വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണിത്. അറിയാതെ കെണികളിൽ അകപ്പെട്ടു പോകുന്ന ഇരകൾ നിരവധിയാണ്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ധാരാളം കബളിപ്പിക്കലുകൾ നടക്കുന്നുണ്ട്. ഓൺലൈൻ പണമിടപാടുകൾ വർധിച്ചതു പലവിധ സൈബർ തട്ടിപ്പുകൾക്കും കാരണമായി. കൊവിഡ് കാലത്ത് ഓൺലൈൻ പ്രവർത്തനങ്ങൾ സജീവമായതും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതും ഓൺലൈൻ വായ്പകൾ വഴിയുള്ള ചൂഷണങ്ങൾക്കും അവസരമൊരുക്കി. പിന്നീടും ഇത്തരത്തിലുള്ള വായ്പാ തട്ടിപ്പുകൾ തുടരുകയാണ്. ഇത്തരം തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടവർ വളരെയേറെ പേരുണ്ടെന്നാണ് സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ലക്ഷക്കണക്കിനു രൂപ നഷ്ടമായവർ ഇരകളിൽ ഉൾപ്പെടുന്നുണ്ട്. പൊലീസ് ഇടപെട്ട് നടപടി സ്വീകരിച്ച ഓൺലൈൻ വായ്പാ ആപ്പുകൾ പുതിയ പേരിൽ സജീവമായി വീണ്ടും ആളുകളെ കെണിയിൽ വീഴ്ത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏതു വിധത്തിലും പണമുണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ ആരെയും ഇരകളാക്കി മാറ്റുന്നവരുടെ കെണിയിൽ അകപ്പെടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ട കാലമാണിത്. പ്രത്യേകിച്ച് ഓൺലൈൻ വഴിയുള്ള ഏതു സാമ്പത്തിക ഇടപാടും വളരെയേറെ ജാഗ്രതയോടെ മാത്രമേ ചെയ്യാവൂ എന്നതാണു പലരുടെയും അനുഭവങ്ങൾ കാണിക്കുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ പോലും തട്ടിപ്പു നടത്താൻ വ്യാജൻമാർ ഒരുങ്ങിയിറങ്ങിയിട്ടുണ്ടെന്ന് ഓൺലൈനിൽ കയറുമ്പോൾ ഓർക്കുന്നതു നല്ലതാണ്. കൊച്ചി കടമക്കുടിയിൽ രണ്ടു കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ ഓൺലൈൻ വായ്പാ കെണിയാണെന്ന സൂചനയാണു പുറത്തുവരുന്നത്. കുടുംബം ജീവനൊടുക്കിയതിനു പിന്നാലെ ഓൺലൈൻ വായ്പക്കാരുടെ ഭീഷണി സന്ദേശങ്ങൾ ഇവരുടെ ബന്ധുക്കൾക്കു ലഭിച്ചു എന്നാണു പറയുന്നത്. മരിച്ച യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഓൺലൈൻ ആപ്പുകാർ തങ്ങൾക്ക് അയച്ചുനൽകിയെന്നു ബന്ധുക്കൾ പറയുന്നുണ്ട്. പണം തിരിച്ചടച്ചില്ലെങ്കിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുമെന്നാണു ഭീഷണി. യുവതി ഓൺലൈൻ ആപ്പിൽ നിന്ന് വായ്പയെടുത്തിരുന്നുവത്രേ. അതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോഴാണു ഭീഷണി ഉയർന്നത് എന്നുവേണം കരുതാൻ. തുക എത്രയും വേഗം തിരിച്ചടയ്ക്കാൻ പറയണമെന്നാണ് ബന്ധുക്കൾക്കു വാട്സാപ്പിൽ ലഭിച്ച സന്ദേശം. ഓൺലൈൻ ആപ്പുകാർ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണോ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ ദമ്പതിമാർ തീരുമാനിച്ചതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
ബാങ്കുകളിൽ നിന്നു വായ്പയെടുക്കുന്നതിനു നടപടിക്രമങ്ങൾ പലതുണ്ട്. നൂലാമാലകൾ ഒഴിവാക്കി അനായാസം വായ്പയെടുക്കാമെന്നതാണു വായ്പാ ആപ്പുകൾ ആകർഷകമാവുന്നതിനു കാരണം. ആപ് ഇൻസ്റ്റാൾ ചെയ്ത് തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ നൽകിയാൽ എളുപ്പം വായ്പ ലഭ്യമാവുമെന്നു പറയുമ്പോൾ അത്യാവശ്യക്കാർ വീണുപോകും. എന്നാൽ, ആപ് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ വിവരങ്ങളും ഇത്തരക്കാർ ചോർത്തിയെടുക്കുകയാണു ചെയ്യുക. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ കൂടുതൽ പലിശ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വായ്പാ ആപ്പുകളുണ്ട്. ഫോണിൽ നിന്നു ചോർത്തിയ കോൺടാക്റ്റുകളിലേക്കു ഭീഷണി സന്ദേശങ്ങൾ അയയ്ക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ വായ്പയെടുത്തയാളെ മോശമായി ചിത്രീകരിക്കും. ഇവരുടെ "സൈബർ അറ്റാക്ക് ' മാനം കളയും എന്നു വരുമ്പോൾ അന്യായമായി ചോദിക്കുന്നത്രയും പണം തിരിച്ചടയ്ക്കാൻ തയാറാവുന്നവരുണ്ട്. അതിനു കഴിയാത്തവർ ആത്മഹത്യയെ അഭയം പ്രാപിച്ചുകൂടെന്നില്ല. അതിഭീമമായ പലിശയാണു പല ആപ്പുകളും ചോദിക്കുക.
വളരെയെളുപ്പം പണം കിട്ടും എന്ന സൗകര്യം മുന്നിൽക്കണ്ട് ചതിക്കുഴികളിൽ അകപ്പെട്ടുപോവാതിരിക്കാൻ സ്വയം ശ്രദ്ധിച്ചേ മതിയാവൂ. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് എത്രയോ തവണ മുന്നറിയിപ്പുകൾ ഉണ്ടായിട്ടുള്ളതാണ്. എന്നിട്ടും ഗതികേടുകാരെ ചൂഷണം ചെയ്യാൻ തട്ടിപ്പുകാർക്കു കഴിയുന്നു. നിയമപ്രകാരം പ്രവർത്തിക്കുന്ന, റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം വായ്പയെടുക്കുന്നതാണ് എപ്പോഴും സുരക്ഷിതമായിട്ടുള്ളത്. തത്കാലം രക്ഷപെടാമെന്ന പ്രതീക്ഷയിൽ തട്ടിപ്പുകാർക്കു തലവച്ചു കൊടുക്കുന്നത് വിനാശകരമായി ഭവിക്കും. ഓൺലൈൻ വായ്പാ തട്ടിപ്പുകാർക്കെതിരായ നടപടികൾ ഊർജിതമാക്കാൻ സർക്കാർ സംവിധാനങ്ങൾക്കും കഴിയണം. ഇത്തരം തട്ടിപ്പുകൾ പ്രതിരോധിക്കുന്നതിനു ഫലപ്രദമായ സംവിധാനങ്ങളില്ലെങ്കിൽ എത്രയും വേഗം അതുണ്ടാക്കേണ്ടതുണ്ട്. സൈബർ നിയമങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെങ്കിൽ അതിനും വൈകരുത്. ഓൺലൈൻ തട്ടിപ്പുകാർക്കെതിരായ ബോധവത്കരണവും ശക്തമാക്കേണ്ടതാണ്