മാലിന്യപ്രശ്നം: ചെറിയ ചികിത്സ മതിയാവില്ല| മുഖപ്രസംഗം

സർവതും മലിനമാക്കുന്ന ശീലം ഉപേക്ഷിക്കാതെ ഈ ഭീഷണിയിൽ നിന്ന് മോചനമുണ്ടാവില്ല.
മാലിന്യപ്രശ്നം: ചെറിയ ചികിത്സ മതിയാവില്ല| മുഖപ്രസംഗം
Updated on

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി മാറിയിരിക്കുകയാണു മാലിന്യ പ്രശ്നം. പ്രത്യേകിച്ചു നമ്മുടെ നഗരങ്ങളിൽ പലതിലും മാലിന്യ നിർമാർജനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് ഏതൊരാൾക്കും നേരിട്ടു ബോധ്യമുള്ളതാണ്. തിരുവനന്തപുരമായാലും കൊച്ചിയായാലും മറ്റേതു നഗരമായാലും പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നതു പതിവു കാഴ്ച. ആമയിഴഞ്ചാൻ തോട്ടിൽ തന്നെ ഇത്രയേറെ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ടെന്നത് അമ്പരപ്പോടെയാണു കേരളമാകെ നോക്കിക്കണ്ടത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോൾ ഹൈക്കോടതിയും ഈ വിഷയത്തിൽ രൂക്ഷവിമർശനമാണ് ഉയർത്തിയത്. കനാലുകളിൽ മാലിന്യം വലിച്ചെറിയുന്നതു ചിലർക്കു വിനോദമാണെന്നും ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. കൊച്ചിയിലെ കനാലുകളിൽ മാലിന്യം എത്തുന്നതു തടയാൻ കോർപ്പറേഷന് എന്തുകൊണ്ടു കഴിയുന്നില്ലെന്നും കോടതി ആരാഞ്ഞു.

തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാനിറങ്ങിയ ജോയിക്ക് ജീവൻ നഷ്ടപ്പെടാൻ ഇടയായതു കണ്ണു തുറപ്പിക്കേണ്ടതാണെന്ന കോടതിയുടെ ഓർമപ്പെടുത്തൽ സംസ്ഥാനത്തിനു മൊത്തത്തിൽ ബാധകമാണ്. കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു താഴെ ടൺ കണക്കിനു മാലിന്യം കാണാമെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. പേരണ്ടൂർ കനാലിലെ അവസ്ഥയും മെച്ചമൊന്നുമല്ല. മാലിന്യം വലിച്ചെറിയുന്നവരും അതു നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് മാലിന്യപ്രശ്നം വഷളാക്കുകയാണ്. വഴയിരികിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതു കർശനമായി തടയാൻ ഇനിയും നമുക്കു കഴിയുന്നില്ലെങ്കിൽ ശുചിത്വ കേരളം സുന്ദര കേരളം, മാലിന്യമുക്ത നവകേരളം എന്നൊക്കെ ഭംഗിവാക്കു പറയുമ്പോഴും പലവിധ പകർച്ചവ്യാധികളുടെ രോഗശയ്യയിൽ കിടക്കുന്ന കേരളത്തെ നമുക്കു കാണേണ്ടിവരും. ഇപ്പോൾ തന്നെ, മഴക്കാല രോഗങ്ങളുടെ പിടിയിലാണു സംസ്ഥാനമുള്ളത്. കോളറയും ഡെങ്കിയും എച്ച്1 എന്‍ വണും എലിപ്പനിയും മഞ്ഞപ്പിത്തവും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കാണുന്നുണ്ട്. സർവതും മലിനമാക്കുന്ന ശീലം ഉപേക്ഷിക്കാതെ ഈ ഭീഷണിയിൽ നിന്ന് മോചനമുണ്ടാവില്ല.

