ഹൃദയ ശസ്ത്രക്രിയയിൽ കേരളത്തിന് മേൽവിലാസമുണ്ടാക്കിയത് ഡോ. എം.എസ്. വല്യത്താനാണ്. ചരിത്രം സൃഷ്ടിച്ച ഭിഷഗ്വരനായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ ആദ്യ ഡയറക്റ്റർ എന്ന നിലയിൽ ലോകോത്തര ആരോഗ്യ ഗവേഷണ സ്ഥാപനം എങ്ങനെ ജനോപകാര ചികിത്സാ കേന്ദ്രമാകാം എന്ന് കാട്ടിത്തന്നു. ഡീംഡ് യൂണിവേഴ്സിറ്റി പദവി കിട്ടിയ ആദ്യ സ്വകാര്യ സർവകലാശാലയായ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലർ എന്ന നിലയിൽ ഒരു സർവകലാശാലയ്ക്ക് ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ എത്രത്തോളം വിദ്യാർഥി സൗഹൃദമാകാമെന്ന് അദ്ദേഹം തെളിയിച്ചു .
തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ആദ്യ എംബിബിഎസ് ബാച്ചുകാരനായ വല്യത്താന്‍റെ എംഎസ് പഠനം യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലായിരുന്നു. എഫ്ആർസിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിലേക്ക് വന്നു. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ കുറച്ചു കാലം ജോലി ചെയ്തു. ജോലി കിട്ടുമ്പോൾ പഠനവും ഗവേഷണവും അവസാനിപ്പിക്കുന്ന നിലവിലെ ഡോക്റ്റർമാരിൽ വലിയൊരു വിഭാഗത്തിനെപ്പോലെയായിരുന്നില്ല അദ്ദേഹം. അത് ജോൺസ് ഹോപ്കിൻസ്, ജോർജ് വാഷിങ്ടൺ, ജോർജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ഹൃദയ ശസ്ത്രക്രിയയിൽ കൂടുതൽ പരിശീലനം നേടുന്നതിനാണ് അദ്ദേഹത്തിന് അവസരമുണ്ടാക്കിയത്.
മാവേലിക്കര രാജകുടുംബത്തിലെ മാർത്താണ്ഡ വർമയുടെയും ജാനകിയമ്മയുടെയും മകനായി 1934 മേയ് 24നായിരുന്നു മാർത്താണ്ഡ വർമ ശങ്കരൻ വല്യത്താൻ എന്ന എം.എസ്. വല്യത്താന്‍റെ ജനനം. മാവേലിക്കരയിലെ സർക്കാർ സ്കൂളിലും കേരള സർവകലാശാലയിലും തിരുവനന്തപുരം മെഡിക്കൽ കോളെജിലും പഠിച്ച് വളർന്ന തന്‍റെ സേവനം ഈ നാടിനുതന്നെ നൽകണമെന്ന ദൃഢനിശ്ചയത്തിലാണ് 1972ൽ ഇന്ത്യയിലേക്ക് മടങ്ങിയത്. അക്കാലത്ത് അമെരിക്ക പോലുള്ള രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചാൽ കിട്ടാവുന്ന സൗകര്യങ്ങളും നേട്ടങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും അധ്യാപകരും അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും വഴങ്ങിയില്ല.
മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് കെട്ടിപ്പടുത്തതാണ് ഇന്ന് രാജ്യത്തിനാകെത്തന്നെ അഭിമാനമായ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യശാസ്ത്ര ഗവേഷണ രംഗത്ത് ലോകനിലവാരമുള്ള ഒരു സ്ഥാപനമായി മാറണമെന്ന ആഗ്രഹമായിരുന്നു മുഖ്യമന്ത്രിക്ക്. അതിന് എല്ലാ സ്വാതന്ത്യവും അച്യുതമേനോൻ വല്യത്താന് അനുവദിച്ചു. വിദേശത്തു നിന്നു വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്ക്കു വാൽവ് ലഭ്യമാക്കാൻ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളുടെ മാറ്റ് ഏറെയാണ്. രക്തബാഗുകൾ നിർമിച്ചു വ്യാപകമാക്കിയതു മറ്റൊരു ഉദാഹരണം. "മേയ്ക്ക് ഇൻ ഇന്ത്യ' ഒക്കെ ഭരണാധികാരികളുടെ ആലോചനകളിൽപ്പോലും വന്നത് എത്ര ദശകങ്ങൾക്കു ശേഷമാണെന്ന് ഓർക്കുമ്പോഴാണ് വല്യത്താന്‍റെ സേവനത്തിന്‍റെ വ്യാപ്തി കൂടുതൽ ദീപ്തമാവുന്നത്.
