ഗതാഗത മന്ത്രിയെന്ന നിലയിൽ കെ.ബി. ഗണേഷ് കുമാർ കെഎസ്ആർടിസിയിൽ എന്തൊക്കെ പരിഷ്കാരങ്ങളാണു കൊണ്ടുവരുന്നതെന്ന് കേരളം മുഴുവൻ ഉറ്റുനോക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ കരകയറ്റാനുള്ള ചില പദ്ധതികൾ തനിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. സ്വന്തം കാര്യങ്ങൾ നോക്കിനടത്താൻ കഴിയുന്ന നിലയിലേക്ക് കെഎസ്ആർടിസിയെ എത്തിക്കാനാണു പരിശ്രമമത്രേ. മുൻപ് ഗതാഗത മന്ത്രിയായി പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. ജീവനക്കാർക്കു കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയാത്ത കോർപ്പറേഷൻ ഒരുവിധം പിടിച്ചുനിൽക്കുന്നത് സർക്കാർ നൽകുന്ന കോടിക്കണക്കിനു രൂപയുടെ സഹായം കൊണ്ടാണ്. കഴിഞ്ഞ ഏഴര വർഷത്തിനിടെ സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് 9,990 കോടി രൂപ നൽകിയെന്ന് അടുത്തിടെ വെളിപ്പെടുത്തിയത് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. നടപ്പു വർഷത്തെ ബജറ്റിൽ 900 കോടി രൂപ വകയിരുത്തിയ കോർപ്പറേഷന് ഒമ്പതു മാസക്കാലത്തു തന്നെ 1,350 കോടി രൂപ നൽകി. സർക്കാർ തന്നെ എടുത്താൽ പൊന്താത്ത സാമ്പത്തിക ബാധ്യതകളിൽ നട്ടം തിരിയുമ്പോഴാണ് ഈ വിധം കെഎസ്ആർടിസിയെ സഹായിക്കേണ്ടിവരുന്നത്. വലിയ ലാഭമുണ്ടാക്കിയില്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ ആനവണ്ടിക്കു കഴിഞ്ഞാൽ അതു ഗംഭീര നേട്ടമാവും.
ലാഭകരമല്ലാത്ത സർവീസുകൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നാണു മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ആളില്ലാത്ത റൂട്ടുകൾ ഒഴിവാക്കും. ദീർഘദൂര വണ്ടികളിൽ എവിടെവരെയാണോ സാധാരണ നിലയിൽ ആളുണ്ടാവുന്നത് സർവീസ് അവിടെ വരെയായി ചുരുക്കും. ആളുണ്ടോ എന്നതാണു സർവീസ് തുടങ്ങുന്നതിനു മാനദണ്ഡമെന്നു മന്ത്രി പറയുന്നുണ്ട്. ജീവനക്കാരുടെ സൗകര്യം നോക്കിയോ സ്വാധീനങ്ങൾക്കു വഴങ്ങിയോ സർവീസുകൾ നടത്തില്ല. ജീവനക്കാർ അനധികൃതമായി ഹാജരാകാതെ വണ്ടികളുടെ ഓട്ടം മുടങ്ങുന്ന സ്ഥിതിയും അനുവദിക്കില്ല. യാതൊരു വിധത്തിലുള്ള അഴിമതിയും ക്രമക്കേടും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സ്പെയർപാർട്സ് വാങ്ങുന്നതിലെ ക്രമക്കേട് ഒഴിവാക്കാൻ കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനം കൊണ്ടുവരുമെന്നും ഗണേഷ് കുമാർ അറിയിക്കുകയുണ്ടായി. മന്ത്രിയുടെ നേരിട്ടുള്ള കർശനമായ നിയന്ത്രണം പ്രയോജനം ചെയ്യുമെന്നു പലരും കരുതുന്നു. എന്നാൽ, പലർക്കും അതൃപ്തിയുണ്ടാക്കാവുന്ന തീരുമാനങ്ങളെടുത്ത് അവയുമായി മുന്നോട്ടുപോകാൻ മന്ത്രിക്കു കഴിയുമോയെന്നു കണ്ടറിയാനിരിക്കുകയാണ്. യൂണിയനുകളുടെ ഭാഗത്തുനിന്നു മാത്രമല്ല മാനെജ്മെന്‍റിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരുടെ പിന്തുണ ആവശ്യമായി വരും. സ്വാധീന ശക്തികളെ അവഗണിക്കാൻ എളുപ്പമല്ലെന്നതിന് കെഎസ്ആർടിസിയുടെ കാര്യത്തിൽ നിരവധി അനുഭവങ്ങളുണ്ട്. ജനങ്ങളുടെ പണം കൊണ്ടു നിലനിൽക്കുമ്പോഴും ആരു പറയുന്നതാണു ശരിയെന്നു സാധാരണക്കാർക്കു തിരിച്ചറിയാൻ കഴിയാതെ പോകുന്ന അവസ്ഥയുമുണ്ട്.
