'മഞ്ഞ'ണിഞ്ഞ് ആറാം തമ്പുരാൻ|മുഖപ്രസംഗം

തങ്ങളെ ആദ്യം തോൽപ്പിച്ച ടീമുകളെയാണ് സെമിയിലും ഫൈനലിലുമായി ഓസ്ട്രേലിയ കീഴടക്കിയത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം
Updated on

അസാധാരണമായൊരു മുന്നേറ്റം അവിശ്വസനീയമായ തകർച്ചയിൽ അവസാനിക്കുന്നതാണ് ഞായറാഴ്ച ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വിജയാഘോഷത്തിനു കാത്തിരുന്ന ഒന്നര ലക്ഷത്തോളം കാണികളെ മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെയും നിരാശയുടെ അങ്ങേത്തലയ്ക്കൽ എത്തിച്ചു, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ തോൽവി. ഏകദിന ലോകകപ്പ് ആറാം തവണയും ഓസ്ട്രേലിയ കൊണ്ടുപോയി എന്നതിൽ സാധാരണ നിലയിൽ അതിശയം തോന്നേണ്ടതില്ല. കാരണം, ഫൈനലിലെത്തുന്ന കങ്കാരുക്കളെ തോൽപ്പിക്കാൻ എളുപ്പമല്ലെന്ന് ക്രിക്കറ്റ് അറിയുന്ന ഏതു കുട്ടിക്കും ബോധ്യമുണ്ടാവും. മത്സരങ്ങൾ തുടങ്ങുമ്പോൾ ഫോമിലേക്ക് അടിവച്ചു കയറാൻ തുടങ്ങുന്ന ഓസീസ് മികവിന്‍റെ സ്ഥിരതയിലെത്തിക്കഴിഞ്ഞാൽ പിന്നെയവരെ പിടിച്ചുകെട്ടുക ഏറെക്കുറെ അസാധ്യമാണ്. വർഷങ്ങളായി അവർ കാഴ്ചവയ്ക്കുന്ന തികഞ്ഞ പ്രൊഫഷണലിസത്തിന്‍റെ മറ്റൊരു പതിപ്പു തന്നെയാണ് അഹമ്മദാബാദിലും കണ്ടത്.

പക്ഷേ, അതിശയപ്പെടുത്തുന്നത് ഇന്ത്യയുടെ പ്രകടനമാണ്. രോഹിത് ശർമയുടെ സംഘം തോൽവിയറിയാതെയാണു കലാശക്കളി വരെ എത്തിയത്. തുടർച്ചയായ 10 വിജയങ്ങൾ. ഇക്കഴിഞ്ഞ ഒന്നരമാസക്കാലം അസാധാരണ മികവിൽ തന്നെയായിരുന്നു ടീം ഇന്ത്യ. ഈ ലോകകപ്പിൽ കളിച്ച മുഴുവൻ ടീമുകളെയും തോൽപ്പിച്ചു എന്നതു ചെറിയ കാര്യമേയല്ല. അങ്ങനെയൊരു ടീമാണ് അന്തിമ വിധിയിൽ തെറിച്ചുപോയത്. അതേസമയം, ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റാണ് ഓസ്ട്രേലിയ തുടങ്ങിയത്. പരാജയത്തിൽ നിന്ന് അവർ കെട്ടിപ്പടുത്ത ആത്മവിശ്വാസം സെമിയിലും ഫൈനലിലും എത്തിയപ്പോഴേക്കും പരകോടിയിലെത്തിയിരുന്നു. ആതിഥേയരായ കാണികളുടെ നീലക്കടൽ അലയടിക്കുമ്പോഴും എത്ര ഭംഗിയായാണ് അവർ ഒഴുക്കിനെതിരേ നീന്തിയത്. തങ്ങളെ ആദ്യം തോൽപ്പിച്ച ടീമുകളെയാണ് സെമിയിലും ഫൈനലിലുമായി ഓസ്ട്രേലിയ കീഴടക്കിയത്. അങ്ങനെ നോക്കുമ്പോൾ ഈ ലോകകപ്പിലെ മുഴുവൻ ടീമുകളെയും അവരും തോൽപ്പിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് മൂന്നാം ലോകകപ്പ് കിട്ടാൻ ഇനി 4 വർഷം കാത്തിരിക്കണം. ഇന്നത്തെ ടീമിലുള്ള പലരും അന്നു കളിക്കാനുണ്ടാവില്ല. നായകനെന്ന നിലയിൽ ലോകകപ്പ് ഉയർത്താൻ രോഹിത് ശർമയ്ക്ക് ഇനി കഴിയുമെന്നു കരുതാനാവില്ല. ഏകദിനത്തിലെ സെഞ്ചുറികളിൽ ലോക റെക്കോഡ് കുറിച്ച വിരാട് കോലിക്കും ഇനിയൊരു അവസരം ഉണ്ടാവില്ല. മുഹമ്മദ് ഷമിക്ക് ഇതുപോലെ പന്തെറിയാനും കഴിഞ്ഞെന്നു വരില്ല. സമീപകാല ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ടീമിന് 10 വിജയങ്ങൾക്കു ശേഷമുള്ള ഒരൊറ്റ തോൽവിയിൽ ലോകകപ്പ് കൈമോശം വന്നിരിക്കുന്നു.

