വയനാടിനുള്ള കേന്ദ്ര സഹായം വൈകാതെ ലഭ്യമാവട്ടെ | മുഖപ്രസംഗം

2,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ് അനുവദിക്കണമെന്ന ആവശ്യത്തോടുള്ള കേന്ദ്രത്തിന്‍റെ പ്രതികരണം എന്താവുമെന്നറിയാൻ കേരളം കാത്തിരിക്കുകയാണ്.
Wayanad landslide
വയനാടിനുള്ള കേന്ദ്ര സഹായം വൈകാതെ ലഭ്യമാവട്ടെ | മുഖപ്രസംഗം
Updated on

സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് വയനാട്ടിൽ ഉണ്ടായത്. മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്‍റെ ആഘാതം വളരെ വലുതാണ്. നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നതു മാത്രമല്ല നൂറു കണക്കിനാളുകളുടെ ജീവിതവും ഇരുളടഞ്ഞു. വീടും സമ്പാദ്യവും എല്ലാം ഉരുളിൽ ഒലിച്ചുപോയവർ ഇനിയെന്ത് എന്നറിയാതെ വലയുകയാണ്. ഇവരുടെയെല്ലാം പുനരധിവാസത്തിന് നാടു മുഴുവൻ ഒന്നിച്ചു നിന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഒരു മാസത്തോളം തുടർന്ന ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്നവരെ താത്കാലികമായി വാടക വീടുകളിലേക്കും മറ്റും മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. എഴുനൂറിലേറെ കുടുംബങ്ങളാണ് വിവിധ ക്യാംപുകളിലായി ഉണ്ടായിരുന്നത്. അമ്പലവയൽ, മുട്ടിൽ, കൽപ്പറ്റ, ചുണ്ടേൽ, വൈത്തിരി, വടുവഞ്ചാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആളുകളെ മാറ്റിയിരിക്കുന്നത്. ബന്ധുവീടുകളിലേക്കു മാറിയവരുമുണ്ട്. ഏറെക്കാലം സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതിന്‍റെ പ്രശ്നങ്ങൾ കണക്കിലെടുത്താണ് താത്കാലിക താമസസ്ഥലങ്ങൾ ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. ഇനി ഇവർക്കെല്ലാം സ്ഥിരമായ വീടും തൊഴിലും എല്ലാം ഉറപ്പാക്കണം. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതെ നോക്കണം. എല്ലാം എന്ന് എങ്ങനെ നടക്കും എന്ന ആശങ്ക തീർച്ചയായും ദുരന്തബാധിതർക്കുണ്ടാവും.

പുനരധിവാസം എത്രയും പെട്ടെന്നു പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ് ഇതിനായി നിർമിക്കുമെന്നാണ് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. പുനരധിവാസം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ പ്രത്യേക പാക്കെജ് ‍അനുവദിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. പുനരധിവാസം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് ഓൺലൈനായി സർവകക്ഷി യോഗവും മുഖ്യമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്. വയനാട്ടിലെ ദുരന്തബാധിതർക്കായി പല കോണുകളിൽ നിന്നും കാരുണ്യം ഒഴുകുന്നുണ്ട് എന്നത് ആശ്വാസമുള്ള കാര്യമാണ്. പക്ഷേ, ആവശ്യമുള്ള തുക എത്രയോ വലുതാണ് എന്നതുകൊണ്ടു തന്നെ കേന്ദ്രത്തിന്‍റെ ഉദാരമായ സമീപനം ഉണ്ടാവേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച മുഖ്യമന്ത്രി പുനരധിവാസത്തിനുള്ള കേന്ദ്ര സഹായം ആവർത്തിച്ച് അഭ്യർഥിക്കുകയുണ്ടായി. 2,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ് അനുവദിക്കണമെന്ന ആവശ്യത്തോടുള്ള കേന്ദ്രത്തിന്‍റെ പ്രതികരണം എന്താവുമെന്നറിയാൻ കേരളം കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇക്കാര്യത്തിലൊരു തീരുമാനം ഉണ്ടാവേണ്ടതുണ്ട്. കേന്ദ്ര നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ച ഉപകരിക്കുമെന്നു പ്രതീക്ഷിക്കാം. ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വിശദമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു സമർപ്പിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

