മണിപ്പൂർ: കലാപമല്ല പരിഹാരം | മുഖപ്രസംഗം

സംഘർഷത്തിൽ അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം വർധിക്കുന്നത് ജനങ്ങളിലെ ഭീതിയും വർധിപ്പിക്കുകയാണ്.
Editorial on Manipur riot
മണിപ്പൂർ: കലാപമല്ല പരിഹാരം | മുഖപ്രസംഗം
Updated on

ഒന്നര വർഷത്തിലേറെയായി സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ വീണ്ടും ഗുരുതരമാവുകയാണ്. കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിന്‍റെ ഭീഷണി ഒഴിയുന്നില്ല. അക്രമങ്ങൾ വീണ്ടും വർധിച്ച ഒരാഴ്ചയാണു കടന്നുപോയത്. ജിരിബാം ജില്ലയിൽ രണ്ടു സമുദായങ്ങളിലെയും സായുധരായ ആളുകൾ തമ്മിലുണ്ടായ വെടിവയ്പ്പുകളിൽ ആറു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലത്ത് ഉറങ്ങിക്കിടന്നിരുന്ന ഒരാളെ തീവ്രവാദികൾ വെടിവച്ചു കൊന്നതിനെത്തുടർന്നുണ്ടായ കലാപം മറ്റ് അഞ്ചു പേരുടെ ജീവനെടുക്കുന്ന ഏറ്റുമുട്ടലുകൾക്ക് കാരണമാവുകയായിരുന്നുവെന്നാണു റിപ്പോർട്ടുകൾ. ഇതിനിടെ, ബിഷ്ണുപൂർ ജില്ലയിൽ മുൻ മുഖ്യമന്ത്രി മൈറെംബം കൊയ്റെങ്ങിന്‍റെ വീടിനു നേരേയുണ്ടായ റോക്കറ്റ് ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. സായുധ സംഘങ്ങൾ തമ്മിൽ ഇവിടെയുണ്ടായിട്ടുള്ള റോക്കറ്റ് ആക്രമണങ്ങളിൽ അഞ്ചുപേർക്കു പരുക്കേൽക്കുകയും ചെയ്തു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആദ്യമായാണ് റോക്കറ്റ് ആക്രമണങ്ങളും ഉണ്ടാവുന്നത്. ഇതിനു പുറമേ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളും ഉണ്ടാവുന്നുണ്ട്. ഇംഫാൽ വെസ്റ്റ് ജില്ലയിൽ സമീപകാലത്ത് ഡ്രോൺ ആക്രമണങ്ങളിൽ രണ്ടു പേർ മരിക്കുകയും 12 പേർക്കു പരുക്കേൽക്കുകയും ചെയ്തു. സംഘർഷത്തിൽ അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം വർധിക്കുന്നത് ജനങ്ങളിലെ ഭീതിയും വർധിപ്പിക്കുകയാണ്.

ഏതു വിധത്തിലായാലും മനുഷ്യൻ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കൊല്ലപ്പെടുന്ന അവസ്ഥ വളരെയധികം ആശങ്കയാണ് ഉണ്ടാക്കുന്നത്. ജിരിബാമിൽ സംഘർഷം തടയുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും വിവിധ സമുദായ പ്രതിനിധികൾ തമ്മിൽ ധാരണയിലെത്തിയത് ഏതാണ്ട് ഒരു മാസം മുൻപാണ്. ആറു മാസത്തിനകം കേന്ദ്രത്തിന്‍റെ സഹായത്തോടെ സംസ്ഥാനത്തു പരിപൂർണമായി സമാധാനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇരു വിഭാഗങ്ങളുമായുള്ള ചർച്ചകളിലൂടെ ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണു മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായിട്ടുള്ള അവിശ്വാസം മാറ്റിയെടുക്കുകയെന്ന വലിയ ദൗത്യം വിജയത്തിലെത്തിക്കാൻ ഇനിയും സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന അക്രമസംഭവങ്ങൾ. കഴിഞ്ഞ വർഷം മേയ് മുതലുള്ള വർഗീയ കലാപത്തിൽ 230ൽ ഏറെ പേർ മണിപ്പൂരിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറു കണക്കിനാളുകൾക്കു പരുക്കേറ്റു. ആയിരക്കണക്കിനാളുകൾ ഭവനരഹിതരായി.

