വീണ്ടും വിമർശിക്കപ്പെടുന്ന തമിഴ്നാട് ഗവർണർ| മുഖപ്രസംഗം

സുപ്രീം കോടതിയെ തന്നെ ധിക്കരിക്കുകയാണ് ഗവർണർ എന്നും നിരീക്ഷണമുണ്ട്.
തമിഴ്നാട്  ഗവർണർ ആർ.എന്‍. രവി
തമിഴ്നാട് ഗവർണർ ആർ.എന്‍. രവി
Updated on

ഗവർണറും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രത്തിലേക്ക് തമിഴ്നാട്ടിൽ നിന്നു പുതിയൊരു അധ്യായം കൂടി ചേർക്കപ്പെടുകയാണ്. മന്ത്രിയെ നിയമിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉപദേശം അനുസരിക്കാൻ ഗവർണറോടു സുപ്രീം കോടതി നിർദേശിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചു വരുന്നതിനിടെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെയ്ക്കും അനുകൂലമായ കോടതി നിർദേശം. ഭരണഘടനയ്ക്ക് അതീതമായി ഗവർണർ പ്രവർത്തിക്കുന്നതിനെതിരായ താക്കീതാണ് കോടതി നിർദേശത്തിലൂടെ ആവർത്തിക്കപ്പെടുന്നതും.

ഡിഎംകെ നേതാവ് പൊന്മുടിയെ വീണ്ടും മന്ത്രിയാക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഗവർണർ ആർ.എന്‍. രവിക്ക് ഇഷ്ടപ്പെടുന്നതായില്ല. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനാവില്ലെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ഇതിനെതിരേ തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത കേസിലാണ് പൊന്മുടിക്കു സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഗവർണർക്കു സുപ്രീം കോടതി അന്ത്യശാസനം നൽകിയത്. ഗവർണർക്ക് 24 മണിക്കൂർ സമയം നൽകുകയാണെന്നും അതിനുള്ളിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നില്ലെങ്കിൽ ഗവർണർക്കെതിരായ ഉത്തരവ് ഇറക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഗവർണറുടെ നടപടിയിൽ തങ്ങൾക്കു വളരെയേറെ ആശങ്കയുണ്ടെന്ന് ബെഞ്ച് പറയുന്നു. സുപ്രീം കോടതിയെ തന്നെ ധിക്കരിക്കുകയാണ് ഗവർണർ എന്നും നിരീക്ഷണമുണ്ട്.

സ്റ്റാലിൻ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന പൊന്മുടിയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മദ്രാസ് ഹൈക്കോടതി മൂന്നുവർഷം തടവിനു ശിക്ഷിച്ചപ്പോഴാണ് അദ്ദേഹത്തിനു മന്ത്രിസ്ഥാനം നഷ്ടമായത്. എന്നാൽ, മാർച്ച് 11ന് ഈ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാൻ സ്റ്റാലിൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ, സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ ഗവർണർ തയാറായില്ല. ശിക്ഷ സ്റ്റേ ചെയ്തെങ്കിലും പൊന്മുടി കുറ്റവിമുക്തനായിട്ടില്ലെന്നാണു ഗവർണർ വാദിച്ചത്. പൊതുജനസേവകൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന പൊന്മുടി ഗുരുതരമായ അഴിമതിയാരോപണത്തിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നതു ഭരണഘടനാപരമായ ധാർമികതയ്ക്ക് എതിരാണെന്നും ഗവർണർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ഗവർണർ പറഞ്ഞ ന്യായങ്ങൾ കോടതിക്കു സ്വീകാര്യമാ‌യില്ല. നിങ്ങളുടെ ഗവർണർ ‍എന്താണു ചെയ്യുന്നതെന്ന് അറ്റോർണി ജനറലിനോട് ആരാഞ്ഞ കോടതി ഭരണഘടനയെ അനുസരിക്കാൻ ഗവർണർ തയാറായില്ലെങ്കിൽ കേന്ദ്ര സർക്കാർ എന്തു ചെയ്യുമെന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരും ഗവർണറും തമ്മിലുള്ള നിരന്തര പോരാട്ടത്തിന്‍റെ തുടർച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നതും. കഴിഞ്ഞ വർഷം ജൂണിൽ സെന്തിൽ ബാലാജിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റു ചെയ്തപ്പോൾ മുഖ്യമന്ത്രിയോട് ആലോചിക്കാതെ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് ഗവർണർ പുറത്താക്കിയിരുന്നു. മുഖ്യമന്ത്രി ഇത് അംഗീകരിച്ചില്ല. മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സ്റ്റാലിൻ വാദിച്ചു. വലിയ രാഷ്‌ട്രീയ വിവാദമായി ഇതു മാറുമെന്നു വന്നപ്പോൾ ഗവർണർ തന്‍റെ തീരുമാനം മരവിപ്പിക്കുകയായിരുന്നു. വകുപ്പില്ലാ മന്ത്രിയായി തുടർന്ന സെന്തിൽ ബാലാജി തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ എട്ടു മാസത്തിനു ശേഷമാണ് രാജിവച്ചത്. ജയിലിൽ കിടക്കുമ്പോഴും ബാലാജി മന്ത്രിയായി തുടർന്നത് വിവാദം സൃഷ്ടിച്ചിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന ഗവർണറെ സുപ്രീം കോടതി നിശിതമായി വിമർശിച്ചത് ഏതാനും മാസങ്ങൾ മുൻപാണ്. 2020 മുതലുള്ള ബില്ലുകളിൽ ഒപ്പുവയ്ക്കാതിരിക്കുന്ന ഗവർണർ മൂന്നുവർഷക്കാലം എന്താണു ചെയ്തതെന്ന് കോടതി ചോദിച്ചു. സർവകലാശാലകളുടെ പ്രവർത്തനം സംബന്ധിച്ചും സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ആർ.എൻ. രവിയെ ഗവർണർ സ്ഥാനത്തു നിന്ന് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ രാഷ്‌ട്രപതിക്കു കത്തു നൽകുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഡിഎംകെയുടെ പ്രകടന പത്രികയിൽ ഗവർണറുടെ അധികാരത്തിനു നിയന്ത്രണം ഏർപ്പെടുത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കൂടി അംഗീകാരത്തോടെയാവണം ഗവർണർ നിയമനം എന്നും പ്രകടന പത്രിക പറയുന്നു. ഈ‌ പത്രിക പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഗവർണർക്കെതിരേ സുപ്രീം കോടതിയിലും സംസ്ഥാന സർക്കാരിന്‍റെ വാദങ്ങൾ വിജയം കാണുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ഗവർണർക്ക് ഇടപെടാനുള്ള സാധ്യതകൾ പരിമിതമാണെന്നത് എന്തായാലും അംഗീകരിച്ചേ തീരൂ. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗവർണറുടെ ശ്രമം എവിടെയായാലും അംഗീകരിക്കാനുമാവില്ല.

Trending

No stories found.

Latest News

No stories found.