ശബരിമലയിൽ മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് വെർച്വൽ ക്യൂ ബുക്കിങ് വഴി മാത്രം തീർഥാടകരെ അനുവദിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഇക്കഴിഞ്ഞ ദിവസങ്ങളിലെ വിവാദ വിഷയമാണ്. സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനു സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഇക്കുറി സ്പോട്ട് ബുക്കിങ് വേണ്ട എന്നു തീരുമാനമായത്. വെർച്വൽ ക്യൂ ബുക്കിങ് വഴി പ്രതിദിനം 80,000 പേർക്ക് തീർഥാടനം അനുവദിക്കുമെന്നാണു പറയുന്നത്. സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തിയാൽ പ്രതിദിന തീർഥാടകരുടെ എണ്ണം 80,000 കവിഞ്ഞുപോകുമത്രേ. ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രം തീർഥാടനം അനുവദിക്കുന്നത് കാര്യങ്ങൾക്ക് ഒരു കൃത്യതയുണ്ടാക്കുമെന്നതു വാസ്തവം തന്നെയാണ്.
ഏതു പാതയാണ് തീർഥാടനത്തിനു തെരഞ്ഞെടുക്കുന്നത് എന്ന വിവരം കൂടി വെർച്വൽ ക്യൂ ബുക്കിങ്ങിൽ ഉൾപ്പെടുത്തുമെന്നും പറയുന്നുണ്ട്. ഓരോ പാതയിലും എത്രമാത്രം ആളുകളുണ്ടാവും എന്നറിഞ്ഞ് തിരക്കു നിയന്ത്രിക്കുന്നതിന് ഇതു സഹായിക്കും. ഓരോ ദിവസവും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന തീർഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പൊലീസിനും മുൻകൂട്ടി നൽകിയാൽ അതിനനുസരിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കാനും സൗകര്യങ്ങൾ ഒരുക്കാനും കഴിയും.
പക്ഷേ, വെർച്വൽ ക്യൂ മാത്രമായാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളും സർക്കാരിനും ദേവസ്വം ബോർഡിനും കാണാതിരിക്കാനാവില്ല. ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറച്ചു തീർഥാടകരെങ്കിലും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒരാൾ പോലും ദർശനം ലഭിക്കാതെ ശബരിമലയിൽ നിന്നു മടങ്ങുന്ന അവസ്ഥ ഉണ്ടാവാതിരിക്കണം. സ്പോട്ട് ബുക്കിങ് പൂർണമായി നിർത്താതിരിക്കുക എന്നതു മാത്രമാണ് അതിനു മാർഗമായിട്ടുള്ളത്. സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞത്. ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സ്പോട്ട് ബുക്കിങ് പൂർണമായി ഒഴിവാക്കില്ലെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ അതു സ്വാഗതാർഹമാണ്. ഓൺലൈൻ ബുക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തിയിട്ടും സ്പോട്ട് ബുക്കിങ് കൂടിവരുന്നതു പ്രോത്സാഹിപ്പിക്കാവുന്ന കാര്യമല്ല എന്ന ദേവസ്വം ബോർഡിന്‍റെ നിലപാടിനെ കുറ്റം പറയാനാവില്ല. കൂടുതൽ ആളുകൾ വെർച്വൽ ക്യൂവിലേക്കു മാറേണ്ടതുണ്ട്. അതിന് അയ്യപ്പ ഭക്തർക്കിടയിൽ വ്യാപകമായ പ്രചാരണം നടത്തുന്നത് ഉചിതമാവും. എന്തുകൊണ്ടാണ് വെർച്വൽ ക്യൂ സംവിധാനം അനിവാര്യമാകുന്നതെന്ന് തീർഥാടകരെ ബോധ്യപ്പെടുത്താനാവണം. ഇതര സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ സഹകരണവും ഇക്കാര്യത്തിൽ തേടാവുന്നതാണ്.
