ബാങ്കായാലും അൽപ്പം മനുഷ്യത്വമാവാം|മുഖപ്രസംഗം

നൂറുകണക്കിനു സാധാരണക്കാരായ നിക്ഷേപകരെ വഞ്ചിച്ച് അവരുടെ കണ്ണീരും വേദനയും അറിയാതെ ഇത്രനാളും വിലസി നടന്നവർ ആരായാലും ‌പിടിക്കപ്പെടുക തന്നെ വേണം.
Representative image
Representative image
Updated on

സംസ്ഥാനത്ത് സഹകരണ ബാങ്ക് തട്ടിപ്പുകൾ സംബന്ധിച്ചുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അന്വേഷണം കോളിളക്കമുണ്ടാക്കുന്ന സമയമാണിത്. കരുവന്നൂർ ബാങ്കിൽ നടന്നതായി പുറത്തുവരുന്ന കഥകൾ ആരെയും ഞെട്ടിക്കുന്നതാണ്. നൂറുകണക്കിനു സാധാരണക്കാരായ നിക്ഷേപകരെ വഞ്ചിച്ച് അവരുടെ കണ്ണീരും വേദനയും അറിയാതെ ഇത്രനാളും വിലസി നടന്നവർ ആരായാലും ‌പിടിക്കപ്പെടുക തന്നെ വേണം. അന്വേഷണം നടന്നാൽ ബാങ്ക് പ്രതിസന്ധിയിലാവും, അതുകൊണ്ട് ഏതു തട്ടിപ്പു കണ്ടാലും കണ്ണടച്ചുകൊടുക്കണം എന്നു പറയുന്നത് നിക്ഷേപകരെ വഞ്ചിക്കുന്നതിനു തുല്യമാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം നിക്ഷേപകർക്കു പണം തിരിച്ചുകിട്ടാൻ ഏതെങ്കിലും വിധത്തിൽ സഹായകമാവുമെങ്കിൽ അതു നല്ല കാര്യം തന്നെയാണ്.

കരുവന്നൂരിലേതുപോലുള്ള തട്ടിപ്പുകൾ മാത്രമല്ല ബാങ്കുകളിൽ നടക്കുന്നത് എന്നതും കാണാതിരിക്കേണ്ടതില്ല. പൊതുമേഖലാ ബാങ്കുകളിൽ നിന്നു കോടികൾ തട്ടിയെടുത്ത് രാജ്യം വിട്ടവരുണ്ട്. നീരവ് മോദിയും വിജയ് മല്യയും പോലുള്ളവർ ആയിരക്കണക്കിനു കോടി രൂപയുടെ വായ്പകളെടുത്താണ് തിരിച്ചടയ്ക്കാതെ രാജ്യത്തുനിന്നു മുങ്ങിയത്. എന്നാൽ, അതു നിക്ഷേപകരെ നേരിട്ടു ബാധിച്ചിട്ടില്ല എന്ന വ്യത്യാസമാണുള്ളത്. അതിനർഥം ഇത്തരം കൊള്ളകൾ നിസാരമായി കാണേണ്ടതാണ് എന്നല്ല താനും. ബാങ്കുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന ആരെയും വെറുതെ വിടരുത്. ഇത്തരം തട്ടിപ്പുകാരെ പിടികൂടി ശിക്ഷിക്കാൻ കഴിയാതെ വരുന്നതു ഗുരുതരമായ വിഷയം തന്നെയാണ്.

