കശ്മീർ: ഭീകരരെ ശക്തമായി നേരിടണം

ജമ്മു കശ്മീരിൽ ജനാധിപത്യം വിജയിച്ചുവെന്നും പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകര പ്രവർത്തനത്തെ ജനങ്ങൾ തള്ളിക്കളയുന്നുവെന്നും അന്താരാഷ്‌ട്ര സമൂഹത്തിനു ബോധ്യമാവുന്നതായി ഈ തെരഞ്ഞെടുപ്പ്.
editorial on jammu kashmir election
കശ്മീർ: ഭീകരരെ ശക്തമായി നേരിടണം
Updated on

രാജ്യത്തെ ജനങ്ങളും അന്താരാഷ്‌ട്ര സമൂഹവും ഉറ്റുനോക്കിയിരുന്ന ‌നിയമസഭാ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ പൂർത്തിയായത്. മൂന്നു ഘട്ടമായി നടന്ന വോട്ടെടുപ്പിലുണ്ടായ മികച്ച പോളിങ് ശതമാനം കശ്മീരിലെ ജനങ്ങളുടെ ഉറച്ച ജനാധിപത്യ ബോധത്തിനു തെളിവാണ്. ഭീകരരും അവരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനും ഉയർത്താവുന്ന അട്ടിമറി സാധ്യതകൾ ഫലപ്രദമായി തടയാനും സമാധാനപരമായി വോട്ടെടുപ്പു നടത്താനും തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്ര സർക്കാരിനും ജമ്മു കശ്മീരിലെ ഭരണ സംവിധാനങ്ങൾക്കും കഴിയുകയും ചെയ്തു. ജമ്മു കശ്മീരിൽ ജനാധിപത്യം വിജയിച്ചുവെന്നും പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകര പ്രവർത്തനത്തെ ജനങ്ങൾ തള്ളിക്കളയുന്നുവെന്നും അന്താരാഷ്‌ട്ര സമൂഹത്തിനു ബോധ്യമാവുന്നതായി ഈ തെരഞ്ഞെടുപ്പ്.

90 അംഗ നിയമസഭയിൽ ഇന്ത്യ സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടിയ ശേഷം കോൺഗ്രസ് പിന്തുണയോടെ ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് സർക്കാർ അധികാരമേറ്റത് ഏതാനും ദിവസം മുൻപാണ്. ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കുകയും കേന്ദ്രഭരണ പ്രദേശമായി മാറുകയും ചെയ്ത ശേഷമുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് ഒമർ അബ്ദുള്ള. അദ്ദേഹം ഇപ്പോൾ പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങളിൽ പ്രധാനം ജമ്മു കശ്മീരിനു സംസ്ഥാന പദവി തിരിച്ചുകിട്ടുക എന്നതാണ്. ഇതിനായുള്ള പ്രമേയം പുതിയ സർക്കാർ പാസാക്കുകയും ചെയ്തു. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ടു സംസാരിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരുമായി ചേർന്ന് ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ചയായിരുന്നു. നവംബർ നാലിന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയാണ്.

