രാജ്യ പുരോഗതിക്ക് കൈപിടിച്ച വ്യവസായ നായകൻ

അനേകം ലോക രാജ്യങ്ങളിൽ ടാറ്റയുടെ വ്യവസായ സാമ്രാജ്യം വേരു പടർത്തി.
Editorial on ratan tata
രാജ്യ പുരോഗതിക്ക് കൈപിടിച്ച വ്യവസായ നായകൻ
Updated on

വ്യവസായ ലോകത്ത് ആരെയും അസൂയപ്പെടുത്തുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ രാജ്യത്തിന്‍റെ പ്രിയപുത്രന്‍റെ ദേഹവിയോഗം സൃഷ്ടിച്ച ദുഃഖത്തിലാണ് ഇന്ത്യ മുഴുവനുമുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിനെ ആ നിലയിലേക്കു വളർത്തിക്കൊണ്ടുവന്ന മാതൃകാ നായകൻ രത്തൻ ടാറ്റ എൺപത്തിയാറാം വയസിൽ ‍ഈ ലോകം വിട്ടുപോകുമ്പോൾ അതൊരു തീരാനഷ്ടമാണെന്നു തിരിച്ചറിയാത്തവരുണ്ടാവില്ല. ടാറ്റ ഗ്രൂപ്പിനെ വിവിധ മേഖലകളിലേക്കു വ്യാപിപ്പിക്കുകയും രാജ്യാന്തര കമ്പനികളെ ഏറ്റെടുക്കുകയും ചെയ്ത അദ്ദേഹം ആ സാമ്രാജ്യത്തിന്‍റെ ചെയർമാൻ സ്ഥാനത്തിരുന്നുകൊണ്ട് രാജ്യത്തെ മൊത്തത്തിൽ പുരോഗതിയിലേക്കു നയിക്കുകയായിരുന്നു. വ്യവസായ രംഗത്ത് ഇന്ത്യയുടെ കുതിപ്പിനു വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം നൽകി. അന്താരാഷ്‌ട്ര രംഗത്ത് രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ആവുന്നതൊക്കെ ചെയ്തു. ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ ഈ നാട്ടിലെ സാധാരണക്കാർക്കായി ഒരുക്കി. ഉപ്പു തൊട്ട് സ്റ്റീലും സോഫ്റ്റ് വെയറും വരെ, ടാറ്റ ഗ്രൂപ്പ് കൈവച്ച മേഖലകൾ നിരവധിയാണ്. എല്ലായിടത്തും മുൻനിര സ്ഥാപനമായി നിലനിൽക്കാനും അവർക്കു കഴിഞ്ഞു. അനേകം ലോക രാജ്യങ്ങളിൽ ടാറ്റയുടെ വ്യവസായ സാമ്രാജ്യം വേരു പടർത്തി.

ഇന്ത്യൻ വ്യവസായത്തിന്‍റെ മുഖമായി രത്തൻ ടാറ്റ തലയുയർത്തി നിന്നു. ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ടാറ്റ ഗ്രൂപ്പ് കമ്പനികൾക്കും രാജ്യത്തെ വ്യവസായ മേഖലയ്ക്കും പകർന്നു നൽകിയ ഊർജം ചെറുതൊന്നുമല്ല. ഏതു മേഖലയിലായാലും മികവു പുലർത്തുന്നതിലും പുതുമയെ ഉൾക്കൊള്ളുന്നതിലും സത്യനിഷ്ഠ പാലിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കാണിച്ചു. അതു മാത്രമല്ല ആ അസാധാരണ വ്യക്തിത്വത്തിന്‍റെ മഹത്വം. സമൂഹത്തിൽ ദയയും കാരുണ്യവും അനുകമ്പയും അർഹിക്കുന്നവർക്ക് അദ്ദേഹം നൽകിയ സഹായങ്ങൾ എന്നും നന്ദിയോടെ മാത്രം ഓർക്കേണ്ടതാണ്. തികഞ്ഞ മനുഷ്യസ്നേഹി എന്ന നിലയ്ക്കു തന്നെ എത്രയോ ആളുകൾക്കു പ്രിയങ്കരനായിരുന്നു രത്തൻ ടാറ്റ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിക്കുന്നതുപോലെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, മൃഗക്ഷേമം തുടങ്ങിയ മേഖലകളിൽ സമൂഹത്തെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു അദ്ദേഹം. വലിയ സ്വപ്നങ്ങൾ കാണാനും അതു യാഥാർഥ്യമാക്കാനും രത്തൻ ടാറ്റയ്ക്കു കഴിഞ്ഞു. ഇക്കാര്യത്തിൽ ഭാവി തലമുറകൾക്കു മാതൃകയാണ് അദ്ദേഹം.

