കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനത്തിൽ കേരളം ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങളെക്കുറിച്ചു വിവരിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്‍റെ സംസ്ഥാനത്തോടുള്ള വിവേചനത്തെക്കുറിച്ചും പറയുന്നുണ്ട്. ഈ സർക്കാരിന്‍റെ കാലത്ത് പലവട്ടം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ തന്നെയാണ് അവയൊക്കെയും. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നുണ്ട്.
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിനു കാര്യമായൊന്നും ലഭിച്ചില്ല. പ്രത്യേക റെയ്‌ല്‍വേ സോണ്‍, എയിംസ് തുടങ്ങി നിരവധി പദ്ധതികള്‍ അവയ്ക്കാവശ്യമായ എല്ലാ പശ്ചാത്തല സൗകര്യവും ഉണ്ടായിട്ടും കേന്ദ്രം അനുവദിച്ചില്ല. കണ്ണൂര്‍ വിമാനത്താവളം വികസനത്തിന് അനിവാര്യമായ പോയിന്‍റ് ഓഫ് കോള്‍ പദവി നല്‍കിയിട്ടില്ല. ഈ പദവി ലഭിച്ചാലേ വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് തുടങ്ങാനാകൂ. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധന കമ്മിഷന്‍ ഗ്രാന്‍റില്‍ കേന്ദ്രം വലിയ കുറവു വരുത്തി. 12ാം ധന കമ്മിഷന്‍റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 4.54% ആയിരുന്നത് 15ാം ധന കമ്മിഷന്‍ ആകുമ്പോഴേക്കും 2.68% ആയി കുറഞ്ഞു. ബിജെപി ഭരണം നടത്തുന്ന ചില സംസ്ഥാനങ്ങള്‍ക്ക് രണ്ടര ശതമാനത്തിലധികം വർധിപ്പിച്ച് 16.05% വിഹിതം നല്‍കുമ്പോഴാണ് ഏകദേശം പകുതിയായി നമ്മുടെ വിഹിതം വെട്ടിക്കുറച്ചത്. ജൂലൈ 30ന് പുലര്‍ച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 1,202 കോടി രൂപയുടെ പ്രാഥമിക സഹായം ആവശ്യപ്പെട്ട കേരളത്തിന് അതിൽ ഒരു പൈസ പോലും അനുവദിച്ചിട്ടില്ല- മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
ഇത്തരത്തിലുള്ള അവഗണനകൾക്കെല്ലാം പുറമേയാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവുമായി ബന്ധപ്പെട്ട ഒരനീതി കൂടി ഇപ്പോൾ ചർച്ചാ വിഷയമാവുന്നത്. പദ്ധതിക്കായി കേന്ദ്രം നൽകാമെന്നു സമ്മതിച്ചിരുന്ന 817.80 കോടി രൂപയുടെ ധനസഹായം വായ്പയായി മാറ്റുകയാണത്രേ. പലിശ സഹിതം ഈ വായ്പ കേരളം തിരിച്ചടയ്ക്കേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇതു വലിയ തിരിച്ചടിയാവുമെന്നതിൽ യാതൊരു സംശയവും ഉണ്ടാവേണ്ടതില്ല. കേന്ദ്രത്തിന്‍റെ ഈ മലക്കം മറിച്ചിലിനെതിരേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നു എന്ന ആരോപണം ഒന്നുകൂടി ശക്തമാക്കുന്നതാണ് വിഴിഞ്ഞത്തിനുള്ള ധനസഹായം വായ്പയായി മാറ്റാനുള്ള നീക്കവും. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നടപ്പാക്കുന്ന പദ്ധതികൾക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിങ് അനുസരിച്ചുള്ള ധനസഹായമാണ് 817.80 കോടി രൂപ. ഈ സഹായം അനുവദിക്കാൻ ഏതാണ്ട് ഒരു ദശകക്കാലം മുൻപാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന് തിരിച്ചടവ് ഉപാധിയില്ലാതെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് അനുവദിക്കുമ്പോഴാണ് കേരളത്തോടു വിവേചനമെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാന സൗകര്യ പദ്ധതികളിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക പ്രോത്സാഹിപ്പിക്കുന്നതിനാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് സംവിധാനം ആവിഷ്കരിച്ചത്. പ്രാവർത്തികമായാൽ രാജ്യത്തിന്‍റെ സാമ്പത്തിക മുന്നേറ്റത്തിനു സഹായിക്കുന്ന വലിയ പദ്ധതികൾക്ക് സ്വകാര്യ മൂലധനം ആകർഷിക്കുന്നതിനുള്ള പ്രോത്സാഹനം എന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. തീർച്ചയായും വിഴിഞ്ഞം തുറമുഖം അത്തരത്തിലൊരു പദ്ധതിയാണ്.
ഡിസംബറിൽ കമ്മിഷൻ ചെയ്യാനിരിക്കുന്ന ഈ തുറമുഖം രാജ്യത്തെ ചരക്കു നീക്കത്തിൽ വലിയ മാറ്റങ്ങൾക്കാണു വഴി തുറക്കുക. ചരക്കുനീക്കത്തിനു മറ്റു രാജ്യങ്ങളിലെ മദർപോർട്ടുകളെ ആശ്രയിക്കുന്നതു മൂലം നഷ്ടപ്പെടുന്ന വിദേശനാണ്യം ലാഭിക്കുകയും സമയനഷ്ടം കുറയ്ക്കുകയും ചെയ്യും. രാജ്യത്തെ ചരക്കുനീക്കത്തിന്‍റെ ഹബ്ബായി വിഴിഞ്ഞം മാറുന്നതിന് അധികം സമയം വേണ്ടിവരില്ല. ലോകത്തെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയ്നുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. മറ്റു സംവിധാനങ്ങളും അത്യാധുനികമാണ്. രാജ്യത്തെ ചരക്കുനീക്കത്തിന്‍റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്‌ട്ര കപ്പൽ ചാലിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. പക്ഷേ, ചരക്കുനീക്കത്തിന്‍റെ മുക്കാൽ പങ്കും കൊളംബോയിൽ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി വർഷം 2,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാവുന്നുണ്ടെന്നാണു പറയുന്നത്. വിഴിഞ്ഞത്ത് കപ്പൽച്ചാലിൽ നിന്നു തുറമുഖത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് ചരക്കിറക്കി മടങ്ങാനാവും. ദിവസങ്ങളോളം പുറംകടലിൽ കാത്തുകിടക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. ഇത് മദർഷിപ്പുകൾക്കു പ്രോത്സാഹനം നൽകുന്നതാണ്. അതുകൊണ്ടുതന്നെ സമീപത്തുള്ള മറ്റു രാജ്യങ്ങളുടെ മദർഷിപ്പ് പോർട്ടുകളോടു മത്സരിക്കുന്നതിനുള്ള കരുത്ത് വിഴിഞ്ഞത്തിനുണ്ട്.
രാജ്യത്തേക്ക് കടൽ വഴി കൊണ്ടുവരുന്ന സാധനങ്ങൾ വിഴിഞ്ഞത്തെത്തിച്ച് ഇവിടെ നിന്ന് ചെറുകപ്പലുകളിൽ മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകാം. ഇങ്ങനെ ചരക്കുനീക്കത്തിൽ പുതിയൊരു അധ്യായം തന്നെ തുറക്കുന്ന പദ്ധതിക്കുള്ള ധനസഹായത്തെ അവസാന നിമിഷം വായ്പയായി മാറ്റി പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ തുനിയരുത്. കേന്ദ്ര ധനമന്ത്രി ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാം. വിഴിഞ്ഞം പദ്ധതിയുടെ മൊത്തം ചെലവായ 8,867 കോടി രൂപയിൽ 5,595 കോടിയും സംസ്ഥാന സർക്കാരാണു മുടക്കുന്നത്. പദ്ധതിയിൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുത്തിട്ടുള്ള സംസ്ഥാനത്തോട് ഗ്രാന്‍റ് വായ്പയാക്കി മാറ്റിയല്ല കേന്ദ്രം പ്രതികരിക്കേണ്ടത്.