ഓർമകളിൽ പോലും നടുങ്ങുകയാണു കേരളം. ഇങ്ങനെയൊരു കൊടുംക്രൂരത ആരെയാണ് നൊമ്പരപ്പെടുത്താതിരിക്കുക. അഞ്ചു വയസുകാരിയായ അരുമ മകൾ ചാന്ദ്നി നേരിടേണ്ടിവന്ന ദുർവിധി ഈ നാടിന്റെ ഹൃദയത്തിലുണ്ടാക്കിയ വേദന സഹിക്കാനാവുന്നതിലേറെയാണ്. ഒരു ക്രിമിനലിന്റെ പൈശാചികതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ട അവൾ കേരളത്തിനു മുന്നിലേക്ക് ഉയർത്തിയിരിക്കുന്ന ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. നിങ്ങൾ എന്തു സുരക്ഷയാണ് കുട്ടികൾക്കു നൽകുന്നത് എന്നതാണ് അതിൽ ഏറ്റവും പ്രധാനം. അസ്ഫാക് ആലം എന്ന പ്രതി അവളെ പട്ടാപ്പകലാണു തട്ടിക്കൊണ്ടുപോയത്. ഒരു മാർക്കറ്റിലൂടെയാണ് അയാൾ അവളുമായി നടന്നത്. മാർക്കറ്റിനുള്ളിലെ മാലിന്യക്കൂമ്പാരത്തിലേക്കാണ് അവളെ കൊണ്ടുപോയി പിച്ചിച്ചീന്തി തള്ളിയത്.
ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി മദ്യപിക്കാനും ലഹരി വസ്തുക്കൾ ഉപയോഗിക്കാനും ഒത്തുകൂടുന്ന സ്ഥലമാണ് അതത്രേ. മാർക്കറ്റ് സമയം കഴിഞ്ഞാൽ സ്വബോധമുള്ള ആരും ഇവിടേക്ക് എത്തിനോക്കാറില്ല. ഓപ്പൺ ബാർ എന്ന് തൊഴിലാളികൾ വിശേഷിപ്പിക്കുന്ന പ്രദേശത്ത് സാമൂഹിക വിരുദ്ധർ തമ്പടിച്ചിരിക്കുകയാണെന്ന് അറിയാമായിരുന്നിട്ടും ഈ പ്രദേശം എന്തുകൊണ്ട് അവരുടെ അഴിഞ്ഞാട്ടത്തിനു വിട്ടുകൊടുത്തു എന്ന ചോദ്യമാണ് പൊലീസിനു നേരേ ഉയരേണ്ടത്. സാമൂഹിക വിരുദ്ധർക്കും ക്രിമിനലുകൾക്കുമായി ഇതുപോലെ എത്രയെത്ര പൊതുസ്ഥലങ്ങൾ നാം സ്ഥിരമായി നീക്കിവച്ചിട്ടുണ്ടെന്ന് ഉടനടി പരിശോധിക്കേണ്ടതാണ്.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ വിദഗ്ധനാണ് ഇതര സംസ്ഥാനക്കാരനായ പ്രതിയെന്ന് സാഹചര്യത്തെളിവുകൾ വച്ച് പൊലീസ് പറയുന്നു. ഇങ്ങനെയൊരു കൊടുംക്രിമിനലിന് അനായാസം ഇവിടെ ജോലി നേടാനും താമസസ്ഥലം കണ്ടെത്താനും കഴിഞ്ഞു എന്നത് എത്രമാത്രം ലാഘവത്തോടെയാണു കേരളം സുരക്ഷാകാര്യങ്ങളെ കാണുന്നത് എന്നു തെളിയിക്കുന്നുണ്ട്. ഏതാനും ദിവസം മുൻപാണ് അസ്ഫാക് ആലം ഇവിടെയെത്തിയത്. ഇയാളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ലെന്നും പറയുന്നു. കേരളത്തിലേക്കു വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാവണം, ലേബർ കാർഡ് ഏർപ്പെടുത്തണം തുടങ്ങിയ നിബന്ധനകളൊക്കെ എത്രയോ കാലമായി പറഞ്ഞു കേൾക്കുന്നതാണ്. എന്നാൽ, ഒന്നും ഫലവത്തായി നടക്കുന്നില്ല.
ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ സുരക്ഷിതമായി താമസം ഉറപ്പിച്ചിട്ടുള്ള പല ക്രിമിനലുകളുമുണ്ടെന്ന് പലവിധത്തിലുള്ള അക്രമ സംഭവങ്ങളിലൂടെ കേരളം അറിഞ്ഞിട്ടുള്ളതുമാണ്. തൊഴിലാളികളെന്ന വ്യാജേന കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് എത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ തന്നെ മുൻപു വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് സർക്കാരിന്റെ കൈവശമില്ല എന്നതാണു വസ്തുത. ഏജന്റുമാരുടെയോ കരാറുകാരുടെയോ സഹായമില്ലാതെ നിരവധിയാളുകൾ ഇപ്പോൾ കേരളത്തിലേക്കു വരുന്നുണ്ട്. അവർക്ക് ഇവിടെ ഒരു തടസവും നേരിടേണ്ടിയും വരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ കരാറുകാർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണു വ്യവസ്ഥ. അതു കൃത്യമായി പാലിക്കപ്പെടുന്നില്ല. ആരുടെയും കണക്കിൽ പെടാതെ ആയിരക്കണക്കിനു തൊഴിലാളികളാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ജോലിയെടുക്കുന്നത്. ഇവരിൽ കടന്നുകൂടിയിട്ടുള്ള സാമൂഹിക വിരുദ്ധരെയും ക്രിമിനലുകളെയും കണ്ടെത്തേണ്ടത് എത്രയും അത്യാവശ്യം.
ഇതര സംസ്ഥാന തൊഴിലാളികൾ എല്ലാവരും ക്രിമിനലുകളൊന്നുമല്ല. ആയിരക്കണക്കിന് ഇതര സംസ്ഥാനക്കാർ യഥാർഥ അതിഥി തൊഴിലാളികളായിട്ടുണ്ട്. ഈ നാടിനോടും നാട്ടുകാരോടും ചേർന്നു സ്വസ്ഥമായി അവർ ജീവിക്കുന്നുണ്ട്. കേരളത്തിന് അവർ നൽകുന്ന സംഭാവനകളും മറക്കാനാവില്ല. ഇവരുടെ ഇടയിൽ സുരക്ഷിത താവളങ്ങൾ കണ്ടെത്തുന്ന കുറച്ചു ക്രിമിനലുകളാണ് നാടിനു പ്രശ്നമായി മാറുന്നത്. ലഹരി വസ്തുക്കളുടെ കടത്തും ഉപയോഗവും അടക്കം സകല ദുഷ്പ്രവൃത്തികളും ഇവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആർക്കു നേരേയും ഏതു തരത്തിലുള്ള ആക്രമണവും ഇവരിൽ നിന്നുണ്ടാവാം എന്ന സ്ഥിതിയാണുള്ളത്. വളരെ ഗൗരവമായ വിഷയമായി ഇതിനെ കാണേണ്ടതുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ക്രിമിനലുകൾ മാത്രമല്ല സ്ത്രീകൾക്കും കുട്ടികൾക്കും ഭീഷണിയാവുന്നത് എന്നതു മറ്റൊരു വസ്തുതയാണ്. ലൈംഗിക അക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം പോക്സോ കർശന വ്യവസ്ഥകളോടെയാണു രാജ്യത്തു നിലവിലുള്ളത്. എന്നിട്ടും നിഷ്കളങ്കരായ കുട്ടികൾ അതിക്രമങ്ങൾക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്ന സ്ഥിതിയാണു കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലുണ്ടായിട്ടുള്ളത്. നിയമം കർശനമാണെങ്കിലും അതു നടപ്പാക്കുന്നതിൽ പാളിച്ചകളുണ്ടാവുന്നത് കുറ്റവാളികൾക്കു ധൈര്യം പകരുകയാണ്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണു നിയമമെങ്കിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ കേരളത്തിലുണ്ട്. കേസന്വേഷണവും വിചാരണയും വേഗത്തിലാക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന ആവശ്യം നേരത്തേ മുതൽ ഉയരുന്നതുമാണ്. കുറ്റവാളികൾ സംസ്ഥാനത്തിനകത്തുള്ളവരായാലും ഇതര സംസ്ഥാനക്കാരായാലും കടുത്ത ശിക്ഷ തന്നെ അവർക്കു ലഭിക്കണം. ഇത്തരക്കാർ സമൂഹത്തിൽ ഇറങ്ങിനടക്കുന്നതു തടയാൻ വേണ്ട ജാഗ്രത എല്ലാ ഭാഗത്തുമുണ്ടാവണം.