ടാറ്റ ഗ്രൂപ്പിന്‍റെ സുവർണ കാലമായിരുന്നു രത്തൻ ടാറ്റ നേതൃത്വം വഹിച്ച വർഷങ്ങൾ. 21 വർഷമാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ചത്. ഇതിനിടെ ഗ്രൂപ്പിന്‍റെ വരുമാനം 40 മടങ്ങിലേറെ വർധിച്ചു. ലാഭം 50 മടങ്ങിലേറെ കൂടി. ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡുകളായ ജാഗ്വറും ലാൻഡ് റോവറും ഏറ്റെടുത്തതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറായ നാനോ പുറത്തിറക്കിയതും രത്തൻ ടാറ്റയെന്ന ഒരേ ചെയർമാനാണ്. രാജ്യത്തിനകത്ത് പുതിയ ചുവടുവയ്പ്പുകളിലൂടെയും ആഗോള ഏറ്റെടുക്കലുകളിലൂടെയും ടാറ്റ കമ്പനികളെ വളർത്തിവലുതാക്കുമ്പോഴും ബിസിനസിലെ ധാർമികതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്‍റെ സാമൂഹിക ഉത്തരവാദിത്വം ആവർത്തിച്ച് ഉറപ്പിച്ചു. ലാഭത്തിന്‍റെ ഗണ്യമായ വിഹിതം ടാറ്റ ട്രസ്റ്റുകൾ വഴി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. വെല്ലുവിളികളും തിരിച്ചടികളും നേരിട്ടപ്പോഴും മൂല്യങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറിയില്ല. ഓരോ അവസരത്തിലും കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. ആഡംബരത്തിന്‍റെ തിളക്കത്തിലല്ല, മനുഷ്യ സ്നേഹത്തിന്‍റെ തിളക്കത്തിലാണ് അദ്ദേഹം ജനമനസുകളിൽ ഇടംപിടിച്ചത്.

2012ൽ ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം ബിസിനസ് മേഖലയ്ക്കു മാർഗദർശിയാവുന്നതിൽ അദ്ദേഹം ശ്രദ്ധ പുലർത്തി. നല്ലൊരു ഭാവിക്ക് സ്ഥായിയായ വികസനവും സാങ്കേതികവിദ്യാ മുന്നേറ്റവും നവീകരണവും അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദീർഘകാല വളർച്ച ലക്ഷ്യമാക്കുന്ന മുതൽമുടക്കുകൾ ഉണ്ടാവണമെന്ന് അദ്ദേഹം ഉപദേശിച്ചു. ബിസിനസിലെ വൈവിധ്യവത്കരണത്തിലും അദ്ദേഹം വിശ്വസിച്ചു. യുവാക്കളിൽ സംരംഭകത്വം വളർത്തുന്നതിന്‍റെ പ്രാധാന്യവും അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. തന്‍റെ അനുഭവങ്ങൾ പങ്കുവച്ചും ചിന്തകൾ പകർന്നു നൽകിയും സംരംഭകരെ സഹായിച്ചു. സമ്പത്ത് സമൂഹത്തിന്‍റെ ഉയർച്ചയ്ക്ക് ഉപകാരപ്പെടണമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. മനുഷ്യരോടു മാത്രമല്ല മൃഗങ്ങളോട്, പ്രത്യേകിച്ചു നായകളോട്, അദ്ദേഹത്തിന്‍റെ സ്നേഹവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 165 കോടി രൂപ മുടക്കി മുംബൈയിൽ അടുത്തിടെ തുടങ്ങിയ 98,000 ചതുരശ്ര അടിയിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രി മൃഗങ്ങളോടുള്ള അദ്ദേഹത്തിന്‍റെ കരുണയ്ക്ക് അവസാന ഉദാഹരണമാണ്. രത്തൻ ടാറ്റയ്ക്ക് ഏറെ താത്പര്യമുള്ള പദ്ധതി എന്ന നിലയിലാണ് ടാറ്റ ട്രസ്റ്റ് ഇതിനെ കണ്ടത്. വ്യവസായത്തിനും സമൂഹത്തിനും നൽകിയിട്ടുള്ള നിരവധിയായ സംഭാവനകൾ പരിഗണിച്ചാണ് പദ്മ ഭൂഷണും പദ്മ വിഭൂഷണും അടക്കം ബഹുമതികൾ അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടത്. രാജ്യത്തിന്‍റെ സാമ്പത്തിക, സാമൂഹിക മേഖലകളിൽ രത്തൻ ടാറ്റ നൽകിയിട്ടുള്ള സംഭാവനകൾ വരും തലമുറകളും ആദരവോടെ ഓർമിക്കുമെന്നതിൽ സംശയമില്ല.

Trending

No stories found.

Latest News

No stories found.