അങ്ങനെ എല്ലാംകൊണ്ടും ശുഭപ്രതീക്ഷയുടെ പുതിയ ഘട്ടത്തിലേക്കു കടക്കുകയാണു ജമ്മു കശ്മീർ. ഈ ഘട്ടത്തിൽ എല്ലാം അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണു പാക്കിസ്ഥാന്‍റെ പിന്തുണയുള്ള ഭീകരർ കരുക്കൾ നീക്കുന്നതെന്നു വേണം കരുതാൻ. സുസ്ഥിരമായ ഒരു സർക്കാർ അവിടെയുണ്ടാവുന്നത് വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് അത്യാവശ്യമാണെന്നു ജനങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും ഭീകരർക്ക് അതിനോടു താത്പര്യമുണ്ടാവില്ല. കഴിഞ്ഞ ദിവസങ്ങളിൽ അവരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങൾ കശ്മീരിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്ന സന്ദേശമാണു നൽകുന്നത്. കഴിഞ്ഞ ദിവസം ഗാന്ദർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്റ്ററും ആറു നിർമാണ തൊഴിലാളികളുമാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന തൊഴിലാളികളുമുണ്ട്. തുരങ്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സ്വകാര്യ കമ്പനിയുടെ ക്യാംപിൽ ഞായറാഴ്ച രാത്രിയോടെ ഇരച്ചുകയറിയ ഭീകരർ കണ്ടവരെയൊക്കെ വെടിവച്ചു കൊല്ലുകയായിരുന്നു. നിരവധി പേർക്കു പരുക്കേറ്റിട്ടുമുണ്ട് എന്നാണു റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ മണ്ഡലമാണു ഗാന്ദർബാൽ. അവിടെ തന്നെ ഇങ്ങനെയൊരാക്രമണം പദ്ധതിയിട്ട ഭീകരർ പുതിയ സർക്കാരിനു സമാധാനം നൽകരുത് എന്നാവാം ആഗ്രഹിക്കുന്നത്. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയത് ഇതിനു രണ്ടു ദിവസം മുൻപാണ്. കുടിയേറ്റ തൊഴിലാളികൾക്കു നേരേയുള്ള ഭീകരരുടെ ആക്രമണം വ്യക്തമായ പദ്ധതിയുടെ ഭാഗം തന്നെയാവണം. ഈ വർഷം ഇതുവരെ ഏഴു കുടിയേറ്റ തൊഴിലാളികളെ ഭീകരർ വധിച്ചിട്ടുണ്ട് എന്നാണു കണക്ക്. തൊഴിലെടുത്തു ജീവിക്കുന്ന സാധാരണ ജനങ്ങളെ ആക്രമിക്കുന്നതും ജീവനെടുക്കുന്നതും കർശനമായി തടയേണ്ടിയിരിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും സൈന്യവും പൊലീസും എല്ലാം സഹകരിച്ചു പ്രവർത്തിച്ചു വേണം ഭീകരർക്ക് കശ്മീരിൽ താവളം കിട്ടുന്നില്ല എന്നുറപ്പാക്കുന്നതിന്. മേഖലയിലെ സമാധാനം തകർക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാണു കശ്മീർ ഭീകരരെ പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്നത്. പാക്കിസ്ഥാനിൽ നിന്നു നുഴഞ്ഞുകയറിയ നിരവധി ഭീകരരെ പലപ്പോഴായി സുരക്ഷാസേന നേരിട്ടിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഒരു ഭീകരനെ കഴിഞ്ഞ ദിവസവും സുരക്ഷാസേന വധിക്കുകയുണ്ടായി. തോക്കുകളടക്കം ആയുധങ്ങളും ഇയാളിൽ നിന്നു പിടിച്ചെടുത്തു.

ഇന്ത്യയുമായി സൗഹൃദ ബന്ധം ആഗ്രഹിക്കും മുൻപ് പാക്കിസ്ഥാൻ കശ്മീർ ഭീകരരെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ള ഇന്നലെ മുന്നറിയിപ്പു നൽകുകയുണ്ടായി. ഭീകരപ്രവർത്തനം അവസാനിപ്പിക്കും വരെ പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന ഇന്ത്യയുടെ നിലപാടിനോട് ചേർന്നുപോകുന്നതാണ് ഈ പ്രസ്താവന. അടുത്തിടെ ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇസ്‌ലാമാബാദിൽ പോയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരപ്രവർത്തനത്തിനെതിരേ ആവർത്തിച്ചു മുന്നറിയിപ്പു നൽകിയതാണ്. സാധാരണക്കാരായ ജനങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തിയ ഭീകരരെ വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുന്ന സുരക്ഷാ സേനയും പൊലീസും മുഴുവൻ ഭീകരരെയും പിടികൂടി ജനങ്ങളുടെ ഭീതി ഒഴിവാക്കട്ടെ.

Trending

No stories found.

Latest News

No stories found.