രാജ്യത്തെ വലിയൊരു വിഭാഗം ആളുകളുടെ ദീർഘകാലമായുള്ള കാത്തിരിപ്പാണ് അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടെ അവസാനിച്ചിരിക്കുന്നത്. ഇന്നു മുതൽ രാമക്ഷേത്രത്തിൽ ദർശനം നടത്താൻ അനേകായിരങ്ങളാണ് എത്തുക. രാജ്യത്തെ ഏറ്റവും പ്രമുഖമായ തീർഥാടന കേന്ദ്രമായി അയോധ്യ മാറുകയാണ്. ആയിരം വർഷം കഴിഞ്ഞാലും ഈ ദിനം ജനങ്ങൾ ഓർക്കുമെന്നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിനു ശേഷം വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പുതിയ കാലചക്രത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി. ക്ഷേത്ര നിർമാണം പകരുന്ന പുതിയ ഊർജത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ശ്രീരാമൻ തീയല്ല ഊർജമാണ്, തർക്കമല്ല പരിഹാരമാണ്, നമ്മുടേതു മാത്രമല്ല എല്ലാവരുടേതുമാണ്- പ്രധാനമന്ത്രി പറഞ്ഞു. ഈ ഊർജം, ഈ പരിഹാരം, എല്ലാവരുടേതുമാണെന്ന ബോധ്യം രാജ്യത്തു മൊത്തം എന്നും നിലനിൽക്കണം. എല്ലാ തർക്കങ്ങൾക്കും ഒരു പരിഹാരമുണ്ട്, ഉണ്ടാവണം. വിശാല താത്പര്യം മുൻനിർത്തി പരസ്പരമുള്ള വിട്ടുവീഴ്ചകളിലൂടെയും ത്യാഗങ്ങളിലൂടെയും ഒക്കെയാണു ചില പരിഹാരങ്ങൾ കണ്ടെത്താനാവുന്നത്. വിയോജിപ്പുകൾ മാറ്റിവച്ചും യോജിക്കുന്നത് നാടിന്റെ കെട്ടുറപ്പിനും കരുത്തിനും വേണ്ടിയാണ്. അയോധ്യയിലുയർന്ന രാമക്ഷേത്രം അതെല്ലാം ഓർക്കുന്നതിനു സഹായിക്കട്ടെ.
ദീർഘകാലം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിൽ 2019 നവംബറിലെ സുപ്രീം കോടതി വിധിയോടെയാണ് തർക്കം നിലനിന്നിരുന്ന ഭൂമിയിൽ ശ്രീരാമക്ഷേത്രം നിർമിക്കാനുള്ള നിയമപരമായ അവകാശമായത്. ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കാനും തകർക്കപ്പെട്ട ബാബറി മസ്ജിദിനു പകരം മസ്ജിദ് നിർമിക്കുന്നതിന് മറ്റൊരു സ്ഥലത്ത് അഞ്ചേക്കർ ഭൂമി നൽകാനും പരമോന്നത കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി സർക്കാരിനോടു നിർദേശിക്കുകയായിരുന്നു. കോടതിയുടെ നിർദേശം അനുസരിച്ചാണ് കേന്ദ്ര സർക്കാർ ക്ഷേത്രം നിർമിക്കുന്നതിനു ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ചതും അവരുടെ നിരീക്ഷണത്തിൽ വളരെ വേഗം തന്നെ പ്രവർത്തനങ്ങൾ നടന്നതും. 2020 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി മോദി ക്ഷേത്രത്തിനു തറക്കല്ലിടുന്നത്. വിവിധ മേഖലകളിൽ പെട്ട പ്രമുഖരുടെ വൻനിര ഇന്നലെ പ്രതിഷ്ഠാ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കേരളത്തിലടക്കം നാടെങ്ങും വിശ്വാസികളുടെ ആഘോഷ പരിപാടികളും ഉണ്ടായിരുന്നു.
