അതിരൂക്ഷമായ വെള്ളക്ഷാമം നേരിടുകയാണു ബംഗളൂരു നഗരം. ദാഹജലം കിട്ടാൻ ബംഗളൂരു നിവാസികൾ നെട്ടോട്ടമോടുന്ന അവസ്ഥയാണിപ്പോൾ. 2,600 ദശലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിന് ദിവസവും ആവശ്യമുള്ളത് എന്നാണു കണക്ക്. അതിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്‍റെ ക്ഷാമമാണ് ബംഗളൂരുവിൽ അനുഭവപ്പെടുന്നതെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നു. എന്നാൽ, ഇതിലുമൊക്കെ കൂടുതലാണ് യഥാർഥത്തിലുള്ള ജലക്ഷാമമെന്ന് നഗരവാസികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. നഗരത്തിലുള്ള 14,000ൽ ഏറെ കുഴൽക്കിണറുകളിൽ 6,900വും വറ്റിവരണ്ടു കഴിഞ്ഞുവെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. കുടിവെള്ള ടാങ്കറുകളെ ആശ്രയിച്ചാണ് ചേരിനിവാസികളടക്കം പതിനായിരക്കണക്കിനാളുകളുടെ ജീവിതം. സ്വകാര്യ ടാങ്കറുകൾ കൊള്ളവില ഈടാക്കുന്നതു തടയാൻ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കും എല്ലാം കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്ന നഗരം കുടിവെള്ളമില്ലാത്ത അസാധാരണമായ സാഹചര്യം നേരിടുമ്പോൾ സ്വാഭാവികമായും അത് ഐടി കമ്പനികളെയും ഐടി പ്രൊഫഷനലുകളെയും ബാധിക്കും. കൊടും വരൾച്ചയുടെ ഈ നാളുകൾ എങ്ങനെ തള്ളിനീക്കുമെന്ന് ആശങ്കപ്പെടുന്നവർ ഐടി മേഖലയിലും ധാരാളമായുണ്ട്. ഇവരിൽ ഏറെ പേരും രാജ്യത്തെ മറ്റു പല സ്ഥലങ്ങളിൽ നിന്നും നഗരത്തിൽ എത്തിയവരുമാണ്. കേരളത്തിൽ നിന്നുതന്നെ എത്രയോ പേരാണ് ബംഗളൂരുവിൽ ഐടി രംഗത്തു ജോലി ചെയ്യുന്നത്. താത്കാലികമായി വീട്ടിലിരുന്നു ജോലി (വർക്ക് ഫ്രം ഹോം) ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ഐടി മേഖലയിൽ നിന്ന് വ്യാപകമായി ഉയരുന്നുണ്ട്. ബംഗളൂരുവിനു പുറത്ത് വെള്ളമുള്ള പ്രദേശങ്ങളിൽ വീടുള്ളവർക്ക് അവിടെയിരുന്നു ജോലി ചെയ്യാനായാൽ അവരുടെ കാര്യത്തിലെങ്കിലും സമാധാനമാവുമല്ലോ.