അക്രമപ്രവർത്തനങ്ങൾക്കായി തീവ്രവാദികൾ പൊലീസിന്‍റെ ആയുധശാലയിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും അപഹരിക്കുന്നതു വരെ മണിപ്പൂരിൽ കണ്ടുകഴിഞ്ഞതാണ്. അക്രമികൾ ഗ്രാമങ്ങൾ ആക്രമിക്കുകയും വീടുകൾ കത്തിക്കുകയും ചെയ്യുന്നതു കണ്ട് രാജ്യം അമ്പരന്നു നിന്ന ദിവസങ്ങളുണ്ട്.

വലിയ തോതിൽ സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടും ക്രമസമാധാന നില തൃപ്തികരമാക്കാൻ വളരെയധികം അധ്വാനിക്കേണ്ടിവന്നു. ഇപ്പോൾ വീണ്ടും കലാപം രൂക്ഷമാവുമോ എന്ന ആശങ്ക ഉയരുകയാണ്. ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്ന അക്രമികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയെടുക്കാൻ സർക്കാരിനും ക്രമസമാധാന പാലകർക്കും കഴിയേണ്ടതാണ്. ജനാധിപത്യ സംവിധാനത്തിൽ കലാപങ്ങളല്ല പരിഹാരമാർഗമെന്ന് ആയുധങ്ങളെടുക്കുന്നവരെ ബോധ്യപ്പെടുത്താനാവുക തന്നെ വേണം. മനപ്പൂർവം കലാപത്തിനു ശ്രമിക്കുന്നവരെ കർശനമായി നേരിടുകയും വേണം. ജനങ്ങൾക്കിടയിലെ ഭിന്നത ആളിക്കത്താതെ നോക്കേണ്ടത് സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും കടമയാണ്. അവർ പക്ഷം പിടിക്കാതെ നടപടികൾ സ്വീകരിക്കണം. രാഷ്ട്രീയം നോക്കാതെ നീതി നടപ്പാക്കുകയും വേണം.

സംസ്ഥാനത്തെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി സമുദായത്തിനു പട്ടികവർഗ സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് കഴിഞ്ഞ വർഷം മേയ് മാസത്തിൽ സംഘർഷം ആരംഭിച്ചത്. ജനസംഖ്യയിൽ 40 ശതമാനം വരുന്ന കുക്കി, നാഗ ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷ സമുദായത്തിന് സംവരണം അനുവദിക്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ഓൾ ട്രൈബൽ സ്റ്റുഡന്‍റ്സ് യൂണിയൻ മണിപ്പുരിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തിൽ മെയ്‌തി വിഭാഗത്തിനു നേരേ ആക്രമണമുണ്ടായി. മെയ്തി വിഭാഗം ഇതിനെതിരേ തെരുവിലിറങ്ങിയതോടെ സംസ്ഥാനത്തൊട്ടാകെ കലാപം പടരുകയായിരുന്നു. പിന്നീട് സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. സുരക്ഷാ സേനയും ആക്രമിക്കപ്പെട്ടു. ആയിരക്കണക്കിനാളുകളാണ് കലാപബാധിത മേഖലകളിൽ നിന്നു പലായനം ചെയ്യേണ്ടിവന്നത്. നിരവധി കുടുംബങ്ങളുടെ ജീവിതം താറുമാറായി. സംഘർഷത്തിന് പിന്നീട് അയവുണ്ടായെങ്കിലും പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനു തെളിവാണ് ഇപ്പോഴത്തെ അക്രമസംഭവങ്ങൾ.

Trending

No stories found.

Latest News

No stories found.