കാൻസർ രോഗികൾക്ക് 'കാരുണ്യ സ്പര്‍ശം'|മുഖപ്രസംഗം

കാൻസർ ചികിത്സ താങ്ങാനാവാതെ വിഷമിക്കുന്ന നല്ലൊരു വിഭാഗം ആളുകൾക്ക് ഈ സഹായം തീർച്ചയായും ആശ്വാസം പകരും.
cancer
കാൻസർ രോഗികൾക്ക് 'കാരുണ്യ സ്പര്‍ശം'
Updated on

കാന്‍സര്‍ രോഗത്തിനെതിരായ വില കൂടിയ മരുന്നുകള്‍ തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ഒട്ടും ലാഭമെടുക്കാതെ ലഭ്യമാക്കുന്ന "കാരുണ്യ സ്പര്‍ശം' പദ്ധതി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ കാരുണ്യ സ്പര്‍ശം പ്രത്യേക കൗണ്ടറുകള്‍ വഴിയാണ് ഉയര്‍ന്ന വിലയുള്ള ആന്‍റി കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കുന്നത്. 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകൾ ലാഭമില്ലാതെ വിൽക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ടത്രേ. ലക്ഷങ്ങൾ ചെലവു വരുന്ന കാൻസർ ചികിത്സ ആവശ്യമായി വരുന്നവരെ സംബന്ധിച്ചിടത്തോളം വളരെ വലിയ സഹായമാണിത്. പല മരുന്നുകളും വലിയ ലാഭമെടുത്താണു രോഗികളുടെ കൈകളിലെത്തുന്നത്. ഇടനിലക്കാരുടെ കൊള്ളലാഭം ഒഴിവാക്കുന്നതോടെ കാൻസർ മരുന്നുകൾക്ക് 26 ശതമാനം മുതൽ 90 ശതമാനത്തിനു മുകളിൽ വരെ വിലക്കുറവുണ്ടാവും. അങ്ങനെയാവുമ്പോൾ ആയിരക്കണക്കിനു രൂപ വിലവരുന്ന മരുന്നുകളിൽ എത്രയോ വലിയ കുറവാണ് കാരുണ്യ ഫാർമസി വഴി മരുന്നു വാങ്ങുന്നവർക്കു ലഭിക്കുന്നത്. കാൻസർ ചികിത്സ താങ്ങാനാവാതെ വിഷമിക്കുന്ന നല്ലൊരു വിഭാഗം ആളുകൾക്ക് ഈ സഹായം തീർച്ചയായും ആശ്വാസം പകരും.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ്, ഗവ. കൊല്ലം വിക്റ്റോറിയ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളെജ്, കോട്ടയം മെഡിക്കല്‍ കോളെജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം മെഡിക്കല്‍ കോളെജ്, തൃശൂര്‍ മെഡിക്കല്‍ കോളെജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളെജ്, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജ്, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കാരുണ്യ ഫാര്‍മസികളിലാണ് ആദ്യ ഘട്ടത്തിൽ കാൻസർ മരുന്നുകൾ ലാഭം ഒഴിവാക്കി നൽകുന്നത്. ഒരു ജില്ലയിൽ ഒരു ഫാർമസി എന്നത് തീർത്തും അപര്യാപ്തമാണ്. കൂടുതൽ സ്ഥലങ്ങളിൽ ഇങ്ങനെ വിലക്കുറവിൽ കാൻസർ മരുന്നുകൾ ലഭ്യമാവാനുള്ള സംവിധാനം ഉണ്ടാവണം. സംസ്ഥാനത്ത് എഴുപതിലേറെ കാരുണ്യ ഫാര്‍മസികളുണ്ട്. കൂടുതൽ ജനങ്ങളിലേക്ക് വിലക്കുറവിന്‍റെ പ്രയോജനം എത്തിക്കാൻ ഇവയെ ഉപയോഗപ്പെടുത്താം. വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ എണ്ണായിരത്തിലേറെ മരുന്നുകൾ വില കുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നത്. ഇതിലാണ് 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളുമുള്ളത്. ഇവയെല്ലാം പൂർണമായി ലാഭം ഒഴിവാക്കി വിതരണം ചെയ്യാൻ സർക്കാരിനു കഴിഞ്ഞാൽ അത് എടുത്തുപറയാവുന്ന നേട്ടം തന്നെയാവും. പൊതുവിപണിയിൽ ഒന്നും രണ്ടും ലക്ഷം രൂപ വിലവരുന്ന മരുന്നുകൾക്ക് 90 ശതമാനം വിലക്കുറവുണ്ടായാൽ എന്തു വലിയ ആശ്വാസമാണത്.

മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ കാൻസർ ചികിത്സാ ചെലവ് ചുരുക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവയ്പ്പു തന്നെയാണിത്. ഇടനിലക്കാരില്ലാതെ രോഗികൾക്ക് മരുന്നു ലഭ്യമാക്കുക എന്നത് പാവപ്പെട്ടവരോടും സാധാരണക്കാരോടുമുള്ള പ്രതിബദ്ധതയുടെ തെളിവായി കണക്കാക്കാവുന്നതാണ്. സംസ്ഥാനത്ത് കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക അവലോകനത്തിലെ കണക്കുകൾ തന്നെ ഇതു വ്യക്തമാക്കുന്നതാണ്. തിരുവനന്തപുരം ആർസിസിയിൽ 2020-21ൽ 11,191 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2022-23ൽ അത് 15,324 ആയി. മലബാർ കാൻസർ സെന്‍ററിൽ 2022-23ൽ 7,795 പുതിയ കേസുകളാണുണ്ടായത്. കൊച്ചിൻ കാൻസർ റിസർച്ച് സെന്‍ററിൽ 1,606 പുതിയ കേസുകൾ കണ്ടെത്തി. കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രിവന്‍റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങൾ, മദ്യം- പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണ രീതികൾ തുടങ്ങി പല കാരണങ്ങളും കാൻസർ രോഗവ്യാപനത്തിനു കാരണമാവുന്നുണ്ടെന്നാണു പഠനങ്ങൾ കാണിക്കുന്നത്. ഈ രോഗത്തെ നേരിടാൻ പ്രത്യേക ജാഗ്രത അതുകൊണ്ടുതന്നെ ആവശ്യമാണ്.

കാൻസർ ചികിത്സയുടെ ചെലവ് വലിയ തോതിൽ ഉയർന്നു നിൽക്കുകയാണിപ്പോൾ. സാധാരണക്കാർക്ക് ഈ ചെലവു വഹിക്കുക ബുദ്ധിമുട്ടാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിക്കേണ്ടിവരുന്ന അവസ്ഥയുണ്ടായാൽ ജീവിതം തന്നെ താളം തെറ്റിപ്പോകും. അതൊഴിവാക്കാൻ രോഗബാധിതരെ ചികിത്സാകാര്യങ്ങളിൽ പരമാവധി സഹായിക്കുക ജനാധിപത്യ സർക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്. കാൻസർ ചികിത്സയ്ക്കുള്ള സർക്കാർ സൗകര്യങ്ങൾ ഇനിയും വർധിപ്പിക്കാനുണ്ട്. കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുന്ന മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയത്തിനു കഴിയണം. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു മരുന്നില്ല, ഫണ്ടില്ലാത്തതിനാൽ പദ്ധതികൾ താളം തെറ്റുന്നു തുടങ്ങിയ വാർത്തകൾ പലപ്പോഴും പുറത്തുവരാറുണ്ട്. ലാഭം ഒഴിവാക്കി വിതരണം ചെയ്യുന്ന കാൻസർ മരുന്നുകളുടെ കാര്യത്തിൽ സ്റ്റോക്കില്ലായ്മ പ്രശ്നമായി വരുന്ന സ്ഥിതിവിശേഷം ഒരിക്കലും ഉണ്ടാകരുത്. അർഹരായവർക്കാണ് വിലകുറച്ച് മരുന്നു നൽകുന്നതെന്നും ഉറപ്പാക്കേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.