പാർലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച് മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത് ഏതാനും ദിവസം മുൻപാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നരേന്ദ്ര മോദിയുടെ മുൻ സർക്കാരുകളുടെ കാലത്തു തന്നെ ബിജെപി മുന്നോട്ടുവച്ചതാണ്. അതിന്മേൽ വിശദമായ പഠനം നടത്തി നിർദേശങ്ങൾ സമർപ്പിക്കാനാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യം ഉന്നതതല സമിതി രൂപവത്കരിച്ചത്. സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ മാർച്ചിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനു സമർപ്പിച്ചു. ഈ റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമാക്കാനുള്ള ബിൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണു സൂചന. ഡിസംബറിലാവും ശീതകാല സമ്മേളനത്തിനു തുടക്കമാവുക എന്നു കരുതണം. അതിനു മുൻപ് പ്രതിപക്ഷ കക്ഷികളുമായി ധാരണയിലെത്താനാവും കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
പ്രതിപക്ഷ കക്ഷികൾ പൊതുവേ ഈ നീക്കത്തോടു വിയോജിപ്പു പ്രകടിപ്പിക്കുന്നുണ്ട് എന്നതിനാൽ ബിൽ പാസാക്കിയെടുക്കുക സർക്കാരിന് എളുപ്പമാവില്ല. ഏതു തരത്തിലൊക്കെയാണ് ഇനിയുള്ള രാഷ്‌ട്രീയ നീക്കങ്ങളെന്നു കണ്ടുതന്നെ അറിയേണ്ടതുണ്ട്. പ്രതിപക്ഷവുമായുള്ള സമവായ ചർച്ചകൾക്ക് മൂന്നു കേന്ദ്രമന്ത്രിമാരെയാണ് കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ളത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ, പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളുമായി ഉടൻ ചർച്ചകൾ നടത്തിയേക്കും. പ്രതിപക്ഷം വഴങ്ങിയില്ലെങ്കിലും ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുകയും സംയുക്ത പാർലമെന്‍ററി സമിതിക്കു വിടുകയും ചെയ്തേക്കാം. പഞ്ചായത്തു മുതൽ പാർലമെന്‍റ് വരെയുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനെക്കുറിച്ചാണ് ഈ പരിഷ്കാരം ചർച്ച ചെയ്യുന്നത്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും വോട്ടെടുപ്പു നടത്തുക എന്നതാണു പദ്ധതി. ഇതിനായി ചില നിയമസഭകളുടെ കാലാവധി തത്കാലം കൂട്ടിനൽകേണ്ടിവരുന്നതുൾപ്പെടെ വിഷയങ്ങളുണ്ട്.
തീരുമാനം നടപ്പാക്കുന്നതിന് 18 ഭരണഘടനാ ഭേദഗതികൾ ആവശ്യമായിട്ടുണ്ട്. അതിനു പാർലമെന്‍റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ബിജെപിക്ക് ലോക്സഭയിൽ ഇപ്പോൾ ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. എന്‍ഡിഎയ്ക്ക് മൊത്തത്തിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷവുമില്ല. രാജ്യസഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ഭരണമുന്നണിക്കില്ല. അതിനാൽ തന്നെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയില്ലാതെ ഒരുമിച്ച് തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാവില്ല. അതുകൊണ്ടുതന്നെ വരുംനാളുകളിലെ ചർച്ചകൾ ഏറെ നിർണായകമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഷ്കാരം അടക്കം ചില വിഷയങ്ങളിൽ ചുരുങ്ങിയത് പകുതി സംസ്ഥാനങ്ങളുടെ നിയമസഭകളെങ്കിലും അംഗീകാരം നൽകേണ്ടതുമുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇപ്പോൾ ബിജെപിയും സഖ്യകക്ഷികളുമാണു ഭരിക്കുന്നതെന്നതിനാൽ അതിൽ പ്രശ്നം വരാനിടയില്ല. പക്ഷേ, പാർലമെന്‍റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വിലങ്ങുതടി തന്നെയാണ്.
