കുഴിവെട്ടി മൂടിയ ജനസേവനം | മുഖപ്രസംഗം

ആർക്കും മനസിലാവുന്ന കാര്യങ്ങളൊക്കെ തന്നെയാണ് അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളത്.
mt Vasudevan Nair at Kerala Literature Festival
mt Vasudevan Nair at Kerala Literature Festival
Updated on

കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലെ പ്രസംഗത്തിൽ എം.ടി. വാസുദേവൻ നായർ നടത്തിയ ചില തുറന്നുപറച്ചിലുകൾ വലിയ തോതിൽ ചർച്ച ചെയ്യുകയാണു കേരളം. നമ്മുടെ സമൂഹത്തിൽ, രാഷ്ട്രീയത്തിൽ അടിയന്തരമായി ഉണ്ടാവേണ്ട തിരുത്തലുകളാണ് അദ്ദേഹം ഓർമിപ്പിച്ചത്. ആർക്കും മനസിലാവുന്ന കാര്യങ്ങളൊക്കെ തന്നെയാണ് അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളത്. കേരളത്തിന്‍റെ മുഴുവൻ അഭിമാനമായ എംടിയെപ്പോലെ മഹാനായ എഴുത്തുകാരൻ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവർക്കും കഴിയേണ്ടതാണ്. അതിനു പകരം അതൊന്നും ഞങ്ങൾക്കു ബാധകമല്ല എന്ന നിലപാടു സ്വീകരിച്ചാൽ അതിന്‍റെ ദോഷം അനുഭവിക്കേണ്ടിവരുന്നത് ഈ നാടു തന്നെയാണ്. ഏതെങ്കിലും ഒരുപക്ഷത്തെ മാത്രം ഉദ്ദേശിച്ചാണ് എംടി സംസാരിച്ചത് എന്ന നിഗമനത്തിൽ എത്തേണ്ടതില്ല. അദ്ദേഹം എന്താണു പറഞ്ഞത്, അതിൽ യാഥാർഥ്യമുണ്ടോ എന്നു മാത്രം നോക്കിയാൽ മതി. ഉണ്ട് എന്നു ബോധ്യപ്പെടുന്നവർ തിരുത്തട്ടെ. അല്ലാത്തവർ അവരുടെ വിശ്വാസവും മുറുകെപ്പിടിച്ച് ഇരിക്കട്ടെ. അതെന്തായാലും എല്ലാം ജനങ്ങൾക്കു ബോധ്യമാവുന്നുണ്ട്. അതാണല്ലോ മുഖ്യം.

അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന ഒരവസരമെന്ന സിദ്ധാന്തത്തെ നമ്മൾ കുഴിവെട്ടി മൂടിയെന്ന എംടിയുടെ ഓർമപ്പെടുത്തൽ ഏതെങ്കിലും ഒരു നേതാവിനെയോ ഒരു പാർട്ടിയെയോ മാത്രം ഉദ്ദേശിച്ചാണ് എന്നു ധരിക്കേണ്ടതില്ല. അധികാരം ആധിപത്യത്തിനും സർവാധിപത്യത്തിനുമുള്ള അവസരമായി മാറ്റുന്നത് ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതുമില്ല. ഏതു തലത്തിലായാലും രാഷ്ട്രീയമായി ലഭിക്കുന്നതടക്കമുള്ള ഏത് അധികാരവും സ്വാർഥ താത്പര്യങ്ങൾക്കായി ഉപയോഗിക്കാനും ജനങ്ങളെ മറന്നു പ്രവർത്തിക്കാനും ശ്രമിക്കുന്ന ആർക്കും ബാധകമാണ് ഇപ്പറയുന്ന അപചയം. അധികാര വർഗത്തെ സ്തുതിച്ചു നടക്കുമ്പോൾ ചുറ്റുമുണ്ടാവുന്ന ജനവിരുദ്ധ പ്രവർത്തനങ്ങൾക്കു നേരേ കണ്ണടയ്ക്കുകയും നാവു ചലിപ്പിക്കാതിരിക്കുകയും ചെയ്യുന്ന നേതാക്കളും എഴുത്തുകാരും സാംസ്കാരിക നായകരും എന്നുവേണ്ട സമൂഹത്തെ നേർവഴി നയിക്കാൻ ബാധ്യതപ്പെട്ട എല്ലാവരും ജനസേവനത്തെ കുഴിവെട്ടി മൂടുന്നതിനു കൂട്ടുനിൽക്കുന്നവരാണ്. അതേക്കുറിച്ച് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുമാണ്. പറയേണ്ടത് തുറന്നുപറയാനുള്ള ആർജവം സമൂഹം കാണിക്കുകയും അത് ഉൾക്കൊള്ളുന്നവരെ മാത്രമേ അംഗീകരിക്കൂ എന്ന് ഉറപ്പിക്കുകയും വേണം. അവർ എങ്ങനെയായാലും എനിക്കെന്താ എന്ന ചിന്തയാണ് ഓരോ വ്യക്തിയിലും നിറയുന്നതെങ്കിൽ ഈ "കുഴിവെട്ടി മൂടൽ' അമിതാവേശത്തോടെ തുടരാനും സാധ്യതയുണ്ട്.

ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു എന്ന മുഖവുരയോടെയാണ് രാഷ്ട്രീയത്തിലെ അപചയത്തെക്കുറിച്ച് എംടി ഓർമിപ്പിച്ചത്. "" രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ടു വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്കു പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്‍റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്.

അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന അവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി....'' എന്നിങ്ങനെയാണ് എംടിയുടെ പ്രസംഗം. ആൾക്കൂട്ടം ഉത്തരവാദിത്തമുള്ള സമൂഹമായി മാറുകയും സ്വയം കരുത്തുനേടി സ്വാതന്ത്ര്യം ആർജിക്കുകയും വേണമെന്ന് റഷ്യയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറയുന്നുണ്ട്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം എന്ന അദ്ദേഹത്തിന്‍റെ വാക്കുകളും ശ്രദ്ധേയമാണ്. ഫലത്തിൽ എവിടെയായാലും ഏകാധിപത്യ പ്രവണതകൾ കാണുന്നത് തിരുത്തപ്പെടേണ്ടതാണ് എന്നു തന്നെയാണ് അർഥം. ഒരു ജനാധിപത്യ രാജ്യത്ത്, ഒരു ജനാധിപത്യ വിശ്വാസിക്കും അങ്ങനെയല്ലാതെ പറയാനാവില്ല. പലരും പക്ഷേ, പറയുന്നില്ലെന്നു മാത്രം. എംടിയെപ്പോലുള്ളവർ അത് എടുത്തു പറയുമ്പോൾ എവിടെയൊക്കെയോ പ്രശ്നങ്ങളുണ്ട് എന്നു തിരിച്ചറിയുകയെങ്കിലും ചെയ്യേണ്ടതുണ്ട്.

എംടിയുടെ ചുവടുപിടിച്ചാണ് ഇന്നലെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദനും ശക്തമായ രാഷ്ട്രീയ വിമർശനം ഉന്നയിച്ചത്. നാം ജീവിക്കുന്നതു കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും ചോരയുടെ പ്രാധാന്യം കുറഞ്ഞുവരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. അധികാരത്തിൽ എത്തിയവർ വന്നവഴി മറക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ഇതും എല്ലാ അധികാരികൾക്കും ബാധകമാണെന്നു മാത്രമല്ല അധികാരം കാത്തിരിക്കുന്നവർക്കും ഓർക്കാനുള്ളതാണ്. ഇത്തരം വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുകയല്ല, അവ സ്വയം പരിശോധനകൾക്കുള്ള അവസരമായി കാണുകയാണ് എല്ലാവരും ചെയ്യേണ്ടത്.

Trending

No stories found.

Latest News

No stories found.