സംസ്ഥാനത്ത് ആദ്യമായി ഓൺലൈനായി നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. 79,000ൽ ഏറെ വിദ്യാർഥികൾ എഴുതിയ പ്രവേശന പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കാൻ ബന്ധപ്പെട്ടവർക്കു കഴിഞ്ഞു. ഈ പരീക്ഷയ്ക്കു വേണ്ടി സോഫ്റ്റ് വെയർ ഒരുക്കിയ സി-ഡിറ്റ്, പരീക്ഷാനടത്തിപ്പിന് ഉത്തരവാദപ്പെട്ട പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ്, കോളെജ് വിദ്യാഭ്യാസ ഡയറക്റ്ററേറ്റ് എന്നിവരെ കഴിഞ്ഞ ദിവസം ഫലപ്രഖ്യാപനത്തിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അഭിനന്ദിക്കുകയുണ്ടായി. പ്രവേശന പരീക്ഷ ഈ വർഷം മുതൽ ഓൺലൈനായി നടത്തുമെന്നു കഴിഞ്ഞവർഷം തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. അതിനുശേഷം അതിനുള്ള പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവെന്നാണു വിജയകരമായ പരീക്ഷാനടത്തിപ്പു കാണിക്കുന്നത്. അതിനാൽ തന്നെ ഇവർ അഭിനന്ദനം അർഹിക്കുന്നതുമാണ്.
മൊത്തം 52500 പേരാണ് ഇത്തവണ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 24,646 പെൺകുട്ടികൾ ഉൾപ്പെടുന്നുണ്ട്. ആദ്യത്തെ നൂറു റാങ്കിൽ 87 ആൺകുട്ടികളാണുള്ളത്. ആദ്യ 100 റാങ്കിലെ 75 പേരും ഒന്നാം ചാൻസിൽ തന്നെ ഉന്നത വിജയം നേടിയവരാണ്. ആദ്യ 5000 റാങ്കിൽ കേരള സിലബസിലെ 2034 പേരും സിബിഎസ്ഇയിലെ 2785 പേരും ഉൾപ്പെട്ടിട്ടുണ്ട്. യോഗ്യത നേടിയവരുടെയും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെയും എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ വർധനയുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒന്നാം റാങ്കു നേടിയ ആലപ്പുഴ സ്വദേശി പി. ദേവാനന്ദ്, രണ്ടാം റാങ്കുകാരൻ മലപ്പുറം സ്വദേശി ഹഫീസ് റഹ്മാൻ, മൂന്നാം റാങ്ക് നേടിയ പാലാ സ്വദേശി അലൻ ജോണി അനിൽ എന്നിവർ അടക്കം ഉയർന്ന സ്കോറോടെ തിളങ്ങുന്ന നേട്ടം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുകയാണ്. എൻജിനീയറിങ് മേഖലയിൽ കേരളത്തിന്‍റെ ഭാവി ശോഭനമാക്കുന്നതിൽ നിർണായക പങ്കു വഹിക്കാൻ കഴിയും വിധം ഇവരുടെ പഠനവും തുടരട്ടെ.
പ്രവേശന പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും നല്ല രീതിയിൽ പൂർത്തിയാക്കിയ സർക്കാരിന് എൻജിനീയറിങ് പഠനം മെച്ചപ്പെടുത്താനുള്ള ബാധ്യത കൂടിയുണ്ട്. പരിഹാരം തേടുന്ന പല പ്രശ്നങ്ങളും എന്‍ജിനീയറിങ് പഠന മേഖലയിൽ ഇപ്പോഴുണ്ട്. പഠന നിലവാരത്തിലെ തകർച്ച, സ്വാശ്രയ- സ്വകാര്യ കോളെജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നതാണ്. സാങ്കേതിക സർവകലാശാല അടുത്തിടെ ഫൈനൽ ബിടെക് പരീക്ഷാഫലം പുറത്തുവിട്ടപ്പോൾ നിരവധി കോളെജുകളുടെ മോശമായ അക്കാഡമിക് നിലവാരം വ്യക്തമായി. സ്വാശ്രയ എൻജിനീയറിങ് കോളെജുകളിൽ പലതിലും 25 ശതമാനത്തിൽ താഴെയാണു വിജയമുള്ളത്. സ്വാശ്രയ വിദ്യാഭ്യാസം നേരിടുന്ന കടുത്ത പ്രതിസന്ധി ഇതിൽ വ്യക്തമാവുന്നുണ്ട്. സംസ്ഥാനത്തെ മൊത്തത്തിലുള്ള വിജയം തന്നെ 53.03 ശതമാനമാണ്. 128 എൻജിനീയറിങ് കോളെജുകളിലായി പരീക്ഷയെഴുതിയ 27,000 വിദ്യാർഥികളിൽ 14,319 പേരാണു വിജയിച്ചത്. മുൻവർഷം 55.6 ശതമാനം വരെ ഉയർന്ന വിജയമാണ് വീണ്ടും താഴോട്ടു പോകുന്നത്.
