പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിനു മാതൃകയാണ് നിരവധി വർഷങ്ങളായി കേരളം. സാധാരണ ജനങ്ങൾക്ക് സർക്കാർ തലത്തിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളെജുകൾ വരെയുള്ള വിപുലമായ ശൃംഖല നമുക്കുണ്ട്. ലക്ഷക്കണക്കിനു രോഗികളുടെ ആശ്രയ കേന്ദ്രങ്ങളാണവ. സർക്കാർ ആശുപത്രികളിൽ അത്യാധുനിക സംവിധാനങ്ങൾ വരെ ഒരുക്കുന്നതിലും നാം ശ്രദ്ധ ചെലുത്താറുണ്ട്. ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശു മരണ നിരക്ക് തുടങ്ങി രാജ്യത്തെ ആരോഗ്യ സൂചികകളിൽ ഏറ്റവും മികച്ച നിലവാരമുണ്ട് കേരളത്തിന്. നീതി ആയോഗിന്റെ വാർഷികാരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനത്തു കേരളമുണ്ട്. അതിൽ നാം അഭിമാനിക്കുകയും ചെയ്യുന്നു. നിപയെ പിടിച്ചുകെട്ടുന്നതുപോലുള്ള ഏറെ ശ്രമകരമായ ദൗത്യങ്ങളിൽ സ്തുത്യർഹമായ വിജയം നേടാൻ ആരോഗ്യ മേഖലയ്ക്കു കഴിഞ്ഞിട്ടുമുണ്ട്.
ഇത്തരം നേട്ടങ്ങളെയൊക്കെ ചെറുതാക്കാൻ പോന്ന നടപടികൾ ആരോഗ്യ മേഖലയിൽ ഉണ്ടാകുന്നുവെങ്കിൽ അവയെ അതിശക്തമായി നേരിട്ടേ തീരൂ. ക്രമക്കേടുകളും അഴിമതിയും ഒരു തരത്തിലും അനുവദിച്ചു കൊടുക്കാൻ കഴിയുന്നതല്ല ആരോഗ്യ മേഖല. ഇരുപത്താറു സർക്കാർ ആശുപത്രികളിലെ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ അതീവ ഗുരുതരമായ വിഷയമാണ്. നിലവാരമില്ലാത്തതിനാൽ വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകൾ 483 ആശുപത്രികൾക്കു നൽകിയതായും സിഎജി റിപ്പോർട്ടിലുണ്ട്. വിതരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട 11.69 ലക്ഷത്തിന്റെ മരുന്നുകൾ 148 ആശുപത്രികളിൽ രോഗികൾക്കു നൽകിയെന്നും പറയുന്നു. കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിച്ചാൽ രോഗികളുടെ മരണത്തിനു വരെ കാരണമാവാം. അത് അറിയാത്തവരല്ല ഇങ്ങനെ പാവപ്പെട്ട രോഗികളെ ചതിക്കുന്നത്. ഇതിനു കൂട്ടുനിന്നവർ ആരായാലും അവർക്കു തക്കതായ ശിക്ഷ തന്നെ കിട്ടണം.
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലടക്കം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനാസ്ഥ കാണിച്ചിട്ടുണ്ടെന്ന് സിഎജി പറയുന്നുണ്ട്. ഓരോ വർഷത്തേക്കും ആവശ്യമായ മരുന്നുകളുടെ ഇന്റന്റ് ആശുപത്രികളിൽ നിന്നു നൽകാറുണ്ട്. എന്നാൽ, അതിനനുസരിച്ച് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നുകൾ വാങ്ങാറില്ലത്രേ. അതു മൂലം ആശുപത്രികളിൽ അവശ്യ മരുന്നുകൾക്കു ക്ഷാമം നേരിടുന്ന അവസ്ഥയുണ്ടായി. ഗുണനിലവാര പരിശോധന നടത്താതെ ചില വിതരണക്കാരിൽ നിന്ന് മരുന്നുകൾ സംഭരിച്ചിട്ടുണ്ട്. 75 ശതമാനമെങ്കിലും കാലാവധിയുള്ള മരുന്നുകളല്ലെങ്കിൽ അവ കമ്പനികൾക്കു തിരികെ നൽകി പിഴ ഈടാക്കണമെന്നാണു ചട്ടം. ചില മരുന്നുകളുടെ കാര്യത്തിൽ ഇതും ലംഘിക്കപ്പെട്ടിട്ടുണ്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷന് മരുന്നു നൽകുന്ന വിതരണക്കാർക്കു സഹായമാവുകയാണ് ഇത്തരം നടപടികൾ. ദോഷം അനുഭവിക്കേണ്ടിവരുന്നതോ സാധാരണ ജനങ്ങളും. തങ്ങൾക്കു സംഭവിച്ച പാകപ്പിഴകൾക്ക് കോർപ്പറേഷൻ നിരത്തിയ ന്യായങ്ങൾ സിഎജി തള്ളിക്കളയുകയാണുണ്ടായത്. ഫാർമസിസ്റ്റുകളുടെ കുറവ്, വൈദ്യുതി തകരാർ തുടങ്ങിയവയൊക്കെയാണ് കോർപ്പറേഷൻ ചൂണ്ടിക്കാണിച്ചതത്രേ!
കൊവിഡ് കാലത്തു മരുന്നു വാങ്ങിയതുമായി ബന്ധപ്പെട്ട് മെഡിക്കൽ സർവീസസ് കോർപ്പറേഷനെതിരേ നേരത്തേ തന്നെ അഴിമതിയാരോപണം ഉയർന്നതാണ്. ഇതു സംബന്ധിച്ച് ലോകായുക്തയുടെ അന്വേഷണം നടക്കുന്നതിനിടെ കോർപ്പറേഷന്റെ മരുന്നു സംഭരണ കേന്ദ്രങ്ങളിൽ തുടർച്ചയായി തീപിടിത്തമുണ്ടായതിൽ പ്രതിപക്ഷം ദുരൂഹത ആരോപിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് മരുന്നുകൊള്ളയാണു നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും ആരോപിച്ചിട്ടുണ്ട്. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണവും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്നതിൽ ഏതു തരത്തിലുള്ള അഴിമതിയുണ്ടെങ്കിലും അത് അടിയന്തരമായി കണ്ടെത്തി കർശനമായി തടയേണ്ടിയിരിക്കുന്നു.