ഇപ്പോൾ തന്നെ ഇലക്‌ട്രിക് ബസുകളുടെ കാര്യം നോക്കുക. വൈദ്യുതി ബസുകൾ നഷ്ടമാണെന്നും ഇനി ഇവ വാങ്ങില്ലെന്നുമാണ് ഗണേഷ് കുമാർ പ്രഖ്യാപിച്ചത്. തലസ്ഥാനത്ത് ഓടുന്ന ഇലക്‌ട്രിക് ബസുകളുടെ യാത്രക്കൂലി കൂട്ടുമെന്നും അദ്ദേഹം പറയുകയുണ്ടായി. പക്ഷേ, ഇലക്‌ട്രിക് ബസുകൾക്കെതിരായ മന്ത്രിയുടെ നിലപാടിനോട് സിപിഎമ്മിൽ നിന്നു തന്നെ എതിർപ്പ് പുറത്തുവന്നിരിക്കുന്നു. സർക്കാരിന്‍റെ നയപരമായ തീരുമാനമാണ് ഇലക്‌ട്രിക് ബസുകൾ ഓടിക്കുക എന്നത്. അതു തടയാൻ മന്ത്രിക്ക് എങ്ങനെ കഴിയുമെന്ന ചോദ്യമാണ് ഭരണപക്ഷത്തുനിന്നുതന്നെ ഉയരുന്നത്. ഒരു ഇലക്‌ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാലു ഡീസൽ ബസുകൾ വാങ്ങാമെന്നു മന്ത്രി പറയുന്നുണ്ട്. തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്‌ട്രിക് ബസുകൾ നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കെഎസ്ആർടിസിയും മുൻ മന്ത്രി ആന്‍റണി രാജുവും പറഞ്ഞുകൊണ്ടിരുന്നത് ഈ ബസുകൾ ലാഭത്തിലാണെന്നാണ്. നഗരത്തിൽ എവിടെയും 10 രൂപ നിരക്കിൽ യാത്ര ചെയ്യാമെന്ന രീതി വന്നതോടെയാണ് തിരുവനന്തപുരം നഗരത്തിലെ ഇലക്‌ട്രിക് ബസുകളിൽ വലിയ തോതിൽ ആളുകൾ കയറാൻ തുടങ്ങിയത്. സിറ്റി സർക്കുലർ സർവീസുകളിൽ ഇപ്പോൾ 70,000- 80,000 പേർ ദിവസം കയറുന്നുണ്ടെന്നാണ് കെഎസ്ആർടിസി അറിയിച്ചിരുന്നത്. ഇതോടെ ഈ സർവീസുകൾ പ്രതിമാസം ശരാശരി 25,000 രൂപ വീതം ലാഭത്തിലായെന്നും കോർപ്പറേഷൻ നേരത്തേ അവകാശപ്പെട്ടിരുന്നു. അതാണു നഷ്ടത്തിലാണെന്നു ഗണേഷ് കുമാർ പറയുന്നത്. ഇ-ബസുകൾ എത്രനാൾ ഓടുമെന്ന കാര്യം നിർമിച്ചവർക്കുപോലും അറിയില്ലെന്നും മന്ത്രി പറയുകയുണ്ടായി.
കിഫ്ബി വായ്പ ഉപയോഗിച്ച് 500 ഇലക്‌ട്രിക് ബസുകൾ കൂടി വാങ്ങാൻ സംസ്ഥാന സർക്കാരിനു പദ്ധതിയുള്ളതാണ്. കേന്ദ്ര സർക്കാരിന്‍റെ പ്രധാനമന്ത്രി ഇ-സേവാ ബസ് പദ്ധതിയിൽ സംസ്ഥാനത്തിന് 950 ഇലക്‌ട്രിക് ബസുകൾ ലഭിക്കാനും അവസരമുണ്ട്. ഇതെല്ലാം ഇപ്പോൾ അനിശ്ചിതത്വത്തിലാവുകയാണ്. ജനപിന്തുണ ലഭിച്ച സർക്കാർ നയത്തെയാണു മന്ത്രി തള്ളിപ്പറഞ്ഞതെന്നു ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് നയങ്ങൾ ആവിഷ്കരിക്കുമ്പോൾ അതൊന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാവരുത്. നിലവിലുള്ള ധാരണകൾ തെറ്റാണെങ്കിൽ അതു ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം. സർക്കാരും മന്ത്രിയും രാഷ്ട്രീയ നേതൃത്വങ്ങളും മാനെജ്മെന്‍റും തൊഴിലാളി യൂണിയനുകളും എല്ലാം ഒറ്റക്കെട്ടായി നിന്ന് പരിശ്രമിച്ചാലേ കെഎസ്ആർടിസിയെ കരകയറ്റാനാവൂ.