കിങ് കോലി | മുഖപ്രസംഗം

സച്ചിന്‍റെ ഹോം ഗ്രൗണ്ട്, അദ്ദേഹത്തിന്‍റെ സാന്നിധ്യം, ലോകകപ്പിന്‍റെ നോക്കൗട്ട് റൗണ്ട്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സെമി ഫൈനൽ... ചരിത്രപ്പിറവിക്ക് എല്ലാംകൊണ്ടും മഹത്വം പകരുന്ന അന്തരീക്ഷം.
വിരാട് കോലി
വിരാട് കോലി
Updated on

മുംബൈയിലെ തിങ്ങിനിറഞ്ഞ വാംഖഡെ സ്റ്റേഡിയവും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരും ഇതു തന്നെയാണു കാത്തിരുന്നത്. ഏകദിന സെഞ്ചുറികളിൽ അർധ സെഞ്ചുറി തികച്ച് സച്ചിൻ ടെൻഡുൽക്കറുടെ ലോക റെക്കോഡ് തിരുത്താൻ വിരാട് കോലിക്ക് ഇതിലും നല്ലൊരവസരം വേറെ എന്താണുള്ളത്. സച്ചിന്‍റെ ഹോം ഗ്രൗണ്ട്, അദ്ദേഹത്തിന്‍റെ സാന്നിധ്യം, ലോകകപ്പിന്‍റെ നോക്കൗട്ട് റൗണ്ട്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സെമി ഫൈനൽ... ചരിത്രപ്പിറവിക്ക് എല്ലാംകൊണ്ടും മഹത്വം പകരുന്ന അന്തരീക്ഷം.

ഏകദിന ക്രിക്കറ്റിൽ 49 സെഞ്ചുറികളടിച്ച് സച്ചിൻ കുറിച്ച ലോക റെക്കോഡ് ഇനി ആരു തിരുത്താൻ എന്നൊരു ചോദ്യം വർഷങ്ങൾക്കു മുൻപേ ഉയർന്നിരുന്നു. അന്ന് സച്ചിൻ പറഞ്ഞ മറുപടി രോഹിത്തോ കോലിയോ അതു തിരുത്തും എന്നു തന്നെയായിരുന്നു. ഇന്നലെ ആ ദിവസമെത്തി. കിങ് കോലിയുടെ പേരിൽ പുതിയ അധ്യായം കുറിക്കപ്പെട്ട ദിവസം. ഏതു റെക്കോഡും തിരുത്തപ്പെടാനുള്ളതു തന്നെയാണ് എന്ന വിശ്വാസം സൂക്ഷിക്കുന്നവർ പോലും ചോദിച്ചേക്കാം, ഇനി ആരു മറികടക്കാൻ കോലിയുടെ ഈ നേട്ടം. ക്രിക്കറ്റ് ദൈവത്തിനും ക്രിക്കറ്റ് രാജാവിനും പിന്നാലെ വരാനിരിക്കുന്ന മാന്ത്രികനുള്ള വഴി ഒട്ടും എളുപ്പമല്ല, പ്രത്യേകിച്ചും ആധുനിക ക്രിക്കറ്റിൽ.

അതെന്തായാലും ഇപ്പോൾ ആഘോഷം കോലിയുടേതാണ്. ഇന്നലെ അമ്പതാം ഏകദിന സെഞ്ചുറി മാത്രമല്ല ഈ മുൻനായകൻ കണ്ടെത്തിയത്. ഒരു ലോകകപ്പിൽ എഴുനൂറിലേറെ റൺസ് നേടുന്ന ആദ്യ താരം എന്ന റെക്കോഡ് കൂടിയാണ്. ഇതിലും മറികടക്കുന്നത് സച്ചിൻ ടെൻഡുൽക്കറെ. 2003ലെ ലോകകപ്പിൽ ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി 673 റൺസ് നേടി സച്ചിൻ കുറിച്ച റെക്കോഡാണ് ഈ ലോകകപ്പിൽ പത്തു മത്സരങ്ങളിൽ നിന്നായി 711 റൺസുള്ള കോലി മറികടന്നിരിക്കുന്നത്. ഒരു ലോകകപ്പിൽ 600ൽ ഏറെ റൺസ് നേടുന്ന ആറാമത്തെ മാത്രം താരവുമാണ് കോലി. ഏകദിനത്തിൽ സച്ചിന് ഒപ്പമെത്തിയ നാൽപ്പത്തൊമ്പതാം സെഞ്ചുറി കോലി നേടിയതും ഈ ലോകകപ്പിൽ തന്നെയാണ്. ഏതാനും ദിവസം മുൻപ് തന്‍റെ മുപ്പത്തഞ്ചാം പിറന്നാൾ ദിനത്തിൽ, ദക്ഷിണാഫ്രിക്കക്കെതിരേ ഈഡന്‍ ഗാര്‍ഡന്‍സില്‍.