ഭക്തരുടെ സുരക്ഷയ്ക്കാണു വെർച്വൽ ക്യൂ എന്നതാണു ദേവസ്വം ബോർഡിന്‍റെ നിലപാട്. ശബരിമലയിൽ എത്തുന്നവരുടെ ആധികാരിക രേഖ എന്ന നിലയിൽ അതിനെ കാണുകയും ചെയ്യാം. എന്നാൽ, ആളുകളുടെ എണ്ണം മുൻകൂട്ടി അറിയുന്നതിലെ പരിമിതിയുടെ പേരിൽ സ്പോട്ട് ബുക്കിങ് തീർത്തും ഒഴിവാക്കുന്നതും അനീതിയാണ്. തിരക്കു നിയന്ത്രിക്കുന്നതിന് വിദഗ്ധരായ ഉദ്യോഗസ്ഥരെ തന്നെയാവണം ശബരിമലയിൽ നിയമിക്കേണ്ടത്. പൊലീസ് അടക്കം സർക്കാർ സംവിധാനങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതു കഴിവും അനുഭവ പരിചയവുമുള്ളവരാണെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ രാഷ്ട്രീയം അടക്കം മറ്റു താത്പര്യങ്ങളൊന്നും നോക്കേണ്ടതില്ല. കഴിഞ്ഞ തവണയുണ്ടായ പ്രശ്നങ്ങൾ എന്തായാലും ആവർത്തിക്കാതിരിക്കണം. അതിനു പ്രത്യേക ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. അയ്യപ്പ ഭക്തർ പതിനാലും പതിനഞ്ചുമൊക്കെ മണിക്കൂറുകൾ ക്യൂനിന്നു വലഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ തീർഥാടകരെ വഴിയിൽ തടഞ്ഞ പൊലീസിന്‍റെ നടപടിയും ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കി.
സന്നിധാനത്തെത്താൻ കഴിയാതെ പലയിടത്തായി കാത്തിരുന്നു മടുത്തവരിൽ കുറച്ചുപേർ തീർഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങിയതും വാർത്തയായതാണ്. ചിലർ സമീപത്തെ അയ്യപ്പ ക്ഷേത്രങ്ങളിലെത്തി മാലയൂരി മടങ്ങിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇങ്ങനെ മാലയൂരി മടങ്ങിയവർ കപടഭക്തരെന്ന് അന്നത്തെ ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞതിനെച്ചൊല്ലിയും വിവാദമുണ്ടായി. പരിചയ സമ്പന്നരായ പൊലീസുകാരുടെ കുറവാണു ക്രമീകരണങ്ങളെ ദോഷകരമായി ബാധിച്ചതെന്നു പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇത്തവണ ഉദ്യോഗസ്ഥരെ ചുമതലകൾ ഏൽപ്പിക്കുമ്പോൾ അത് ഓർമ വേണം. തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന പ്രചാരണമുണ്ടായാൽ അതു ദോഷകരമായി ബാധിക്കും. കഴിഞ്ഞ തീർഥാടനകാലത്ത് ആദ്യ ഘട്ടത്തിൽ വെർച്വൽ ക്യൂ വഴി 90000 പേർക്കും സ്പോട്ട് ബുക്കിങ്ങിൽ 10000 പേർക്കുമാണ് ഒരു ദിവസം ദർശനം അനുവദിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ അത് എൺപതിനായിരവും പതിനായിരവുമായി കുറച്ചു. മൂന്നാം ഘട്ടത്തിൽ എഴുപതിനായിരവും പതിനായിരവുമാക്കി. ഈ അനുഭവം കണക്കിലെടുത്താണ് ഇപ്പോൾ ദിവസം 80,000 തീർഥാടകർ എന്നു നിജപ്പെടുത്തിയിരിക്കുന്നതത്രേ. അതിൽപക്ഷേ, സ്പോട്ട് ബുക്കിങ്ങിന് ഒരു സാധ്യതയുമില്ലാത്തത് പ്രശ്നങ്ങൾക്കു കാരണമായി മാറാം. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അയ്യപ്പഭക്തർക്കു വേണ്ട സൗകര്യങ്ങൾ ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നത് ഒഴിവാകട്ടെ. പാർക്കിങ് സൗകര്യങ്ങളുടെയും കെഎസ്ആർടിസി ബസുകളുടെയും കുറവ് പരാതിയായി ഉയരാതിരിക്കണം. അരവണ ലഭ്യതയിലും കുറവുണ്ടാവരുത്.