ആവേശം പകർന്ന് നീരജും ഹോക്കിയും| മുഖപ്രസംഗം

തുടർച്ചയായി രണ്ടാം ഒളിംപിക്സിലും മെഡൽ നേടുന്നു എന്നതാണ് ഹോക്കി ടീമിന്‍റെയും നീരജിന്‍റെയും പ്രത്യേകത.
Olympic medal
ആവേശം പകർന്ന് നീരജും ഹോക്കിയും| മുഖപ്രസംഗം
Updated on

ഹോക്കി ടീമിന്‍റെ വെങ്കലത്തിനു പിന്നാലെ ജാവലിനിൽ നീരജ് ചോപ്രയുടെ വെള്ളിയും- പാരിസ് ഒളിംപിക്സിലെ ഈ നേട്ടങ്ങൾ ഇന്ത്യൻ സംഘത്തിനു പൊതുവിൽ ആവേശം പകരുന്നതാണ്. തുടർച്ചയായി രണ്ടാം ഒളിംപിക്സിലും മെഡൽ നേടുന്നു എന്നതാണ് ഹോക്കി ടീമിന്‍റെയും നീരജിന്‍റെയും പ്രത്യേകത. 2020ലെ ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയതാണ് നീരജ് ചോപ്ര. ഇക്കുറി പാക് എതിരാളി അർഷാദ് നദീം ഒളിംപിക് റെക്കോഡോടെ സ്വർണം എറിഞ്ഞെടുത്തപ്പോഴാണ് നീരജ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ ജാവലിൻ പായിച്ച അർഷാദ് കാഴ്ചവച്ചത് അസാധ്യ പ്രകടനമാണ് എന്നതു കൊണ്ടു തന്നെ നീരജിന്‍റെ മികവു കുറവല്ല ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത് എന്നു വ്യക്തമാണ്. 40 വർഷത്തിനിടയിലെ പാക്കിസ്ഥാന്‍റെ ആദ്യ ഒളിംപിക് സ്വർണ മെഡലും 1992നു ശേഷമുള്ള ആദ്യ മെഡലുമാണ് അർഷാദിന്‍റേത് എന്നു പറയുമ്പോൾ അതിന്‍റെ പ്രാധാന്യം ബോധ്യമാവും. അത്‌ലറ്റിക്സിൽ പാക്കിസ്ഥാന്‍റെ ആദ്യ ഒളിംപിക് മെഡൽ കൂടിയാണിത്.

അതിനിടയിലും സീസണിലെ ഏറ്റവും മികച്ച പ്രകടനം (89.45 മീറ്റർ) തന്നെയാണു നീരജ് കാഴ്ചവച്ചത്. ഇന്ത്യൻ താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനവുമാണിത്. 2022 ജൂൺ 30ന് സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗിൽ ‌89.94 മീറ്റർ ദൂരം കണ്ടതാണ് നീരജിന്‍റെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ ഒളിംപിക്സിൽ സ്വർണം നേടിയത് 87.58 മീറ്റർ എറിഞ്ഞാണ്. അന്നത്തെക്കാൾ മികവു പുലർത്തി പാരിസിൽ എന്നതു ശ്രദ്ധേയമാണ്. അത്‌ലറ്റിക്സിൽ തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് ഇതോടെ നീരജ്. ഇതിനു മുൻപ് രണ്ട് ഒളിംപിക്സുകളിൽ തുടർച്ചയായി വ്യക്തിഗത മെഡൽ നേടിയ രണ്ടു താരങ്ങളേ ഇന്ത്യയ്ക്കുള്ളൂ. ഗുസ്തിയിൽ സുശീൽകുമാറും ബാഡ്മിന്‍റണിൽ പി.വി. സിന്ധുവും. ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി ഒന്നിലേറെ വ്യക്തിഗത മെഡൽ നേടിയ അഞ്ചു താരങ്ങളിൽ ഒരാൾ എന്ന ബഹുമതിയും നീരജിനുണ്ട്. നോർമൻ പ്രിച്ചാർഡും മനു ഭാക്കറുമാണ് സുശീൽകുമാറിനും സിന്ധുവിനും പുറമേ ഈ നിരയിലുള്ളത്. ഈ ഒളിംപിക്സിലെ ഷൂട്ടിങ്ങിലാണ് മനു ഭാക്കർ രണ്ടു വെങ്കല മെഡലുകൾ നേടിയത്.