ബംഗളൂരുവിലെ ഐടി കമ്പനികളിൽ ഉണ്ടായിട്ടുള്ള ഈ ആശങ്കയാണ് കേരളം അവസരമായി കാണുന്നത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന പ്രമുഖ ഐടി കമ്പനികളെ കേരളത്തിലേക്കു ക്ഷണിച്ചിട്ടുണ്ടെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് വെളിപ്പെടുത്തിയതായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. കേരളത്തിൽ വെള്ളക്ഷാമമില്ലെന്നത് അനുകൂല ഘടകമായി സംസ്ഥാന സർക്കാർ എടുത്തുകാണിക്കുന്നു. മറ്റ് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇതിനൊപ്പം ഐടി കമ്പനികൾക്ക് വാഗ്ദാനം ചെയ്യുന്നുമുണ്ട്. ചെറുതും വലുതുമായ 44 നദികളുള്ള കേരളത്തിൽ വെള്ളം ഒരു വിഷയമേയല്ലെന്ന് സർക്കാർ ഐടി കമ്പനികളോടു പറയുന്നു. ഐടി മേഖലയിലെ കുതിച്ചുചാട്ടത്തിന് എല്ലാ സാധ്യതകളും തേടുന്ന സംസ്ഥാനമാണു കേരളം. കൊച്ചിയിലെ ഇൻഫോ പാർക്കും തിരുവനന്തപുരത്തെ ടെക്നോ പാർക്കും കോഴിക്കോട്ടെ സൈബർ പാർക്കും അടക്കം ധാരാളം ഐടി സൗകര്യങ്ങൾ നമുക്കുണ്ട്. ദേശീയ പാത 66നോടു ചേർന്ന് നാല് ഐടി ഇടനാഴികളും പദ്ധതിയിലുണ്ട്. ഐടി മേഖലയിലെ തൊഴിൽ അവസരങ്ങൾ ഇപ്പോഴുള്ള രണ്ടര ലക്ഷത്തിൽ നിന്ന് അഞ്ചുവർഷം കൊണ്ട് പത്തു ലക്ഷമായി വർധിപ്പിക്കുകയെന്ന വ്യക്തമായ പദ്ധതിയും സംസ്ഥാന സർക്കാരിനുണ്ട്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, മികച്ച റോഡുകൾ, റെയ്‌ൽവേ, തുറമുഖങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം കേരളത്തിനുണ്ട്. ഐടി മേഖലയിലേക്കു കടന്നുവരുന്നവരെ ആകർഷിക്കാൻ അതെല്ലാം ഉപകരിക്കാവുന്നതുമാണ്.
കേരളത്തിന് ഏറ്റവും യോജിച്ച മേഖല തന്നെയാണ് ഐടി. ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും അനുകൂല ഘടകങ്ങളാണ്. സ്ഥല ലഭ്യതയിലെ കുറവും പൊതുവായ പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോഴും ഐടി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു നല്ലതാണ്. നിരവധി ഐടി പ്രൊഫഷനലുകളാണ് കേരളത്തിൽ നിന്ന് തൊഴിൽ തേടി ഓരോ വർഷവും പുറത്തേക്കു പോകുന്നത്. അവരുടെ വിദഗ്ധ സേവനം ഇവിടെയെത്തുന്ന കമ്പനികൾക്കു വലിയ അനുഗ്രഹമാവും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പോലുള്ള പുതിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലെ സാധ്യതകൾ വികസിപ്പിച്ചു കൊണ്ടുവരുന്നതിന്‍റെ കേന്ദ്രമായി കേരളത്തെ മാറ്റാനാവും. സമസ്ത മേഖലകളിലും ഐടി അധിഷ്ഠിത സേവനങ്ങൾക്കു സാധ്യതയുണ്ട്. അവയെല്ലാം പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ നമ്മുടെ ഐടി രംഗം വികസിച്ചുവരണം. നമുക്കുള്ള മേന്മകൾ ഉയർത്തിക്കാണിച്ചു തന്നെ വേണം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടു മത്സരിക്കുന്നത്. നിരവധിയായ അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും വലിയ തോതിലുള്ള വ്യവസായ മുതൽമുടക്കുകളെ ആകർഷിക്കാൻ കേരളത്തിനു കഴിയാത്തത് എന്തുകൊണ്ട് എന്നതു വർഷങ്ങളായി നാം ചർച്ച ചെയ്യുന്നതാണ്. അത്തരം തടസങ്ങൾ ഇനിയും ആവർത്തിച്ചുകൂടാ. സുഗമമായ ബിസിനസ് നടത്തിപ്പിന് ആവശ്യമായ സഹായം വ്യവസായ സൗഹൃദ നയത്തിലൂടെ നൽകാനാവണം.