"റാംജി റാവ് സ്പീക്കിങ്ങ്', "ഇൻ ഹരിഹർ നഗർ', "ഗോഡ് ഫാദർ', "വിയറ്റ്നാം കോളനി', "കാബൂളിവാല'- മലയാള സിനിമയ്ക്ക് മറക്കാനാവുമോ ഈ പേരുകൾ. സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന ഈ ചലച്ചിത്രങ്ങൾ മലയാളികളെ എത്രയോ ചിരിപ്പിച്ചു, ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്വാഭാവികമായ ചിരി വളരെ തനിമയോടെ അവതരിപ്പിച്ചതാണ് ഈ ചിത്രങ്ങൾ. ഇതിനൊപ്പം കന്നാസും കടലാസും പോലുള്ള കഥാപാത്രങ്ങൾ ഇടയ്ക്കൊക്കെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പ്രമേയങ്ങൾ വ്യത്യസ്തമായപ്പോഴും സ്വാഭാവിക ചിരിയ്ക്കു കുറവുണ്ടായില്ല. മലയാള സിനിമയ്ക്ക് വ്യത്യസ്തമായ ഒരനുഭവം ഇവ പകർന്നുനൽകി. സിദ്ദിഖ് എന്ന സംവിധായകൻ ഈ ലോകത്തുനിന്നു യാത്രയായപ്പോൾ മുഴുവൻ ആളുകളുടെയും മനസിൽ ഓടിയെത്തിയിട്ടുണ്ടാവുക ഈ സിനിമകൾ സൃഷ്ടിച്ച തരംഗങ്ങളാവും.
തന്റെതായ മേഖലയിൽ മായാത്ത വ്യക്തിമുദ്രകൾ പതിപ്പിക്കുമ്പോഴാണല്ലോ ആരായാലും എന്നും ഓർക്കപ്പെടുന്നവരായി മാറുന്നത്. സിദ്ദിഖ് ആ വ്യക്തിമുദ്ര സിനിമാ പ്രേക്ഷകരുടെ മനസിൽ പതിപ്പിച്ചാണ് ഈ ലോകം വിട്ടുപോയത്. സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിനു ശേഷവും അദ്ദേഹത്തിന്റെ സിനിമകൾ പ്രേക്ഷക ശ്രദ്ധ നേടുന്നതായിരുന്നു. ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമെൻ, ഭാസ്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങൾ സിദ്ദിഖ് സ്വന്തമായി സംവിധാനം ചെയ്തു. വിജയം ഉറപ്പിക്കുന്ന സംവിധായകൻ എന്നതായിരുന്നു സിദ്ദിഖിന്റെ പ്രത്യേകതയും. സിനിമാ നിർമാതാക്കൾക്കും പ്രേക്ഷകർക്കും അങ്ങനെയൊരു ഉറപ്പ് എത്ര സംവിധായകരിൽ നിന്നു ലഭിക്കും. ബോഡി ഗാർഡ് എന്ന ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തപ്പോഴും വിജയമായി. കാവലൻ എന്ന പേരിലായിരുന്നു വിജയിനെ നായകനാക്കി ബോഡി ഗാർഡിന്റെ തമിഴ് റീമേക്ക്. സൽമാൻ ഖാൻ നായകനായി സിദ്ദിഖ് സംവിധാനം ചെയ്ത ഹിന്ദിയിലെ "ബോഡിഗാർഡ്' ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിൽ നൂറു കോടി ക്ലബ്ബിൽ കയറുന്ന ബോളിവുഡ് ചിത്രത്തിനുള്ള റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു.
ഫാസിലിന്റെ സംവിധാന സഹായിയായി തുടക്കമിട്ട സിദ്ദിഖ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത "പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന ചിത്രത്തിന്റെ രചനയും "നാടോടിക്കാറ്റി'ന്റെ കഥയുമെഴുതിയാണ് ചലച്ചിത്ര മേഖലയിൽ ചുവടുറപ്പിക്കുന്നത്. അനുകരണ കലയുടെ ലോകത്തുനിന്ന് അദ്ദേഹം സിനിമയിലേക്കു വന്നതു തന്നെ ഇവിടെ തനിക്കായി ചില നിയോഗങ്ങളുണ്ട് എന്നുറച്ചാവണം. "റാംജി റാവ് സ്പീക്കിങ്ങ്' തീയെറ്ററുകളെ ഇളക്കി മറിച്ചത് അവിശ്വസനീയമായ വിധത്തിലായിരുന്നു. അതിന്റെ സംവിധായകർ പിന്നീട് മലയാളികളുടെ സിനിമാ ചർച്ചകളിൽ നിന്ന് മാഞ്ഞുപോയതേയില്ല. അതിസങ്കീർണതകൾ ഒഴിവാക്കി തന്നെ കലാമൂല്യം ഉറപ്പിച്ച വാണിജ്യ സിനിമകൾ പ്രേക്ഷകർ എങ്ങനെ ഉൾക്കൊണ്ടുവെന്ന് ഈ രംഗത്തേക്കു കടന്നുവരുന്നവർക്കു പഠിക്കാവുന്നതാണ്.
പതിറ്റാണ്ടുകൾക്കു ശേഷവും ജനങ്ങളുടെ മനസിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങൾ തീർച്ചയായും സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നു. മത്തായിച്ചനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മഹാദേവനും ഗോവിന്ദൻ കുട്ടിയും അപ്പുക്കുട്ടനും തോമസു കുട്ടിയും അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും രാമഭദ്രനും മായിൻ കുട്ടിയും ബാലരാമനും സ്വാമിനാഥനും വീരഭദ്രനും കൃഷ്ണമൂർത്തിയും കെ.കെ. ജോസഫും അടക്കമുള്ള കഥാപാത്രങ്ങൾ എത്ര മിഴിവോടെയാണ് ഇന്നും മലയാളി മനസുകളിൽ നിലനിൽക്കുന്നത്. തോമസ് കുട്ടി വിട്ടോടാ..., തളിയാനേ പനിനീര്..., ഇതല്ല, ഇതിനപ്പറം ചാടിക്കടന്നവനാണീ കെ.കെ. ജോസഫ് തുടങ്ങിയ ഡയലോഗുകൾ എത്രയോ വട്ടം മലയാളികൾ ആവർത്തിച്ചുകഴിഞ്ഞു.
അപ്പോഴും സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ എന്ന യാതൊരു അഹങ്കാരവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഓരോ അഭിനേതാവിനെയും ഏറ്റവും നന്നായി എങ്ങനെ സിനിമയിൽ ഉപയോഗിക്കാമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അതു ചെറിയൊരു കാര്യമേയല്ല. മൂന്നര പതിറ്റാണ്ടോളം അദ്ദേഹം സിനിമാ രംഗത്തു സജീവമായുണ്ടായിരുന്നു. ഇതിനിടയിൽ പൂർത്തിയാക്കിയ സിനിമകളിൽ കാലത്തിനൊത്തു സഞ്ചരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ് സിദ്ദിഖിന്റെ വേർപാട്.