യാഥാർഥ്യ ബോധമില്ലാത്ത സർക്കാർ കണക്കുകൾ

ഈ കണക്കുകളിൽ അപാകതയുണ്ടെന്ന് ഏതു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസിലാവുന്നതാണ്
ഈ കണക്കുകളിൽ അപാകതയുണ്ടെന്ന് ഏതു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസിലാവുന്നതാണ് Editorial on Wayanad distress relief controversy
യാഥാർഥ്യ ബോധമില്ലാത്ത സർക്കാർ കണക്കുകൾfile image
Updated on

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നുള്ള ദുരന്ത നിവാരണച്ചെലവു സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വിവാദമായി മാറിയിരിക്കുകയാണല്ലോ. പെരുപ്പിച്ചു കാണിച്ച കണക്കുകളെച്ചൊല്ലി വലിയ തോതിലുള്ള വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരേ ഉയർന്നിരിക്കുന്നത്. കേന്ദ്രസഹായം കിട്ടുന്നത് അട്ടിമറിക്കാൻ വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നത് എന്നൊക്കെയാണ് സർക്കാർ ഭാഗത്തുനിന്നുള്ള വിശദീകരണമെങ്കിലും ഈ കണക്കുകളിൽ അപാകതയുണ്ടെന്ന് ഏതു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസിലാവുന്നതാണ്. ദുരന്തം നേരിടുന്നതിനു ചെലവായ തുകയെന്നോ ഇനിയും ചെലവഴിക്കാനുള്ളത് അടക്കമുള്ള തുകയെന്നോ എന്തൊക്കെ പറഞ്ഞാലും അതിനൊക്കെ ഒരു സാമാന്യ യുക്തി വേണ്ടതാണ്. സാധാരണക്കാരന് അങ്ങനെയൊരു യുക്തി ഈ കണക്കുകളിൽ കാണാനാവുമോയെന്ന് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തും മുൻപ് സർക്കാർ ഒന്നു പരിശോധിക്കേണ്ടതുണ്ട്.

ഇതിൽ കാണിച്ചിട്ടുള്ള പല കണക്കുകളും വിചിത്രമായി തോന്നാം എന്നല്ല, വിചിത്രം തന്നെയാണ്. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു കണക്കാക്കിയിരിക്കുന്ന ചെലവ് 75, 000 രൂപയാണത്രേ! 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2.77 കോടി രൂപ! ദുരിതബാധിതരെ ഒഴിപ്പിക്കാനുള്ള വാഹനങ്ങൾക്കു ചെലവായി കണക്കാക്കിയത് 12 കോടി രൂപ! വ്യോമസേനയുടെ എയർലിഫ്റ്റിങ്ങിന് ഭാവിയിൽ പണം നൽകേണ്ടിവന്നാൽ അതിനായി 17 കോടി! എന്തിനേറെ പറയുന്നു, മണ്ണുമാന്തികൾക്ക് 15 കോടി, ജനറേറ്ററുകൾക്ക് ഏഴു കോടി, ഡ്രോണുകൾക്ക് മൂന്നു കോടി എന്നിങ്ങനെയൊക്കെയാണു സർക്കാർ കണക്കുകൂട്ടിയ ചെലവ്. സർക്കാർ വോളണ്ടിയർമാരുടെ ആരോഗ്യ പരിചരണത്തിന് 2.02 കോടി രൂപയും കണക്കാക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്ക് വസ്ത്രം നൽകാനുള്ള ചെലവ് 11 കോടി രൂപയാണു കാണിച്ചിരിക്കുന്നത്. ക്യാംപിലുള്ളവരുടെ ഭക്ഷണത്തിന് എട്ടു കോടിയും രക്ഷാസേന- വോളണ്ടിയർമാരുടെ ഭക്ഷണത്തിന് 10 കോടിയും അവരുടെ താമസത്തിന് 15 കോടിയും ഒക്കെയാണ് കണക്കുകളിലുള്ളത്. ടോർച്ചും മഴക്കോട്ടും കുടയും ബൂട്ടും വാങ്ങാൻ 2.98 കോടി ചെലവു കണക്കാക്കിയിരിക്കുന്നു. സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന്‍റെ അനുബന്ധ ചെലവുകൾക്ക് വകയിരുത്തിയത് ഒരു കോടി രൂപയാണ്!