തെരഞ്ഞെടുപ്പും ഭരണ സംവിധാനങ്ങളും കാര്യക്ഷമമാക്കുന്നതിനും ചെലവു വലിയ തോതിൽ കുറയ്ക്കുന്നതിനും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് ഉപകരിക്കുമെന്നാണ് ബിജെപിയും രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയും ചൂണ്ടിക്കാണിക്കുന്നത്. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് സാമ്പത്തിക വളർച്ചയ്ക്കു സഹായിക്കുമെന്നും ബിജെപി അവകാശപ്പെടുന്നുണ്ട്. കൂടെക്കൂടെ തെരഞ്ഞെടുപ്പുകളില്ലാത്തതിനാൽ സംസ്ഥാനങ്ങൾക്കു ഭരണത്തിൽ ശ്രദ്ധിക്കാനും നയങ്ങളിൽ ഊന്നി പ്രവർത്തിക്കാനും കഴിയും. ഇടവിട്ടുള്ള തെരഞ്ഞെടുപ്പുകൾക്കു വേണ്ടി ചെലവാക്കുന്ന പണം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവും. ഇടക്കിടെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന്‍റെ തടസങ്ങൾ ഒഴിവാകും. തുടർച്ചയായുള്ള വോട്ടെടുപ്പിന്‍റെ മടുപ്പ് വോട്ടർമാർക്കുണ്ടാവില്ല. അങ്ങനെ വരുമ്പോൾ പോളിങ് വർധിക്കുമെന്നും ഇതിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. ഓരോ തവണ വോട്ടു ചെയ്യാനും നാട്ടിലെത്തുക കുടിയേറ്റ തൊഴിലാളികൾക്ക് എളുപ്പമല്ല. ആഴ്ചകൾ അവധിയെടുത്ത്, കിലോമീറ്ററുകൾ താണ്ടിവേണം കുടിയേറ്റ തൊഴിലാളികൾക്കു നാട്ടിൽ വന്നു വോട്ടു ചെയ്യാൻ. ഒന്നിച്ചു വോട്ടെടുപ്പു നടത്തിയാൽ അവർക്കും എളുപ്പമാവുമെന്ന് പരിഷ്കാരത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നു. രാഷ്‌ട്രീയ പാർട്ടികളുടെ പ്രചാരണ ചെലവു നിയന്ത്രിക്കുന്നതിലും ഇതു സഹായിക്കും.
എന്നാൽ, ഈ പരിഷ്കാരം പ്രായോഗികമല്ലെന്നും വിജയിക്കില്ലെന്നുമാണു തുടക്കം മുതൽ പ്രതിപക്ഷത്തിന്‍റെ നിലപാട്. ജനാധിപത്യത്തിൽ ആവശ്യാനുസരണം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ തടസപ്പെടുത്തിക്കൂടാ എന്നതാണ് അവരുടെ വാദം. പാർലമെന്‍റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്നാൽ പ്രാദേശിക, സംസ്ഥാന വിഷയങ്ങൾക്കു വേണ്ടത്ര പ്രാധാന്യം കിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ദേശീയ കക്ഷികൾ, അതും കൂടുതൽ ഫണ്ടുള്ള പാർട്ടികൾ, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പിടിമുറുക്കുമെന്ന് പ്രാദേശിക കക്ഷി നേതാക്കൾ ആശങ്കപ്പെടുന്നുണ്ട്. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പു കമ്മിഷനും ജോലിഭാരം ഏറും. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കൂടുതലായി വേണ്ടിവരും. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ അട്ടിമറിക്കാനാണ് ബിജെപിയുടെ നീക്കമെന്നു പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തുകയാണ്. ഈ വിഷയത്തിൽ ഇനിയും ഏറെ ചർച്ചകൾ ആവശ്യമായിട്ടുണ്ടെന്നതാണ് ഭരണ- പ്രതിപക്ഷ വിയോജിപ്പുകൾ കാണിക്കുന്നത്. രാജ്യത്തിനും ജനാധിപത്യത്തിനും ഏറ്റവും ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കൂടിയാലോചനകളിലൂടെ രാഷ്‌ട്രീയ നേതൃത്വങ്ങൾക്കു കഴിയട്ടെ.