മികച്ച വിജയം നേടുന്ന കോളെജുകളുണ്ട് എന്നതു യാഥാർഥ്യമാണ്. ഏഴു കോളെജുകളിൽ 80 ശതമാനത്തിലേറെയും 14 കോളെജുകളിൽ 70 ശതമാനത്തിലേറെയും വിജയമുണ്ട്. 26 കോളെജുകളിലാണ് 60 ശതമാനത്തിലേറെ പേർ വിജയിച്ചത്. എന്നാൽ, പല സ്വകാര്യ-സ്വാശ്രയ കോളെജുകളും ദയനീയ നിലവാരമാണു കാഴ്ചവയ്ക്കുന്നത്. വിജയശതമാനം തീരെ കുറഞ്ഞ് അടച്ചുപൂട്ടലിന്‍റെ വക്കിലായ സ്ഥാപനങ്ങളുമുണ്ട്. ഈ മേഖലയിലെ പൊതുവിലുള്ള അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് ആവശ്യമുള്ളതെന്നു വളരെ ഗൗരവത്തിൽ ആലോചിക്കേണ്ടിയിരിക്കുന്നു. തൊഴിൽ നൈപുണ്യമുള്ള എൻജിനീയർമാരെയാണു വിവിധ വ്യവസായങ്ങൾ തേടുന്നത്. പഠിക്കുന്ന വിഷയത്തിൽ ആഴത്തിലുള്ള വിജ്ഞാനം പഠിതാക്കളിൽ ഉണ്ടാക്കാൻ കഴിയണം. അതിനുള്ള സൗകര്യങ്ങൾ എല്ലാ കോളെജുകളിലും ഉറപ്പുവരുത്തണം.
ഈ വർഷം നടപ്പിലാക്കുന്ന പരിഷ്കരിച്ച പാഠ്യപദ്ധതി പഠനനിലവാരം ഉയർത്താൻ സഹായിക്കുന്നതാവട്ടെ. ഇതിന്‍റെ സിലബസ് തയാറാക്കുന്നത് അവസാന ഘട്ടത്തിലാണെന്നാണു സൂചനകൾ. എത്രയും വേഗം തുടർ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇന്‍റേൺഷിപ്പിനും പ്രോജക്റ്റ് ബേസ്ഡ് ലേണിങ്ങിനും സെൽഫ് ലേണിങ്ങിനും കൂടുതൽ പ്രാധാന്യം നൽകുന്നതാവും പുതിയ പാഠ്യരീതി എന്നാണു കേൾക്കുന്നത്. പുതിയ രീതിയിൽ അധ്യാപകർക്കു പരിശീലനം നൽകുന്നതടക്കം വിഷയങ്ങളുണ്ട്. ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തിനപ്പുറം സംരംഭകരായി തീരാൻ വിദ്യാർഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യം പുതിയ പാഠ്യപദ്ധതിക്കുണ്ട്. ആവശ്യമായ നൈപുണ്യം കൈവരിക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നതിലൂടെയേ എന്‍ജിനീയറിങ് മേഖലയുടെ യഥാർഥ കരുത്ത് തെളിയൂ. എഐ, റോബോട്ടിക്സ്, ഐഒടി, ഡാറ്റ സയൻസ്, ബ്ലോക്ക് ചെയ്‌ൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ എന്‍ജിനീയറിങ് മേഖലയിൽ അനന്തമായ സാധ്യതകൾ തുറക്കുന്നുണ്ട്. അതെല്ലാം മുന്നിൽക്കണ്ടാവണം പുതിയ കാലത്തേക്കു വിദ്യാർഥികളെ നയിക്കേണ്ടത്.