹിക്കുന്നതാണ്. ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ചർച്ചാവിഷയമായിരിക്കെയാണ് മോദി ഇവിടെയെത്തുന്നതും മത മേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തുന്നതും. എൽഡിഎഫിലും യുഡിഎഫിലുമുള്ള മറ്റു രാഷ്ട്രീയ കക്ഷികളും ബിജെപിയുടെ ഈ നീക്കത്തെ ശ്രദ്ധാപൂർവം വീക്ഷിക്കുന്നുണ്ട്. ഇടതു വലതു മുന്നണികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്തു തെളിയിക്കാനുള്ള ബിജെപി നീക്കങ്ങളിലെ പ്രധാന ചുവടുവയ്പ്പ് എന്തു ഫലമാണുണ്ടാക്കുകയെന്നു കാത്തിരുന്നു കാണേണ്ടതാണ്. അതിനെ പ്രതിരോധിക്കാനുള്ള മറ്റു മുന്നണികളുടെ പരിശ്രമവും ഊർജിതമാവുമെന്നുവേണം കരുതാൻ.
രാഷ്ട്രീയ സാഹചര്യങ്ങൾ ഇങ്ങനെ നിൽക്കെയാണ് ഇന്നലെ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒന്നിച്ചു പങ്കെടുത്ത ഔദ്യോഗിക പരിപാടികൾ നടന്നത്. 3,200 കോടി രൂപയുടെ വികസന പദ്ധതികളുടെ ഫ്ലാഗ് ഓഫ് തന്നെയായിരുന്നു സംസ്ഥാന തലസ്ഥാനത്തുണ്ടായത്. വന്ദേഭാരത് എക്സ്പ്രസിനു മാത്രമല്ല മുഴുവൻ പദ്ധതികൾക്കും തുടക്കം കുറിച്ചതു മോദിയാണ്, മുഖ്യമന്ത്രിയുടെയും കേന്ദ്ര റെയ്ൽവേ മന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും തിരുവനന്തപുരം എംപിയുടെയും സാന്നിധ്യത്തിൽ. പൂർത്തിയായതും നിർമാണം ആരംഭിക്കാനിരിക്കുന്നതുമായ ഈ പദ്ധതികൾ കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കാനാവുന്നവയാണ്. അതിൽ റെയ്ൽ വികസന പദ്ധതികളുണ്ട്, കൊച്ചി വാട്ടർ മെട്രൊയുണ്ട്, ഡിജിറ്റൽ സയൻസ് പാർക്കുണ്ട്.
ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരു കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു. വികസനത്തിൽ രാഷ്ട്രീയം വേണ്ട എന്നതായിരുന്നു അത്. വികസനത്തിനായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നു മോദി പറഞ്ഞു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്നതാണു കേന്ദ്ര സർക്കാരിന്റെ കാഴ്ച്ചപ്പാട്. സഹകരണ ഫെഡറലിസത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രിയും ഓർമിപ്പിക്കുകയുണ്ടായി. റെയ്ൽവേയുടെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണ മന്ത്രി അശ്വിനി വൈഷ്ണവും തേടി. ഒരുവശത്ത് രാഷ്ട്രീയ നീക്കങ്ങൾ നടക്കുമ്പോൾ തന്നെ വികസനത്തിനായി ഒന്നിച്ചു നിൽക്കാൻ കഴിയുകയെന്നത് പുരോഗതിക്ക് അനിവാര്യമാണ്. രാഷ്ട്രീയം മാറ്റിവച്ച് വികസനത്തെ കാണാൻ എല്ലാ കക്ഷികൾക്കും കഴിയണം.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കേരളത്തിനുള്ള റെയ്ൽവേ വിഹിതത്തിൽ വരുത്തിയ വൻ വർധനയെക്കുറിച്ച് അശ്വനി വൈഷ്ണവും പ്രധാനമന്ത്രിയും എടുത്തുപറയുകയുണ്ടായി. യുപിഎ സർക്കാരിന്റെ കാലത്തേതിനെക്കാൾ പല മടങ്ങ് അധികം തുക കേരളത്തിന്റെ റെയ്ൽ വികസനത്തിന് അനുവദിക്കുന്നുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാണിച്ചു. റെയ്ൽവേ സ്റ്റേഷനുകളുടെ ആധുനികവത്കരണം അടക്കം പദ്ധതികൾ സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്നുണ്ട്. അപ്പോഴും കേരളം വർഷങ്ങളായി ആവശ്യപ്പെടുന്ന പല പദ്ധതികളും പ്രായോഗികമായിട്ടില്ല. അങ്കമാലി- എരുമേലി ശബരി പദ്ധതി, ഗുരുവായൂർ- തിരുനാവായ പദ്ധതി, ഗേജ് മാറ്റം പൂർത്തിയായ പാതകളിൽ ആവശ്യത്തിനു ട്രെയ്നുകൾ തുടങ്ങി പല പദ്ധതികളും ഇനിയും നടപ്പാവേണ്ടതുണ്ട്. ഇതിനെല്ലാം സഹകരണ മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളാണ് അനിവാര്യമായിട്ടുള്ളത്. ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്ന വികസന പദ്ധതികൾക്കൊപ്പം ഇഴഞ്ഞുനീങ്ങുകയും മരവിച്ചു കിടക്കുകയും ചെയ്യുന്ന പദ്ധതികളും പരിഗണിക്കപ്പെടണം. അപ്പോൾ വികസനത്തിന്റെ ഈ ഫ്ലാഗ് ഓഫിന് കൂടുതൽ പ്രസക്തി കൈവരും.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന പ്രാധാന്യം പ്രധാനമന്ത്രി ഇന്നലത്തെ പ്രസംഗത്തിൽ എടുത്തു പറയുകയുണ്ടായി. ഗതാഗത സൗകര്യങ്ങളിൽ രാജ്യത്തുണ്ടായ പുരോഗതിക്കൊപ്പമാണ് കേരളത്തിലും സംസ്ഥാന സർക്കാരിന്റെ പ്രത്യേക താത്പര്യത്തിൽ കൊച്ചി വാട്ടർ മെട്രൊ തുറന്നിരിക്കുന്നത്. രാജ്യത്തെ ആദ്യ വാട്ടർ മെട്രൊ സംവിധാനമാണു കൊച്ചിയിലേത്. ഏഷ്യയിലെ ഈ വലുപ്പത്തിലുള്ള ആദ്യ സംയോജിത ജലഗതാഗത സംവിധാനവും ഇതാണ്. ഈ പദ്ധതി മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.
പല മേഖലകളിലും മാതൃകകൾ സൃഷ്ടിച്ചിട്ടുള്ള കേരളത്തിന് അഭിമാനിക്കാൻ വക നൽകുന്നതാണ് ഇന്നലെ പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവഹിച്ച ഡിജിറ്റൽ സയൻസ് പാർക്കും. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കാവും സംസ്ഥാനത്തു യാഥാർഥ്യമാക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഹബ്ബായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ഫിസിക്കൽ കണക്റ്റിവിറ്റിക്കൊപ്പം ഡിജിറ്റൽ കണക്റ്റിവിറ്റിയും വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയും പറഞ്ഞു. ഡിജിറ്റൽ മേഖലയിലെ മുന്നേറ്റത്തിന് കേന്ദ്രവും സംസ്ഥാനവും ഒരുപോലെ താത്പര്യം പ്രകടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.