അന്താരാഷ്ട്ര വേദികളിൽ പരസ്പരം ഏറ്റുമുട്ടുമ്പോഴും അർഷാദും നീരജും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചിലുണ്ടാവുന്നില്ലെന്നത് കായിക രംഗത്തിനു തന്നെ മാതൃകയാണ്. അർഷാദും എനിക്കു മകനെപ്പോലെയാണ് എന്ന നീരജിന്‍റെ അമ്മയുടെ പ്രതികരണം ലക്ഷക്കണക്കിനാളുകളുടെ ഹൃദയം കവരുകയാണ്. നീരജ് തനിക്കും മകനെപ്പോലെയാണ് എന്നായിരുന്നു അർഷാദിന്‍റെ അമ്മ അതിനോടു പ്രതികരിച്ചത്. കളിക്കളത്തിനു പുറത്ത് താരങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നതാവരുത് ഏതൊരു കായിക മത്സരവും.

ഹരിയാനയിൽ നിന്നുള്ള ഇരുപത്താറുകാരൻ നീരജ് നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയ്ക്കു വേണ്ടി മെഡലുകൾ നേടിക്കഴിഞ്ഞു. രാജ്യത്തിനായി ഇനിയും എത്രയോ ബഹുമതികളാണ് ഈ താരം സ്വന്തമാക്കാനിരിക്കുന്നത്.

ഹോക്കിയിൽ തുടർച്ചയായ രണ്ടാം വെങ്കലമാണ് ഇന്ത്യയെ ആവേശം കൊള്ളിക്കുന്നത്. 1972ലെ മ്യൂണിക് ഒളിംപിക്സിനു ശേഷം ഇതാദ്യമായാണ് തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. മുൻ നായകൻ കൂടിയായ മലയാളി താരം പി.ആർ. ശ്രീജേഷിനും ഇതോടെ ഇരട്ട മെഡലായി. ഈ വിജയത്തോടെ കളിക്കളത്തിൽ നിന്നു വിരമിക്കുകയാണു ശ്രീജേഷ്. വെങ്കലം നിശ്ചയിച്ച സ്പെയിനെതിരായ മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ഗോൾ കീപ്പറെന്ന നിലയിലുള്ള ശ്രീജേഷിന്‍റെ മികവു തന്നെയാണ് ഇന്ത്യയ്ക്കു തുണയായത്. ഒളിംപിക്സിനു ശേഷം വിരമിക്കുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്ന ശ്രീജേഷ് പാരിസിൽ എന്നും ഓർക്കാവുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിന്‍റെ ആത്മവിശ്വാസം ഓരോ മത്സരത്തിലും ഉയർത്തിക്കൊണ്ടുവന്നത് ശ്രീജേഷിന്‍റെ ഉജ്വലമായ സേവുകളാണ്.

ജൂണിയർ ഹോക്കി ടീമിന്‍റെ ഹെഡ് കോച്ചായി ശ്രീജേഷിനെ നിയോഗിക്കാനുള്ള ഹോക്കി ഇന്ത്യയുടെ തീരുമാനവും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ ഹോക്കിയുടെ ഭാവി ശോഭനമാവുന്നതിന് ശ്രീജേഷിന്‍റെ സേവനം ഉപയോഗപ്പെടുമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. മുഴുവൻ മലയാളികളും ശ്രീജേഷിന് എല്ലാ ഭാവുകങ്ങളും നേരുകയാവും ഇപ്പോൾ. ഒരു കാലത്ത് ലോക ഹോക്കിയുടെ തലപ്പത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഒളിംപിക്സിൽ തുടർച്ചയായി സ്വർണം നേടിക്കൊണ്ടിരുന്ന രാജ്യം. എന്നാൽ, 1984 മുതലുള്ള മെഡൽ വരൾച്ചയാണ് ടോക്കിയോയിലും പാരിസിലുമായി അവസാനിപ്പിച്ചിരിക്കുന്നത്. ശ്രീജേഷ് പരിശീലിപ്പിക്കുന്ന കുട്ടികൾ നാളെ ഇന്ത്യൻ ഹോക്കിയെ സ്വർണത്തിലേക്കും തിരിച്ചെത്തിക്കുമെന്നു പ്രതീക്ഷിക്കാം.

Trending

No stories found.

Latest News

No stories found.