പ്രതീക്ഷിച്ചതിലും സ്‌ലോയും വരണ്ടതുമായിരുന്നു അഹമ്മദാബാദിലെ പിച്ച് എന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ അതു ബാധിച്ചതായി കരുതാവുന്നതാണ്. ബാറ്റിങ്ങിൽ ആദ്യ 10 ഓവറിനു ശേഷമുണ്ടായ ബൗണ്ടറി വരൾച്ച റൺ റേറ്റ് ഇടിക്കുകയും ഓസ്ട്രേലിയൻ ലക്ഷ്യം താരതമ്യേന എളുപ്പമാക്കുകയും ചെയ്തു. കോലി - രാഹുൽ അർധ സെഞ്ചുറി സഖ്യം ഒഴികെ വലിയ കൂട്ടുകെട്ടുകളും ഉണ്ടായില്ല. തുടർച്ചയായി വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോൾ സ്ട്രാറ്റജി പിഴച്ച രോഹിത് ടീമിന് ഓസ്ട്രേലിയൻ ഇന്നിങ്സിന്‍റെ തുടക്കത്തിൽ കിട്ടിയ വിക്കറ്റുകളും മുതലാക്കാനായില്ല. നായകൻ പാറ്റ് കമ്മിൻസിന്‍റെ ബൗളിങ് ചേഞ്ചുകൾ അടക്കം കങ്കാരുക്കളുടെ പ്ലാനിങ്ങും സ്ട്രാറ്റജിയും കൃത്യമായി വന്നുഭവിച്ചു എന്നതും പറയാതെ വയ്യ.

വിജയശിൽപ്പിയായ ട്രാവിസ് ഹെഡിന്‍റെ അഗ്രസീവ് ബാറ്റിങ് ഇന്ത്യൻ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായി. ഫീൽഡിങ്ങിനിടെ ഇന്ത്യയെ ഞെട്ടിച്ച റണ്ണിങ് ക്യാച്ചിലൂടെ രോഹിത് ശർമയെ പുറത്താക്കി തുടക്കമിട്ട അദ്ഭുതത്തിനാണ് ഹെഡ് ബാറ്റ് കൊണ്ടു തുടർച്ചയേകിയത്. ഫീൽഡിങ്ങിലെ ഓസ്ട്രേലിയൻ മികവ് ഇന്ത്യയ്ക്കു കണ്ടു പഠിക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ചു സഹായമൊന്നും ചെയ്യാത്ത പിച്ചിനെ ഓസ്ട്രേലിയൻ ബൗളർമാർ എങ്ങനെ വശത്താക്കി എന്നതും മനസിലാക്കിയെടുക്കേണ്ടതാണ്.

Trending

No stories found.

Latest News

No stories found.