എന്നാൽ, കോടിക്കണക്കിനു രൂപയുടെ വലിയ തട്ടിപ്പുകൾ നടത്തിയവരെ തൊടാൻ പോലും കഴിയാതിരിക്കുമ്പോഴാണ് ഒന്നോ രണ്ടോ തവണ വായ്പാ തിരിച്ചടവു മുടങ്ങിയതിന്‍റെ പേരിൽ സാധാരണക്കാരായ വായ്പക്കാരെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ആത്മഹത്യയിലേക്കു വരെ നയിക്കുകയും ചെയ്യുന്ന ചില ബാങ്ക് ഉദ്യോഗസ്ഥരുടെ മനഃസാക്ഷിയില്ലാത്ത പെരുമാറ്റവും ഉണ്ടാകുന്നത്‌. ഗതികെട്ട് വായ്പയെടുക്കേണ്ടിവരുന്ന സാധാരണക്കാർ പൊതുവേ മുഴുവൻ തുകയും തിരിച്ചടയ്ക്കുന്നതാണ്. പ്രതിസന്ധി വരുമ്പോൾ ചില ഗഡുക്കൾ മുടങ്ങിയാലും പിന്നീട് ഏതെങ്കിലും വിധത്തിൽ എല്ലാം തിരിച്ചുകൊടുക്കാറുണ്ട്. ബാങ്കുകളുടെ നിയമ നടപടികളെ നേരിടാൻ അവർക്കു പൊതുവേ ഭയമാണ്. നാലാൾ അറിഞ്ഞാൽ നാണക്കേടാകുമെന്ന ചിന്തയുമുണ്ട്. ഇതൊക്കെ അറിയാവുന്ന ഉദ്യോഗസ്ഥർ ഗതികേടുകാരനെ മഹാതട്ടിപ്പുകാരനായി കാണുന്നതിനു മാറ്റമുണ്ടാവേണ്ടതാണ്.

കോട്ടയം കുടയംപടിയിൽ ചെറുകിട വ്യാപാരം നടത്തിയിരുന്ന അമ്പതുകാരൻ ബിനു ആത്മഹത്യ ചെയ്യാൻ ഇടയായത് ബാങ്ക് അധികൃതരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റം മൂലമാണെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്. കച്ചവടത്തിനായി അഞ്ചു ലക്ഷം രൂപ സ്വകാര്യ മേഖലയിലുള്ള കർണാടക ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്ന ബിനു മാസം പതിനാലായിരം രൂപ വീതം തിരിച്ചടച്ചുകൊണ്ടിരുന്നതാണ്. രണ്ടു മാസത്തെ കുടിശ്ശിക വന്നപ്പോഴേക്കും ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണിയുമായി ഇറങ്ങുകയായിരുന്നു. കടയിൽ ചെന്നു ഭീഷണിപ്പെടുത്തുക, അവിടെയുള്ള പണം എടുത്തുകൊണ്ടു പോകുക തുടങ്ങിയ നടപടികൾ ബിനുവിനെ മറ്റുള്ളവർക്കു മുന്നിൽ അവഹേളിക്കുന്നതായിരുന്നു. ബാങ്ക് ജീവനക്കാർ ഇയാളെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ഭീഷണി തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു ബിനു പറയുമ്പോൾ അതിനു ഞങ്ങൾക്കെന്താ എന്ന പ്രതികരണവും ബാങ്ക് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ കണ്ണിൽ ചോരയില്ലാത്ത പെരുമാറ്റം ഒരു കുടുംബത്തിന്‍റെ നാഥനെയാണ് ഇല്ലാതാക്കിയത്. അൽപ്പം സമയവും സാവകാശവും നൽകുകയും മനുഷ്യത്വം കാണിക്കുകയുമൊക്കെ ഏത് ബാങ്ക് ഉദ്യോഗസ്ഥനും ചെയ്യാവുന്നതാണ്.

ഇത് ഒരു ബാങ്കിന്‍റെ പേരിൽ മാത്രം ഉയരുന്ന ആരോപണമല്ല. മുൻപും സാധാരണക്കാർ ബാങ്കുകളുടെ ഭീഷണികൾക്കു വിധേയമാവേണ്ടിവന്നിട്ടുണ്ട്. വൻകിടക്കാർ കോടികൾ തട്ടിച്ചുകൊണ്ടുപോകുമ്പോൾ ചെറുവിരൽ അനക്കാൻ പോലും കഴിയാത്തവർ സാധാരണക്കാരോട് പെരുംകള്ളൻമാരോടു പെരുമാറുന്ന രീതിയിൽ ഇടപെടുന്നത് മെക്കിട്ട് കയറാൻ എളുപ്പമായതു കൊണ്ടാവാം.

Trending

No stories found.

Latest News

No stories found.