നാലാമത്തെ ലോകകപ്പ് കളിക്കുന്ന കോലിയുടെ ഈ ലോകകപ്പിലെ മൂന്നാമത്തെ സെഞ്ചുറിയായിരുന്നു ഇന്നലത്തേത് എന്നതു കൂടി ഓർക്കാവുന്നതാണ്. ബംഗ്ലാദേശിനെതിരേയായിരുന്നു ആദ്യത്തേത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ മൊത്തം അഞ്ചു സെഞ്ചുറികളാണു കോലിയുടെ പേരിലുള്ളത്. 2011ൽ ബംഗ്ലാദേശിനെതിരേയും 2015ൽ പാക്കിസ്ഥാനെതിരേയും ഈ താരം മൂന്നക്ക സ്കോർ കണ്ടെത്തിയിരുന്നു. 2019ലെ ലോകകപ്പിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും സെഞ്ചുറി അപ്രാപ്യമായി. 2023ൽ ഇതുവരെ ആറു സെഞ്ചുറികൾ കണ്ടെത്താൻ കോലിക്കു കഴിഞ്ഞിട്ടുണ്ട്. ഈ വർഷം മറ്റൊരു താരവും ഈ നേട്ടത്തിൽ ഇന്ത്യൻ റൺ യന്ത്രത്തിനു വെല്ലുവിളിയായിട്ടില്ല. ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ കോലിക്കു മുൻപ് ഇന്ത്യയ്ക്കു വേണ്ടി സെഞ്ചുറി നേടിയിട്ടുള്ള മറ്റു രണ്ടു താരങ്ങൾ സൗരവ് ഗാംഗുലിയും രോഹിത് ശർമയുമാണ്. 2003ൽ സെമിഫൈനലിൽ കെനിയക്കെതിരേയായിരുന്നു ഗാംഗുലിയുടെ സെഞ്ചുറി. 2015ൽ ക്വാർട്ടറിൽ ബംഗ്ലാദേശിനെതിരേ രോഹിത് ശർമയും സെഞ്ചുറി നേടി. ‌

ഈ ലോകകപ്പിൽ മികച്ച ഫോം കണ്ടെത്തിയ കോലി അമ്പത് കടക്കാത്ത രണ്ടു മത്സരങ്ങളേയുള്ളൂ- പാക്കിസ്ഥാനും ഇംഗ്ലണ്ടിനും എതിരേ മാത്രം. ഇന്നലത്തെ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരവുമായിട്ടുണ്ട് കോലി. മൂന്നാം സ്ഥാനത്തു നിന്ന് പിന്തള്ളപ്പെട്ടത് റിക്കി പോണ്ടിങ്. 18,426 റൺസുമായി സച്ചിൻ ടെൻഡുൽക്കറാണ് ഒന്നാം സ്ഥാനത്ത്. കുമാർ സംഗക്കാര 14,234 റൺസോടെ രണ്ടാമതുണ്ട്. ഏകദിനങ്ങളിൽ 13,794 റൺസാണ് ഇപ്പോൾ കോലിയുടെ പേരിലുള്ളത്; പോണ്ടിങ്ങിന്‍റെ പേരിൽ 13,704 റൺസും. 463 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ടെൻഡുൽക്കർ 49 ഏകദിന സെഞ്ചുറികള്‍ നേടിയതെങ്കില്‍ കോലിക്ക് സച്ചിനെ മറികടക്കാൻ വേണ്ടിവന്നത് 291 മത്സരങ്ങള്‍ മാത്രം. ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം അമ്പത്തൊന്നു സെഞ്ചുറികൾ. സെഞ്ചുറികളിൽ സെഞ്ചുറി എന്ന ക്രിക്കറ്റ് ദൈവത്തിന്‍റെ റെക്കോഡിനൊപ്പമെത്താൻ കോലിക്ക് ഇനിയും ഇരുപതു സെഞ്ചുറികൾ കൂടി വേണം. ടെസ്റ്റില്‍ ഇരുപത്തൊമ്പതും ടി20യില്‍ ഒന്നും സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്. സച്ചിന്‍റെ നൂറു സെഞ്ചുറികൾ എന്നെങ്കിലും ആരെങ്കിലും മറികടക്കുമോ എന്നൊരു ചോദ്യം ദീർഘകാലം ഉത്തരം തേടിക്കൊണ്ടിരിക്കും എന്നു വ്യക്തം.

Trending

No stories found.

Latest News

No stories found.