പൊതുസ്ഥലത്തു മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടിയെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ തീരുമാനമായത്. ജോയിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന ഈ യോഗത്തിൽ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും മറ്റ് ഉത്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടി എന്നും തീരുമാനമായിട്ടുണ്ട്. പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് അടക്കം നടപടികളെക്കുറിച്ച് സർക്കാർ പറയുന്നുണ്ട്. ഇത്തരത്തിൽ "കർശന നടപടികൾ' പ്രഖ്യാപിക്കാൻ തുടങ്ങിയിട്ടു കാലം കുറേയായി. കോടിക്കണക്കിനു രൂപ ഓരോ വർഷവും മാലിന്യ നിർമാർജനത്തിന്‍റെ പേരിൽ ചെലവാക്കുന്നുമുണ്ട്. പക്ഷേ, പ്രശ്നം പ്രശ്നമായി അവശേഷിക്കുന്നു. ആമയിഴഞ്ചാൻ തോടിന്‍റെ ദുർഗതിയൊക്കെ ഏതാനും ദിവസം കഴിയുമ്പോൾ മറക്കും. അതോടെ "കർശന നടപടികൾ' കടലാസിൽ മാത്രമാവും. ഈ പതിവ് ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർക്ക് നിശ്ചയദാർഢ്യം ഉണ്ടാവണം. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യപ്രശ്നം ഇനി ചെറുതായി കാണില്ലെന്ന് പ്രതിജ്ഞയെടുക്കണം.

ഫലത്തിൽ എന്താണു നടക്കുന്നതെന്ന് പ്ലാസ്റ്റിക് നിരോധനത്തിന്‍റെ കാര്യത്തിൽ നിന്നു തന്നെ വ്യക്തമാണ്. പൊതുസ്ഥലങ്ങൾ മലിനമാക്കുന്നതിൽ പ്രധാന പങ്ക് പ്ലാസ്റ്റിക്കിനുണ്ട്. പുനരുപയോഗം സാധ്യമല്ലാത്ത, പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കു നേരത്തേ തന്നെ നിരോധനമുള്ളതാണ്. പക്ഷേ, എന്തു ഫലം. നിരോധിത ഉത്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇങ്ങോട്ട് ഒഴുകുകയാണ്. നിരോധനം കർശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങൾ പലതവണയുണ്ടായിട്ടുണ്ട്. കാലങ്ങളോളം നശിക്കാത്ത പ്ലാസ്റ്റിക് താത്കാലിക സൗകര്യത്തിന് ഉപയോഗിച്ച ശേഷം പൊതുസ്ഥലങ്ങളിലേക്കു വലിച്ചെറിഞ്ഞ് സംതൃപ്തിയടയുന്നത് എല്ലാ "കർശന' പ്രഖ്യാപനങ്ങൾക്കു ശേഷവും തുടരുകയാണ്. ഇത്രയൊക്കെയായിട്ടും, ഈ മണിക്കൂറുകളിൽ പോലും, ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നതിന് ആളുകൾ മടിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച ഒമ്പതു പേരെ കഴിഞ്ഞ ദിവസം രാത്രി വാഹനം അടക്കം വനിതകളുടെ ഹെൽത്ത് സ്ക്വാഡ് പിടികൂടിയെന്നാണു കോർപ്പറേഷൻ അധികൃതർ പറയുന്നത്! 45,090 രൂപ ഇവരിൽ നിന്ന് പിഴ ചുമത്തിയിട്ടുണ്ടത്രേ. ആർക്ക് എന്തു സംഭവിച്ചാലും വലിച്ചെറിയൽ "വിനോദം' തുടരുമെന്നു തീരുമാനിക്കുന്നവരെക്കുറിച്ച് എന്തു പറയാൻ. കോർപ്പറേഷന്‍റെ ഭാഗത്തുനിന്ന് തുടർച്ചയായ നിരീക്ഷണവും മുഖം നോക്കാതെയുള്ള നടപടികളും ഉണ്ടാവേണ്ടതുണ്ട് എന്നതിൽ സംശയമൊന്നുമില്ല.

Trending

No stories found.

Latest News

No stories found.