നിപ: ജാഗ്രതയിൽ കുറവുണ്ടാവരുത് | മുഖപ്രസംഗം

മുൻ അനുഭവങ്ങൾ നൽകുന്ന ആത്മവിശ്വാസം നമ്മുടെ ആരോഗ്യ മേഖലയ്ക്കുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ, എവിടെയെങ്കിലുമൊക്കെയുണ്ടാവുന്ന പാളിച്ചകൾക്കു വലിയ വില കൊടുക്കേണ്ടിവരുമെന്ന ഓർമയും ഒപ്പമുണ്ടാവണം.
Editorial on Nipah in Kerala
നിപ: ജാഗ്രതയിൽ കുറവുണ്ടാവരുത് | മുഖപ്രസംഗം
Updated on

കേരളം വീണ്ടും നിപയുടെ ഭീതിയിലാവുകയാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ നിപ സ്ഥിരീകരിച്ചു മണിക്കൂറുകൾക്കകം മരണമടഞ്ഞു. പതിനൊന്നു ദിവസം മുൻപ് പനി ബാധിച്ച് ആദ്യം പാണ്ടിക്കാടും പിന്നീട് പെരിന്തൽമണ്ണയിലും അതുകഴിഞ്ഞ് കോഴിക്കോടും ചികിത്സയിലായിരുന്ന കുട്ടിയെ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ഇനിയുള്ള ദിവസങ്ങൾ ഏറെ ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടവയാണ്. മുൻ അനുഭവങ്ങൾ നൽകുന്ന ആത്മവിശ്വാസം നമ്മുടെ ആരോഗ്യ മേഖലയ്ക്കുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ, എവിടെയെങ്കിലുമൊക്കെയുണ്ടാവുന്ന പാളിച്ചകൾക്കു വലിയ വില കൊടുക്കേണ്ടിവരുമെന്ന ഓർമയും ഒപ്പമുണ്ടാവണം.

ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗബാധിതനായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്കു മാറ്റുമ്പോഴുണ്ടായെന്നു പറയുന്ന വീഴ്ച തന്നെ വളരെ ഗൗരവമുള്ളതാണ്. മെഡിക്കൽ കോളെജിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതു വൈകിയതുകൊണ്ട് നിപ ബാധിതനുമായി ആംബുലൻസ് കുറച്ചു സമയം പുറത്തു കാത്തുകിടക്കേണ്ടിവന്നുവെന്നാണു പറയുന്നത്. മെഡിക്കൽ കോളെജിനു കൃത്യമായി മുന്നറിയിപ്പു നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കേണ്ടതുണ്ട്. ഇനിയുള്ള പ്രവർത്തനങ്ങളിൽ കൂട്ടായ പ്രവർത്തനം നൂറു ശതമാനവും ഉറപ്പിക്കേണ്ടതുമുണ്ട്. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തുമൊക്കെ ഇപ്പോൾ നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 246 പേരുണ്ട്. ഹൈ റിസ്ക് വിഭാഗത്തിൽ 63 പേരാണുള്ളത്. രോഗസാധ്യതയുള്ള എല്ലാവരുടെയും സാംപിളുകൾ പരിശോധിക്കേണ്ടതുണ്ട്. സമ്പർക്കപ്പട്ടിക പൂർണമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

കുട്ടിക്കു നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്നു സംശയം ഉയർന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ തന്നെ ആരോഗ്യ മന്ത്രാലയം ആവശ്യമായ നടപടികൾക്കു തുടക്കം കുറിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണ ജോർജ് മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്കു നേരിട്ട് നേതൃത്വം നൽകുന്നതും സംസ്ഥാനം കണ്ടു. കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുക, അവരുടെ പട്ടിക തയാറാക്കുക, റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക തുടങ്ങിയ നടപടികളിൽ ആരോഗ്യ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഐസൊലേഷനിൽ ഉള്ളവരുടെ സഹായത്തിനായി വോളണ്ടിയർമാരെ നിയോഗിച്ചു. പൊലീസ് പട്രോളിങ്ങും ഏർപ്പെടുത്തി. വൈറസ് കൂടുതൽ ആളുകളിലേക്കു പകരുന്നതു തടയാനുള്ള ശ്രമങ്ങളിൽ ഈ നീക്കങ്ങൾ സഹായകരമാവും എന്നതിൽ സംശയമില്ല. ഇതിനൊപ്പം ജനങ്ങളുടെ സഹകരണം കൂടി ഉറപ്പാക്കുക എന്നതാണ് ഈ അവസരത്തിൽ പ്രധാനമായിട്ടുള്ളത്.