രണ്ടു പതിറ്റാണ്ടത്തെ സേവനത്തിനു ശേഷം ശ്രീചിത്രയിൽ നിന്ന് വിരമിച്ച ഡോ. വല്യത്താൻ ദേശീയ ശാസ്ത്ര അക്കാദമി അധ്യക്ഷനും, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ ഉപാധ്യക്ഷനുമായിരുന്നു. കോഴിക്കോട്ട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാൻ മുൻകൈയെടുത്തതും അദ്ദേഹമാണ്. 1990ൽ പദ്മശ്രീയും 2005ൽ പദ്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു. 1999 ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് ഷെവലിയർ പട്ടം നൽകി. ശാസ്ത്രമേഖലയിൽ വല്യത്താന്‍റെ വലിപ്പം അംഗീകരിക്കാത്തവർ തീരെ കുറവായതിനാൽ ആ മേഖലയിലെ മിക്കവാറും പുരസ്കാരങ്ങൾ സമർപ്പിച്ച് അവ സ്വയം ബഹുമാനിതമായി.
പുതിയകാലത്തെ ആധുനിക വൈദ്യ ശാസ്ത്രത്തോട് വിയോജിപ്പ് പരസ്യമാക്കിയ ഈ ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ "ആയുര്‍വേദ ബയോളജി' എന്ന നവീനചിന്തയ്ക്ക് തുടക്കമിട്ടു. ഹോമി ഭാഭ കൗൺസിലിന്‍റെ സീനിയർ ഫെലോഷിപ്പോടെ ആയുർവേദ പൈതൃകത്തെക്കുറിച്ച് ഡോ. വല്യത്താൻ നടത്തിയ പഠനങ്ങൾ ഈ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗവേഷണങ്ങളായി വിലയിരുത്തപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ ജ്ഞാനബോധ്യങ്ങളോടെ ആയുർവേദ ചിന്തകളെ സമീപിക്കുന്ന ഈ പഠനത്തിൽ ചരകന്‍റെയും സുശ്രുതന്‍റെയും വാഗ്ഭടന്‍റെയും ജ്ഞാനപൈതൃക ഗരിമ അവതരിപ്പിക്കുന്ന "ലഗസി ഓഫ് ചരക', "ലഗസി ഓഫ് സുശ്രുത', "ലഗസി ഓഫ് വാഗ്ഭട' എന്നിങ്ങനെ വിശിഷ്ടങ്ങളായ കൃതികൾ ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടാണ്. "അഷ്ടാംഗഹൃദയ'ത്തിന്‍റെ ആധികാരിക മലയാള വിവർത്തനങ്ങളിലൊന്ന് അദ്ദേഹത്തിന്‍റേതാണ്.
ആയുർവേദത്തിനുനേരെ ശത്രുതയോടെ മുഖം തിരിക്കുന്ന അലോപ്പതിക്കാരുടെ ഇക്കാലത്ത് ഡോ. വല്യത്താന്‍റെ ഈ വാക്കുകൾ എന്നും പ്രസക്തമാണ്: ""ഭൗതിക ശാസ്ത്രജ്ഞർ, രസതന്ത്രജ്ഞർ, രോഗപ്രതിരോധ ശാസ്ത്രജ്ഞർ, തന്മാത്രാ ജീവശാസ്ത്രജ്ഞർ എന്നിവർക്ക് ആയുർവേദ ഡോക്റ്റർമാരുമായി സംവദിക്കാൻ കഴിയുന്ന ഒരു പൊതുസ്ഥലമില്ല. ആയുർവേദം വൈദ്യശാസ്ത്രത്തിന്‍റെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജീവശാസ്ത്രങ്ങളുടെയും മാതാവാണ്. ഇതൊക്കെയാണെങ്കിലും, ആയുർവേദത്തിൽ നിന്ന് ശാസ്ത്രം പൂർണമായും വിട്ടുനിൽക്കുകയാണ്''. ആ വിട്ടുനിൽക്കലിലുള്ള ഖിന്നത പരസ്യമായി പ്രകടിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.
"രോഗിക്ക് ആശ്വാസം നൽകാനാണ് ചികിത്സാ ശാസ്ത്രം' എന്ന് ആത്മാർഥമായി വിശ്വസിക്കുകയും അതിനായി ലോകമെമ്പാടുമുള്ള അറിവ് ആർജിക്കുകയും അത് തലമുറകളിലേക്ക് പകരുകയും ചെയ്ത ജ്ഞാന താപസനായിരുന്നു ഡോ. വല്യത്താൻ. അതിനിടയിൽ കൈവന്ന സ്ഥാനമാനങ്ങളും ബഹുമതികളും ഈ യാത്രക്കിടയിലെ പാഥേയങ്ങളായേ അദ്ദേഹം കരുതിയുള്ളൂ. മലയാളി എക്കാലത്തും ആതുരശുശ്രൂഷാ രംഗത്ത് അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന എം.എസ്. വല്യത്താൻ എന്ന ദീപസ്തംഭത്തിന്‍റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു.