മലയാള സിനിമയുടെ കരുത്തും ശോഭനമായ ഭാവിയും വ്യക്തമാക്കിക്കൊണ്ടാണ് ഇന്നലെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2022ലെ ചിത്രങ്ങൾക്കുള്ള ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനിക്കാൻ കഴിയുന്ന പലതുമുണ്ട്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട "ആട്ടം' മൂന്ന് അവാർഡുകളാണു നേടിയത്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം "ആട്ട'ത്തിന്‍റെ തിരക്കഥയൊരുക്കിയ സംവിധായകൻ കൂടിയായ ആനന്ദ് ഏകർഷിക്കാണ്. മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരവും ആട്ടത്തിനാണ്. മഹേഷ് ഭുവനേന്ദ് ഈ പുരസ്കാരം സ്വന്തമാക്കുന്നു. വ്യത്യസ്തമായ ശൈലിയിലൂടെ നേരത്തേ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് "ആട്ടം'. ഒരു നാടക സംഘത്തിന്‍റെ പശ്ചാത്തലത്തിൽ തയാറാക്കിയിരിക്കുന്ന ഈ ചിത്രം നാടക പ്രവർത്തകരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. മലയാള സിനിമയ്ക്ക് ഒരു തരിപോലും കരുത്തു കുറയുന്നില്ലെന്നു തെളിയിക്കുന്നതാണ് ആട്ടത്തിനു ലഭിച്ച അംഗീകാരങ്ങൾ. ഈ ചിത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാൻ വക നൽകുന്നതാണ് കേരളത്തിനകത്തും പുറത്തും ഇതിനു ലഭിച്ച പ്രശംസകളും ദേശീയ പുരസ്കാരം അടക്കം അംഗീകാരങ്ങളും.
അനുഷ്ഠാന കലാരൂപമായ തെയ്യത്തെ സിനിമയിലേക്കു കൊണ്ടുവന്ന "കാന്താര' എന്ന കന്നഡ ചിത്രത്തിലൂടെ ഋഷഭ് ഷെട്ടി മികച്ച നടനായപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം മാനസി പരേഖിനൊപ്പം പങ്കിട്ടത് നിത്യ മേനോനാണ്. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിൽ ശോഭനയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിത്യ മേനോൻ മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്നു പ്രേക്ഷകർ നേരത്തേ തന്നെ വിധിയെഴുതിയതാണ്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ "സൗദി വെള്ളക്ക'യിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ബോംബെ ജയശ്രീ സ്വന്തമാക്കിയിട്ടുണ്ട്. മാളികപ്പുറത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ശ്രീപഥും മലയാള സിനിമയ്ക്ക് ആഹ്ലാദം പകരുന്നു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ട മറിയം ചാണ്ടി മേനാച്ചേരിയും അഭിനന്ദനം അർഹിക്കുന്നുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒമ്പതു പുരസ്കാരങ്ങളാണ് "ആടുജീവിതം' സ്വന്തമാക്കിയത്. പൃഥിരാജ് സുകുമാരൻ മികച്ച നടനായതും ബ്ലെസി മികച്ച സംവിധായകനായതും കേരളം ഏറെ ചർച്ച ചെയ്തു കഴിഞ്ഞ "ആടുജീവിത'ത്തിലൂടെയാണ്. ജനപ്രിയ ചിത്രം, തിരക്കഥ, ഛായാഗ്രാഹകൻ, ശബ്ദമിശ്രണം, മേക്കപ്പ് ആർട്ടിസ്റ്റ്, പ്രോസസിങ് ലാബ്/കളറിസ്റ്റ്, പ്രത്യേക ജൂറി പരാമർശം എന്നിവയിലും ആടു ജീവിതത്തിനു പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രം, പശ്ചാത്തല സംഗീതം, മികച്ച കഥ, പ്രത്യേക ജൂറി പരാമർശം എന്നിങ്ങനെ നാലു പുരസ്കാരങ്ങളുമായി തിളങ്ങിയ കാതൽ ദി കോറും എടുത്തു പറയേണ്ട നേട്ടമാണു കരസ്ഥമാക്കിയിരിക്കുന്നത്. മമ്മൂട്ടി നായകനായി, ജിയോ ബേബി സംവിധാനം ചെയ്ത "കാതൽ ദ കോർ' വ്യത്യസ്തമായ ഒരു പ്രമേയമാണ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചു പ്രശംസ പിടിച്ചുപറ്റിയത്. "ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും "തടവ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ. ചന്ദ്രനും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്‍റെ പരിഗണനയ്ക്കായി 160 ചിത്രങ്ങൾ സമർപ്പിക്കപ്പെട്ടു എന്നതു മലയാള സിനിമയുടെ കരുത്തു തന്നെയാണ്. ചലച്ചിത്ര അവാര്‍ഡിന്‍റെ ചരിത്രത്തിൽ ഇത്രയും ചിത്രങ്ങൾ പരിഗണനയ്ക്കു സമർപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്. ഇതിൽ നിന്ന് പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കാണുകയും 35 സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രാഥമിക ജൂറി തെരഞ്ഞെടുക്കാത്ത മൂന്നു ചിത്രങ്ങള്‍ അന്തിമ ജൂറി തിരിച്ചുവിളിച്ചു കാണുകയുണ്ടായി. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമ ജൂറി അവാര്‍ഡ് നിര്‍ണയത്തിനായി സസൂക്ഷ്മം വിലയിരുത്തിയത്.
അവാര്‍ഡിന്‍റെ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ട 160 ചിത്രങ്ങളിൽ എൺപത്തിനാലും നവാഗത സംവിധായകരുടേതായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. അന്തിമ പട്ടികയിലെ 38ൽ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതു തന്നെയായിരുന്നു. സിനിമാ രംഗത്തേക്കു യുവാക്കൾ ധാരാളമായി കടന്നുവരുന്നു എന്നാണ് ഇതു കാണിക്കുന്നത്. മലയാള സിനിമയുടെ ഭാവി സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്നതാണിത്. വളരെ മികവു പുലർത്തുന്ന ചിത്രങ്ങളാണു മലയാളത്തിൽ നിന്ന് ഉണ്ടാകുന്നതെന്നാണ് ജൂറി ചെയർമാൻ സുധീർ മിശ്ര അഭിപ്രായപ്പെട്ടതും. പുരസ്കാരങ്ങൾ ലഭിച്ച മലയാള ചിത്രങ്ങൾ കേരളത്തിനു പുറത്തു പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കണമെന്ന ജൂറിയുടെ നിർദേശം സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇൻഡി സിനിമകൾക്കു പ്രത്യേക പ്രോത്സാഹനം നൽകണമെന്നും ജൂറി നിർദേശിക്കുന്നുണ്ട്. മികച്ച തിരക്കഥകൾ ഒരുക്കുന്നതിന് സ്ക്രിപ്റ്റ് ലാബ്, മെന്‍ററിങ് എന്നിവ ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കണമെന്ന നിർദേശവും സിനിമയുടെ മികച്ച ഭാവി മുന്നിൽകണ്ടുള്ളതാണ്.