മുൻപ് നാലു തവണ നിപയെ നേരിട്ട പരിചയം നമുക്കുണ്ട്. 2018 മേയിലാണ് കേരളം ആദ്യമായി നിപയുടെ ഭീതിയിലാവുന്നത്. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമത്തിലായിരുന്നു വൈറസിന്‍റെ ഉറവിടം. രോഗിയെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റർ ലിനിയടക്കം 17 പേരാണ് അന്നു മരിച്ചത്. കേരളം അപ്പാടെ ആശങ്കയിലും ഭയത്തിലുമായ നാളുകളായിരുന്നു അത്. ദിവസങ്ങൾ നീണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്കു ശേഷം 2018 ജൂൺ മുപ്പതിനാണു കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ മുക്തമായി പ്രഖ്യാപിക്കുന്നത്. 2019ൽ എറണാകുളത്ത് ഒരു യുവാവിനു വൈറസ് ബാധയുണ്ടായി. യുവാവ് രോഗമുക്തി നേടുകയും രോഗവ്യാപനം തടയാൻ നമുക്കാവുകയും ചെയ്തു. 2021 സെപ്റ്റംബറിൽ വീണ്ടും കോഴിക്കോട് നിപയുടെ പ്രഹരം. ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടു വയസുകാരൻ നിപ ബാധിച്ചു മരിച്ചു. വൈറസ് പടരുന്നതു തടയാൻ അന്നും നമുക്കായി. 2023 സെപ്റ്റംബറിൽ കോഴിക്കോട് പനി ബാധിച്ചു മരിച്ച രണ്ടുപേർക്കും നിപ സ്ഥിരീകരിച്ചു.

ഈ വൈറസ് കേരളത്തെ ആവർത്തിച്ചു പിടികൂടുന്നു എന്നത് അതീവ ഗൗരവത്തിലെടുത്ത് അർഹിക്കുന്ന പ്രാധാന്യത്തോടെയുള്ള പഠനങ്ങൾ നാം നടത്തേണ്ടതുണ്ട്. ഉയർന്ന മരണനിരക്കാണ് എന്നതുകൊണ്ടു തന്നെ നിപയുടെ പിടിയിൽ നിന്ന് എന്നെന്നേക്കുമായുള്ള മോചനം കേരളത്തിന് ആവശ്യമാണ്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ അതീവ പ്രാധാന്യത്തോടെ ഇതിനെ കാണേണ്ടതുണ്ട്. മുൻപ് രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വവ്വാലുകളിൽ നിന്നാണു നിപ ബാധിക്കുന്നതെന്ന നിഗമനത്തിൽ എത്തിയതും ഇതുകൊണ്ടാണ്. കേരളം അടക്കം ഒമ്പതു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് ഐസിഎംആറിന്‍റെ പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി(എൻഐവി)യും കണ്ടെത്തിയിട്ടുള്ളതാണ്. 2001ലും 2007ലും പശ്ചിമ ബംഗാളിലും പിന്നീടു കേരളത്തിലും മാത്രമാണ് രാജ്യത്ത് ഈ വൈറസ് മനുഷ്യരെ ബാധിച്ചിട്ടുള്ളത്. എന്തുകൊണ്ട് കേരളത്തിൽ മാത്രം നിപ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതിനാണ് ഉത്തരം കിട്ടേണ്ടത്.

Trending

No stories found.

Latest News

No stories found.