ആവർത്തിക്കാൻ അനുവദിക്കരുത്, ഇത്തരം ദുരന്തങ്ങൾ| മുഖപ്രസംഗം

കോളെജുകളിലെ ആഘോഷ പരിപാടികൾക്കു കർശനമായ നിയന്ത്രണം 2015ൽ തന്നെ ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുള്ളതാണ്.
ആവർത്തിക്കാൻ അനുവദിക്കരുത്, ഇത്തരം ദുരന്തങ്ങൾ| മുഖപ്രസംഗം
Updated on

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) തിക്കിലും തിരക്കിലും പെട്ട് മൂന്നു വിദ്യാർഥികളടക്കം നാലുപേർ ദാരുണമായി മരിക്കാനിടയായത് കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേർക്കു പരുക്കേൽക്കുകയും ചിലരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നുണ്ട്. പൊലീസും ഉന്നത വിദ്യാഭ്യാസ വകുപ്പും സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുകയാണ്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണു സർക്കാർ വ്യക്തമാക്കുന്നത്. ആളു കൂടുന്ന പരിപാടികൾക്കു പുതുക്കിയ പ്രത്യേക പ്രോട്ടോകോൾ കൊണ്ടുവരുമെന്നു പൊലീസും പറയുന്നു. കാലതാമസമില്ലാതെ അവയെല്ലാം നടപ്പാവുമെന്നു പ്രതീക്ഷിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതടക്കം, ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനത്തിനു കൃത്യമായ മാർഗരേഖയുണ്ടാവുന്നതു സ്വാഗതാർഹമാണ്.

ക്യാംപസുകളിലെ പരിപാടികൾക്കു പൊതു മാർഗനിർദേശം കൊണ്ടുവരുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്തൊക്കെ നിർദേശങ്ങളാണു നടപ്പിൽ വരുന്നതെന്ന് അതു വന്നതിനു ശേഷമേ അറിയാനാവൂ. എന്തായാലും ക്യാംപസുകളിൽ യാതൊരു നിയന്ത്രണവുമില്ലാതെയും മുന്നൊരുക്കങ്ങളില്ലാതെയും ആളുകൾ തിങ്ങിക്കൂടുന്ന സാഹചര്യമുണ്ടാവുന്നത് ഒഴിവാക്കേണ്ടതുണ്ട്. കുസാറ്റിലെ ദുരന്തം അതു വ്യക്തമായി തെളിയിക്കുകയാണ്. കോളെജുകളിലെ ആഘോഷ പരിപാടികൾക്കു കർശനമായ നിയന്ത്രണം 2015ൽ തന്നെ ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുള്ളതാണ്. രാത്രി ഒമ്പതിനു ശേഷം ക്യാംപസുകളിൽ ആഘോഷങ്ങൾ അനുവദിക്കരുതെന്നാണു നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇത്തരം നിർദേശങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെയായിരുന്നു കഴിഞ്ഞ ദിവസത്തെ ദുരന്തം. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ ഫെസ്റ്റിന്‍റെ പ്രധാന ആകർഷണമായിരുന്നു. അതിനായി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് ആളുകളെ കടത്തിവിടുന്നതിനിടെയാണു തിക്കും തിരക്കുമുണ്ടായത്. എൻജിനീയറിങ് വിഭാഗത്തിലെ രജിസ്റ്റർ ചെയ്തവർക്കായിരുന്നു ആദ്യ പരിഗണന. സർവകലാശാലയിലെ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾ പിന്നീട്, മറ്റുള്ളവർ അതും കഴിഞ്ഞ്. ഇങ്ങനെ സ്ഥലമനുസരിച്ച് കയറ്റിവിടാനായിരുന്നു തീരുമാനമത്രേ. അകത്തു കടക്കാനും പുറത്തിറങ്ങാനും ഓഡിറ്റോറിയത്തിലെ ഒരൊറ്റ ഗേറ്റ് മാത്രമേ തുറന്നിരുന്നുള്ളൂ. നൂറുകണക്കിന് കുട്ടികളും മറ്റാളുകളും ഗേറ്റിനു പുറത്തു കാത്തുനിന്നിരുന്നു. ഗേറ്റ് തുറന്ന് ആളുകളെ കയറ്റിവിടുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘാടർക്കു നിയന്ത്രിക്കാനായില്ല. മഴ ചാറിയത് ആളുകൾ തിക്കിത്തിരക്കാനുള്ള കാരണമായെന്നും എന്നു പറയുന്നുണ്ട്. അതല്ല മഴ മാറിയ ശേഷമാണു തിരക്കുണ്ടായത് എന്നും പറയുന്നു. എന്തായാലും ഗേറ്റ് കടന്നാലുടൻ ഓഡിറ്റോറിയത്തിലേക്ക് ഇറക്കമാണ്, കുത്തനെയുള്ള പടികളുമുണ്ട്. ഈ പടികളിൽ നിന്നു താഴേക്കു വീണാണ് അപകടമുണ്ടായത്. പിന്നാലെ തിക്കിത്തിരക്കി വന്നവർ ആദ്യം വീണവർക്കു മേൽ ചവിട്ടി, അവരും വീണു എന്നു പറയുന്നു. അപ്പോഴും അകത്തു നടക്കുന്ന അലമുറയിടൽ കാതിൽപ്പെടാതെ പുറത്തുനിന്നുള്ള തള്ളൽ തുടർന്നു. ഏതാനും നിമിഷങ്ങൾ കൊണ്ടാണ് ദുരന്തം സംഭവിക്കുന്നത്.