ഇതിനിടയിലും രാഷ്ട്രീയമായ തർക്കങ്ങൾ നിലനിന്നു എന്നതു നിർഭാഗ്യകരമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിഷ്ഠാചടങ്ങ് ബിജെപിയും സംഘപരിവാറും രാഷ്ട്രീയവത്കരിച്ചു എന്നാണു പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ ഏകകണ്ഠമായി പറയുന്നത്. അതേസമയം, ശ്രീരാമനോടു താത്പര്യമില്ലാത്തതുകൊണ്ട് പ്രതിപക്ഷ കക്ഷി നേതാക്കൾ വിട്ടുനിന്നുവെന്ന് ബിജെപിയും ആരോപിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അയോധ്യാ രാഷ്ട്രീയത്തിന്റെ തുടർച്ച തന്നെയാണിത്. മതവും രാഷ്ട്രീയവും തമ്മിലുള്ള അതിർ വരമ്പുകൾ നേർത്തിരിക്കുന്നത് ഇപ്പോൾ മാത്രമൊന്നുമല്ല എന്നതാണല്ലോ വാസ്തവം. രണ്ടും കൂട്ടിക്കലർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പരിശ്രമങ്ങൾക്ക് ഉദാഹരണങ്ങൾ നിരവധിയുണ്ട്. പ്രധാനമന്ത്രി അവകാശപ്പെടുന്ന പുതിയ കാലചക്രത്തിൽ അതിനുകൂടി അന്ത്യം കുറിക്കാൻ കഴിഞ്ഞെങ്കിലെന്നു യഥാർഥ ജനാധിപത്യ- മതേതര വിശ്വാസികൾ ആഗ്രഹിക്കുന്നുണ്ടാവും.
പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപിക്കുന്ന ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിലാണ് അയോധ്യയിലെ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിനായി ഒരുക്കിയ എൽഇഡി സ്ക്രീനുകൾ സംസ്ഥാന പൊലീസ് പിടിച്ചെടുത്തതായി ആരോപണം ഉയർന്നത്. വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി തത്സമയ സംപ്രേഷണം വിലക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയ്ക്കും അന്നദാനത്തിനും വിലക്കേർപ്പെടുത്തിയെന്നും ബിജെപി ആരോപിക്കുകയുണ്ടായി. എന്നാൽ, ഒന്നിനും വിലക്ക് ഏർപ്പെടുത്തിയില്ലെന്നാണ് തമിഴ്നാട് സർക്കാർ വാദിച്ചത്. തെരഞ്ഞെടുപ്പു കാലമാണ് വരുന്നത്. ജനങ്ങളുടെ മനസിൽ തീ പിടിപ്പിക്കാൻ എളുപ്പമാണ്, അതിനു പകരം നല്ല ഊർജം പകരാനാണു വിഷമം. തീ കോരിയിടാൻ ആരും ശ്രമിക്കാതിരിക്കണം. സഹവർത്തിത്വത്തിന്റെ, സമന്വയത്തിന്റെ സാക്ഷിയായി രാമക്ഷേത്രം തലയെടുപ്പോടെ നിലകൊള്ളട്ടെ. ധർമത്തെ ഉയർത്തിപ്പിടിക്കുന്ന ശ്രീരാമൻ മര്യാദാ പുരുഷോത്തമനാണ്. വിദ്വേഷ പ്രചാരണങ്ങൾക്ക് രാമരാജ്യത്തിൽ പ്രസക്തിയില്ല. രാമക്ഷേത്രം യാഥാർഥ്യമായതിൽ സന്തോഷിക്കുന്ന കോടിക്കണക്കിനു വിശ്വാസികൾക്കൊപ്പം നിൽക്കുമ്പോൾ തന്നെ രാമരാജ്യത്തിന്റെ മഹത്വവും കാത്തുസൂക്ഷിക്കാം.