സമാനതകളില്ലാത്ത ഉരുൾപൊട്ടൽ ദുരന്തമായിരുന്നു വയനാട്ടിലുണ്ടായത്. അതിനെ നേരിടാൻ കേരളം മുഴുവൻ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. ദുരന്തബാധിതരെ സ്ഥലത്തെത്തി സഹായിക്കാൻ നൂറു കണക്കിനാളുകൾ സ്വയം സന്നദ്ധരായി രംഗത്തുവന്നു. എത്രയോ കോടികളുടെ സഹായങ്ങൾ വയനാട്ടിലേക്ക് പ്രവഹിച്ചു. കേരളത്തിനു പുറത്തുനിന്നും വലിയ തോതിലുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സൗജന്യമായി ഭക്ഷണവും വസ്ത്രവും ഒക്കെ വിതരണം ചെയ്യാൻ സന്നദ്ധ പ്രവർത്തകരുണ്ടായിരുന്നു. സ്വമേധയാ മണ്ണുമാന്തികളുമായി എത്തിയവരുണ്ട്. ദുരന്തത്തിൽപെട്ട സഹജീവിയെ സഹായിക്കാനുള്ള നല്ല മനസുമായി വന്നവരാണ് അവരൊക്കെ. ഇതെല്ലാം കഴിഞ്ഞിട്ടും ഓരോ ഇനത്തിലും അവിശ്വസനീയമായ രീതിയിൽ കോടികളുടെ കണക്കെഴുതിവച്ചിരിക്കുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ഹൈക്കോടതിയിൽ നൽകിയതു ചെലവഴിച്ച തുകയുടെ കണക്കല്ലെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ട്. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിനു നൽകിയ മെമ്മോറാണ്ടത്തിൽ പറഞ്ഞിരിക്കുന്ന അനുമാനക്കണക്കാണിതത്രേ. പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധികച്ചെലവുകളും എല്ലാം ഉൾപ്പെടുത്തിയുള്ളതാണ് മെമ്മോറാണ്ടം. കേന്ദ്ര മാനദണ്ഡപ്രകാരം ക്ലെയിം ചെയ്യാവുന്ന തുകയാണിതെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്.

വിവിധ മേഖലകളിൽ ആവശ്യമായ ചെലവിന്‍റെ പ്രാഥമിക കണക്കുകൾ എന്ന നിലയിൽ ഇതിനെ കണ്ടാൽപോലും ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75, 000 രൂപ ചെലവ് എന്നൊക്കെ പറയുന്നത് ഇതു പരിശോധിക്കുന്ന ആരെങ്കിലും കണ്ണടച്ചു സമ്മതിച്ചു തരുമോ? തട്ടിപ്പു സംശയിക്കാനും വിമർശകർക്ക് അവസരം കൊടുക്കാനുമല്ലാതെ ഇതുകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാവുമോ? കള്ളക്കണക്കുകൾ കൊണ്ട് ആരെ പറ്റിക്കാനാണ്. കേന്ദ്രത്തിനു നൽകിയിരിക്കുന്ന മെമ്മോറാണ്ടം ഇത്തരത്തിലുള്ളതാണെങ്കിൽ അതു പരിശോധിക്കുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് ഒന്നും മനസിലാവില്ലെന്നു ധരിക്കണോ? കേന്ദ്രത്തിൽ നിന്നു കിട്ടേണ്ടത് ഇല്ലാതാക്കുന്നത് വിമർശകരാണോ ഈ മാതിരി ക‍ണക്കുകൾ തയാറാക്കുന്ന ഇവിടുത്തെ ഉദ്യോഗസ്ഥരാണോ എന്നു സർക്കാർ ആലോചിക്കട്ടെ. കേന്ദ്രത്തിൽ നിന്നു പരമാവധി സഹായം വാങ്ങിയെടുക്കണമെന്നതിൽ സംശയമൊന്നുമില്ല. അതിന് ഇതാണോ മാർഗം? ഈ കാര്യം ചൂണ്ടിക്കാണിച്ചു തന്നെ സഹായം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാരിന് അവസരമുണ്ടാവും എന്നതാണു വാസ്തവം.

ഇത്തരത്തിൽ കണക്കുണ്ടാക്കിയിട്ടും വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 1, 202 കോടി രൂപയുടെ ചെലവാണ് സംസ്ഥാന സർക്കാർ കാണിച്ചിരിക്കുന്നത്. ശരിക്കുള്ള ചെലവുകൾ ഇതിനെക്കാൾ കൂടുതലാണെന്ന് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നുണ്ട്. വീടു നഷ്ടപ്പെട്ടവരുടെ ഇടക്കാല താമസത്തിനായി നൽകുന്ന വാടക പോലുള്ള നിരവധി ചെലവുകൾ കേന്ദ്ര നിബന്ധനകൾ അനുസരിച്ച് ഉൾപ്പെടുത്താൻ കഴിയില്ല. വീടുകളുടെ നാശനഷ്ടത്തിനും മറ്റും കേന്ദ്രം നൽകുന്ന ധനസഹായവും കുറവായിരിക്കാം. അങ്ങനെ ചെലവിന്‍റെ നല്ലൊരു ഭാഗം കേന്ദ്രത്തിൽനിന്നു കിട്ടാതെയുണ്ടാവും. അതു മുന്നിൽക്കണ്ട് അനുവദനീയമായ കാര്യങ്ങളിൽ ചെലവ് കൂട്ടിക്കാണിക്കുകയാണ് ചെയ്യുന്നത് എന്നു വിശദീകരിച്ചാൽ പോലും അവിശ്വസനീയമായ കണക്കുകൾ ആർക്കാണു മനസിലാവാതെ പോവുക എന്ന ചോദ്യം മുഴച്ചുനിൽക്കും. എന്തായാലും കണക്കുകളുടെ സാങ്കേതികതയിൽ കടിച്ചുതൂങ്ങാതെ കേരളത്തിന് ആവശ്യമായ മുഴുവൻ സഹായവും നൽകാൻ കേന്ദ്ര സർക്കാർ തയാറാവട്ടെ. ശരിയായ ചെലവുകൾ സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ ആശയവിനിമയം നടത്തുകയും അതുപ്രകാരം പരമാവധി സഹായം എത്രയും വേഗം ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.