നൂറുകണക്കിനാളുകൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിൽ യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കാതെയും നിയമങ്ങളൊന്നും പാലിക്കാതെയും അത്യധികം അപകടകരമായ വിധത്തിൽ വെടിക്കെട്ടു നടത്തുന്നത് നമ്മുടെ നാട്ടിൽ സ്ഥിരമായി കാണുന്നതാണ്. ആരാധനാലയങ്ങളിലെ ആഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന വെടിക്കെട്ടുകൾക്ക് അവ എത്ര ചെറുതായാലും കൃത്യമായി പാലിക്കേണ്ട നിയമങ്ങളുണ്ട്, സുരക്ഷാ നടപടികളുണ്ട്. പക്ഷേ, നമുക്കു ചുറ്റും നടക്കുന്നതും നാം നേരിട്ടു കാണുന്നതുമായ വെടിക്കെട്ടുകളെക്കുറിച്ചു പരിശോധിച്ചാൽ അവ എത്രമാത്രം ലാഘവത്തോടെയാണു സംഘാടകർ കൈകാര്യം ചെയ്യുന്നതെന്നു ബോധ്യമാവും. വെടിക്കെട്ടിനോടുള്ള ആവേശം മൂത്ത് തൊട്ടരികിൽ വരെ കൂടിനിൽക്കുന്ന ആളുകൾക്ക് ആർത്തു വിളിക്കാൻ അവസരമുണ്ടാക്കുന്നവർ ദുരന്തസാധ്യതകൾക്കു നേരേയാണു കണ്ണടയ്ക്കുന്നത്. പലയിടത്തും നിയമാനുസൃതമല്ലാത്ത വെടിക്കെട്ടുകൾക്കു വേണ്ട സഹായം ചെയ്തുകൊടുക്കുന്നത് ജനപ്രതിനിധികൾ അടക്കം രാഷ്ട്രീയ നേതാക്കളും അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു ഭാവിക്കുന്ന പൊലീസും ഒക്കെ തന്നെയാണ്. സംഘാടകരുമായുള്ള പരസ്പര ധാരണയുടെ പുറത്ത് നടക്കുന്ന പരിപാടി പലപ്പോഴും ദുരന്തങ്ങളിൽ നിന്നു രക്ഷപെടുന്നതു നേരിയ വ്യത്യാസത്തിലാവും. ചിലപ്പോഴൊക്കെ വലിയ ദുരന്തങ്ങളിലേക്ക് അതു നയിക്കാറുമുണ്ട്. പക്ഷേ, അതിൽ നിന്ന് ആരും ഒന്നും പഠിക്കുന്നില്ല എന്നതാണു ഖേദകരമായിട്ടുള്ളത്. തീക്കളിയാണെന്ന് ഓർക്കാതെയുള്ള "കുട്ടിക്കളി'കൾ കർശനമായി തടയാൻ അധികൃതർ ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചു.
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി പടക്കപ്പുരയ്ക്കു തീപിടിച്ച് നൂറ്റമ്പതിലേറെ ആളുകൾക്കാണു പരുക്കേറ്റിരിക്കുന്നത്. ഇവരിൽ ഗുരുതരമായി പരുക്കേറ്റവരുമുണ്ട്. വെറ്റിലേറ്ററിൽ കഴിയുന്നവരുണ്ട്. അപകടത്തിന്‍റെ ദൃശ്യങ്ങൾ കണ്ടാൽ കൂടുതൽ ആളുകൾക്ക് പരുക്കേൽക്കാതിരുന്നത് അവരുടെ ഭാഗ്യം കൊണ്ടെന്ന് ആരും പറഞ്ഞുപോകും. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് എട്ടു പേർക്കെതിരേ കേസെടുത്തിട്ടുണ്ടെന്നാണു നീലേശ്വരം പൊലീസ് അവകാശപ്പെടുന്നത്. ഏഴു ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരേയും വെടിക്കെട്ട് നടത്തിയ ആൾക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നതത്രേ. ദുരന്തമുണ്ടായ ശേഷം സാധാരണ നടപടിക്രമമെന്ന നിലയിൽ കേസെടുക്കുന്നതു കൊണ്ടോ സംഘാടകരെ കസ്റ്റഡിയിലെടുക്കുന്നതു കൊണ്ടോ പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല. അടുത്ത വർഷം തന്നെ, അതല്ലെങ്കിൽ അടുത്ത സ്ഥലത്തു തന്നെ ഇതുപോലുള്ള നിയമലംഘനങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും. കർശനമായ സുരക്ഷയില്ലാതെ വെടിക്കെട്ടു നടത്താൻ ഒരു കാരണവശാലും അനുവദിക്കാതിരിക്കുക എന്നതാണ് അനിവാര്യമായിട്ടുള്ളത്.
കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ അതിന്‍റെ തീപ്പൊരി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്കു വീണാണ് അപകടമുണ്ടായത് എന്നാണു നിഗമനം. പടക്കം സൂക്ഷിക്കുന്നതും പൊട്ടിക്കുന്നതും എത്ര അടുത്തടുത്താണെന്ന് ഇതിൽ നിന്നു വ്യക്തമാവുന്നുണ്ടല്ലോ. ഈ മാസം തന്നെയാണ് വെടിക്കെട്ടു നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്‍റെ പുതിയ ഭേദഗതികൾ പുറത്തിറങ്ങിയത്. തൃശൂർ പൂരം അടക്കം ആരാധനാലയങ്ങളിലെ വെടിക്കെട്ടുകളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ അതിലുണ്ട്. ഇക്കാര്യത്തിലെ ആശങ്ക രേഖപ്പെടുത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തു നൽകിയിരിക്കുകയാണ്. തൃശൂർ പൂരത്തിന് വെടിക്കെട്ട് അസാധ്യമാവുന്ന സാഹചര്യമാണു പുതിയ ഭേദഗതി ഒരുക്കുന്നതെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. വെടിക്കെട്ടു പുരയിൽ നിന്ന് 200 മീറ്റർ അകലെ വേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധനയാണു പ്രധാന വെല്ലുവിളിയായി മാറുന്നത്. ഇതുവരെ 45 മീറ്റർ അകലമാണു നിഷ്കർഷിച്ചിരുന്നത്. വെടിക്കെട്ടു നടക്കുന്ന സ്ഥലത്തു നിന്ന് 100 മീറ്റർ അകലെയാണു കാണികളെ അനുവദിക്കേണ്ടത്. ഇപ്പോഴുള്ള നിബന്ധനകൾ പാലിക്കാതിരിക്കുമ്പോഴാണ് കേന്ദ്രം കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എന്നതു ശ്രദ്ധേയമാണ്.
അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ ഏറ്റവും കുറഞ്ഞ സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്ന് പൊലീസ് പറയുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൂടിനിന്ന സ്ഥലത്താണു പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. നിയമാനുസൃതം അനുമതി വാങ്ങിയിരുന്നില്ല. പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തിനു തൊട്ടു തന്നെ പടക്കങ്ങള്‍ പൊട്ടിച്ചു. ഇവിടെ നിന്നും ആളുകളെ മാറ്റിയിരുന്നില്ല. വലിയ തീഗോളം പോലെ പടക്കങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ തീപ്പൊരിവീണു പൊള്ളലേറ്റവരും ഭയന്നോടുന്നതിനിടയിൽ നിലത്തുവീണു പരുക്കേറ്റവരുമുണ്ട്. ആളുകൾ തിങ്ങിക്കൂടുന്ന സ്ഥലത്ത് പടക്കം സൂക്ഷിക്കുന്നതിനും പൊട്ടിക്കുന്നതിനുമെതിരേ പല ഭക്തജനങ്ങളും മുന്നറിയിപ്പു നൽകിയതാണെങ്കിലും ക്ഷേത്രക്കമ്മിറ്റി അതൊന്നും പരിഗണിച്ചില്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആഘോഷ പരിപാടികളിൽ നിയമം പാലിച്ചാണ് വെടിക്കെട്ടു സാമഗ്രികൾ സൂക്ഷിക്കുന്നതെന്നും അവ ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകൾ അധികൃതരുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചയില്ലാതെ ഉണ്ടാവണം. താരതമ്യേന അപകടസാധ്യത കുറഞ്ഞ വെടിക്കോപ്പുകൾ മാത്രമല്ല ഉഗ്രസ്ഫോടന ശേഷിയുള്ളവ വരെ ഇന്ന് വെടിമരുന്ന് ഉപയോഗിച്ചു നിർമിച്ചുവരുന്നുണ്ട്. വെടിമരുന്നിന്‍റെ ഉപയോഗം വ്യാപകമാവുകയും വലിയ തോതിൽ അപകടങ്ങൾ സംഭവിക്കുകയും ചെയ്തപ്പോഴാണ് നിർമാണത്തിനും ഉപയോഗത്തിനുമുള്ള വ്യവസ്ഥകൾ കർശനമാക്കിയതും. വെടിമരുന്നു സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും ലൈസൻസ് ആവശ്യമാണ്. ഇങ്ങനെ ലൈസൻസ് ലഭിക്കുന്നതിനു കർശനമായ ഉപാധികൾ പാലിക്കേണ്ടതുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ പലതാണ്. ഇതെല്ലാം കൃത്യമായി പാലിക്കുന്നുവെന്ന് നൂറു ശതമാനവും ഉറപ്പാക്കാൻ സർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകട്ടെ.