ഓഡിറ്റോറിയത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലുമധികം ആളുകൾ പരിപാടിക്കെത്തിയെന്നും തിരക്കു നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം ഉണ്ടായിരുന്നില്ല എന്നും പറയുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതാണ്. രണ്ടായിരത്തോളം പേർ എത്തുന്ന ഒരു പരിപാടിയെക്കുറിച്ച് പൊലീസിനു യാതൊരു ധാരണയുമില്ലായിരുന്നു. ആറു പൊലീസുകാർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. പരിപാടി നടക്കുന്നത് തങ്ങളെ രേഖാമൂലം അറിയിച്ചില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. വാക്കാൽ അറിയിച്ചിരുന്നുവെന്ന് വൈസ് ചാൻസലറും പറയുന്നു. കോളെജ് കോംപൗണ്ടിൽ പരിപാടി നടത്താൻ പൊലീസിന്‍റെ അനുമതി ആവശ്യമില്ല എന്നാണു പറയുന്നതെങ്കിലും, ഇത്രയേറെപ്പേർ പങ്കെടുക്കുന്നതിനാൽ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സഹായം തേടാവുന്നതായിരുന്നു. എന്നാൽ, പൊലീസ് ഉണ്ടായിന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു എന്നു പറയാനുമാവില്ല.

മുന്നൊരുക്കങ്ങൾ വേണ്ടത്ര ഉണ്ടായിരുന്നില്ല എന്നു തന്നെയാണു പൊതുവേ കരുതുന്നത്. സമയക്രമം പാലിച്ച് വിദ്യാർഥികളെ കയറ്റിവിടുന്നതിൽ പാളിച്ച സംഭവിച്ചെന്നും അതു തിരക്കിനു വഴിവച്ചെന്നും വൈസ് ചാൻസലർ പറയുകയുണ്ടായി. പ്രതീക്ഷിക്കാത്ത ആൾക്കൂട്ടം പരിപാടിക്കെത്തിയപ്പോൾ അവരെ അകത്തു കയറ്റുന്നതിലുണ്ടായ കാലതാമസം അവസാന നിമിഷം തിരക്കു കൂടാൻ കാരണമായിട്ടുണ്ടാവാം. ഇതൊക്കെ അന്വേഷിച്ചു സ്ഥിരീകരിക്കേണ്ടതാണ്.

എന്തായാലും, കേരളത്തിലെ ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹങ്ങൾ അടക്കമുള്ള പരിപാടികളിൽ കാണുന്ന തിക്കും തിരക്കും വെപ്രാളവും "ഞാനാദ്യം, ഞാനാദ്യം' എന്ന ബഹളവും അതിനായുള്ള ഒച്ചപ്പാടുകളുമൊക്കെ മലയാളിയുടെ പൊതു സ്വഭാവമായി അംഗീകരിച്ചുകഴിഞ്ഞതാണ്. കേവലമൊരു സദ്യയുണ്ണാൻ ഗേറ്റ് പൊളിച്ച് കയറാൻ പോലും വെമ്പുന്ന വിധത്തിലേക്കു നമ്മുടെ സാമൂഹ്യ സംസ്കാരം അധഃപതിച്ചിരിക്കുന്നു. വിമാനത്താവളത്തിലായാലും സിനിമാ തിയെറ്ററിലായാലും മദ്യ ഷോപ്പിലായാലും ക്യൂ നിൽക്കാനും അച്ചടക്കം പാലിക്കാനും മലയാളിക്ക് വിമുഖതയാണ്. ഈ സ്വഭാവം മാറണമെങ്കിൽ അച്ചടക്കം ചെറുപ്പത്തിലേ ശീലമാക്കണം, അതു സ്കൂളുകളിൽ പഠിപ്പിക്കണം. അല്ലാതെ ഇത്തരം ദുരന്തങ്ങളിൽ നിന്ന് നാം രക്ഷപ്പെടില്ല.

Trending

No stories found.

Latest News

No stories found.