നേരത്തേ, ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേരളത്തിലെത്തിയപ്പോൾ നരേന്ദ്ര മോദി ഉറപ്പുനൽകിയത് പുനരധിവാസത്തിന് പണം ഒരു തടസമാവില്ലെന്നാണ്. ആ ഉറപ്പ് യാഥാർഥ്യമായി കാണാൻ കേരളം ആഗ്രഹിക്കുന്നുണ്ട്. ഉരുൾപൊട്ടലിന്‍റെ വ്യാപ്തി സംബന്ധിച്ചു വിശദമായ കണക്കുകൾ സഹിതമുള്ള മെമ്മോറാണ്ടം സമർപ്പിക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. തകർന്ന വീടുകൾ എത്ര, മറ്റു നാശനഷ്ടങ്ങൾ എത്ര തുടങ്ങിയ കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിയാണ് മെമ്മോറാണ്ടം ആവശ്യപ്പെട്ടത്. അതു പ്രകാരമാണു വിശദമായ നിവേദനം തയാറാക്കിയിരിക്കുന്നതും. റവന്യൂവും കൃഷിയും മൃഗസംരക്ഷണവും വൈദ്യുതിയും പൊതുമരാമത്തും തുടങ്ങി വിവിധ വകുപ്പുകൾ നഷ്ടങ്ങളെക്കുറിച്ചു വിശദമായ റിപ്പോർട്ടുകൾ തയാറാക്കിയിട്ടുണ്ട് എന്നാണു സൂചന. പ്രകൃതി ദുരന്തങ്ങളുടെ ലെവൽ-3 വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്രത്തിൽ നിന്നു പരമാവധി സഹായം കിട്ടുക എന്നതാണ് കേരളത്തിന്‍റെ ആവശ്യം. ഏതാനും ദിവസം മുൻപാണ് ത്രിപുരയിൽ മുപ്പതിലേറെ പേർ മരണമടഞ്ഞ പ്രളയമുണ്ടായത്. നൂറുകണക്കിനാളുകൾ ഭവനരഹിതരാവുകയും ദുരിതാശ്വാസ ക്യാംപുകളിലെത്തുകയും ചെയ്ത ഈ ദുരന്തം നേരിടാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അടിയന്തര സഹായമായി 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വലിയ നാശനഷ്ടങ്ങൾ തന്നെയാണു ത്രിപുരയിൽ ഉണ്ടായിരിക്കുന്നത്. അതിന്‍റെ ആഘാതം കുറച്ചുകാണുന്നില്ല. അവർക്ക് അടിയന്തര സഹായവും തുടർ സഹായങ്ങളും നൽകേണ്ടതു തന്നെയാണ്. എന്നാൽ, കേരളവും വലിയ ദുരന്തത്തിന്‍റെ ആഘാതത്തിലാണ് കേന്ദ്ര സഹായം അഭ്യർഥിക്കുന്നത് എന്നതു കാണാതെ പോകരുത്.

മറ്റു പല സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോൾ നൽകിയതുപോലുള്ള സഹായം കേരളത്തിനു കിട്ടിയിട്ടില്ലെന്ന പരാതി നേരത്തേ തന്നെ നിലവിലുണ്ട്. ഈ സാമ്പത്തിക വർഷം പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേന്ദ്രം ഏറ്റവും കൂടുതൽ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്കായിരുന്നു. മുൻവർഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2,984 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്കു നൽകിയത്. ഉത്തർപ്രദേശിന് 1,791 കോടിയും മധ്യപ്രദേശിന് 1,686 കോടിയും രാജസ്ഥാന് 1,372 കോടിയും ഒഡീഷയ്ക്ക് 1,485 കോടിയും ഗുജറാത്തിന് 1,226 കോടിയും അനുവദിച്ചു. ഉത്തരഖണ്ഡിന് 868 കോടി, തമിഴ്നാടിന് 944 കോടി, കർണാടകയ്ക്ക് 732 കോടി എന്നിങ്ങനെ തുക അനുവദിക്കുകയുണ്ടായി. എന്നാൽ, കേരളത്തിനു പ്രകൃതി ദുരന്തം നേരിടാൻ അനുവദിച്ചത് 291 കോടി രൂപ മാത്രമാണ്. വയനാട്ടിലെ ദുരന്തം പ്രത്യേകം കണ്ട് കേരളത്തെ സഹായിക്കാൻ കേന്ദ്രം എത്രയും വേഗം തയാറാവുമെന്നു പ്രതീക്ഷിക്കാം. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തന്‍റെ മുന്നിൽ‌ കണ്ണീരോടെ നിന്നവരെ സഹാനുഭൂതിയോടെ ചേർത്തുപിടിച്ച് മോദി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഉരുളിന്‍റെ ദൃശ്യങ്ങൾ കണ്ണിൽ നിന്നു മായാത്ത ദുരിതബാധിതർ കേന്ദ്രം കൈവിടില്ല എന്നു തന്നെയാവും ഇപ്പോഴും കരുതുന്നത്.

Trending

No stories found.

Latest News

No stories found.