ഞെട്ടിക്കുന്ന സ്ത്രീവിരുദ്ധത | മുഖപ്രസംഗം

ആശാസ്യമല്ലാത്ത നടപടികൾക്കു തുനിയുന്നവരെയും അതിനു കുടപിടിക്കുന്നവരെയും അകറ്റിനിർത്തി സിനിമാമേഖല പരിപൂർണമായി ശുദ്ധീകരിക്കേണ്ടതുണ്ട്.
women abuse in film industry
ഞെട്ടിപ്പിക്കുന്ന സ്ത്രീവിരുദ്ധത| മുഖപ്രസംഗം
Updated on

സിനിമാ മേഖലയുടെ ഇടനാഴികളിലും പിന്നാമ്പുറങ്ങളിലും വളരെ മോശമായ കാര്യങ്ങൾ അരങ്ങേറുന്നുണ്ടെന്ന ആരോപണത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പീഡനവും വിവേചനവും അസഹനീയമായ പെരുമാറ്റങ്ങളും നേരിടേണ്ടിവന്നിട്ടുള്ളവർ നിരവധിയാണ്; പ്രത്യേകിച്ചു സ്ത്രീകൾ. സിനിമാ മേഖലയിലെ ചൂഷണത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളും ഉണ്ടായിട്ടുണ്ട്. സ്ത്രീപുരുഷ സമത്വത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളുന്ന ഇക്കാലത്തും സിനിമാ മേഖലയിൽ സ്ത്രീകൾ വിവേചനം നേരിടുന്നു എന്ന ഞെട്ടിക്കുന്ന വസ്തുത തുറന്നുകാണിക്കുകയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്. എത്രയും വേഗം തിരുത്തൽ നടപടികൾ ആവശ്യമായ മേഖലയാണിതെന്ന് കമ്മിറ്റിയുടെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നുണ്ട്.

ആശാസ്യമല്ലാത്ത നടപടികൾക്കു തുനിയുന്നവരെയും അതിനു കുടപിടിക്കുന്നവരെയും അകറ്റിനിർത്തി സിനിമാമേഖല പരിപൂർണമായി ശുദ്ധീകരിക്കേണ്ടതുണ്ട്. അതിന് ഇനിയൊട്ടും വൈകിക്കൂടാ. കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ അമാന്തം കാണിക്കാനും പാടില്ല. അതീവ ഗുരുതരമായ സാഹചര്യമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതു മുഴുവൻ വായിക്കുന്ന ആരും ഇതെന്തു ലോകമാണ് എന്ന് ഭയന്നുപോകും. സാംസ്കാരികമായി ഔന്നത്യം പുലർത്തുന്നുവെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ തന്നെയാണോ ഇതൊക്കെ നടക്കുന്നത് എന്നു ചിന്തിച്ചുപോകും.

2017ൽ നടി ആക്രമിക്കപ്പെട്ട അതിക്രൂരമായ സംഭവത്തിനു ശേഷമാണ് "വിമൻ ഇൻ സിനിമ കളക്റ്റീവ്' നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. നിരവധി സിനിമാ പ്രവർത്തകരുമായി സംസാരിച്ചും അനുഭവങ്ങൾ ചോദിച്ചറിഞ്ഞും ഒക്കെയാണ് കമ്മിറ്റി വിശദമായ റിപ്പോർട്ട് തയാറാക്കിയത്. 2019 ഡിസംബർ 31നു സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ വെളിച്ചം കാണാതെ ഇരിക്കുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരേ പല കോണുകളിൽ നിന്നും വിമർശനവും ഉയർന്നിരുന്നു. ഒടുവിൽ വിവരാവകാശ കമ്മിഷന്‍റെ ഇടപെടലിനെത്തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും വ്യക്തികളെ തിരിച്ചറിയാൻ കഴിയുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കിയാണു റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടുള്ളത്.

സിനിമാ മേഖലയിൽ അടിമുടി സ്ത്രീവിരുദ്ധത നിലനിൽക്കുന്നുവെന്ന കണ്ടെത്തൽ ഇതിനു കൂട്ടുനിൽക്കുന്നവരെ മാത്രമേ ആശങ്കപ്പെടുത്താതിരിക്കൂ. ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളാണ് നടക്കുന്നതെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ ലൈംഗിക ചൂഷണം നേരിടുകയാണ്. സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമാണ്. പരാതിപ്പെട്ടാൽ കുടുംബാംഗങ്ങൾക്കെതിരേ വരെ ഭീഷണി ഉയരുമത്രേ. പരാതിപ്പെടുന്നവർക്ക് പിന്നീട് സിനിമയിൽ അവസരം നൽകുകയുമില്ല. വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിച്ച് വിഷമിപ്പിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ട് പറയുന്നുണ്ട്. സംവിധായകരും നിർമാതാക്കളും വഴിവിട്ട കാര്യങ്ങൾക്കു നിർബന്ധിക്കുന്നു. മോശമായി പെരുമാറുന്നതിൽ ഉന്നതർ വരെയുണ്ടെന്നു പറയുമ്പോൾ എത്ര മോശമാണ് അവസ്ഥ എന്നു വ്യക്തമാവും. പലരും പൊലീസിനെ സമീപിക്കാത്തതു ജീവഭയം കൊണ്ടാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.

മാഫിയാ സംഘവും ക്രിമിനലുകളുമാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെങ്കിൽ എത്രയും പെട്ടെന്ന് അവരുടെ പിടിയിൽനിന്ന് സിനിമയെ മോചിപ്പിക്കേണ്ടതുണ്ട്. തമ്പ്രാൻ വാഴ്ചയാണു നടക്കുന്നതെങ്കിൽ അതിനെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. എതിർക്കുന്നവർക്ക് ഇപ്പോൾ സൈബർ ആക്രമണം അടക്കം ഭീഷണികൾ നേരിടേണ്ടിവരുന്നുണ്ടെന്നു റിപ്പോർട്ട് പറയുന്നു. പ്രതികരിക്കുന്നവരെ നിശബ്ദരാക്കാൻ സിനിമാ മാഫിയയ്ക്കു കഴിയുന്നു എന്നാണു കമ്മിറ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരി മരുന്നും കർശനമായി വിലക്കണമെന്നു കമ്മിറ്റി നിർദേശിക്കുന്നുണ്ട്. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നിരവധി വാർത്തകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതിനു ലഹരി പ്രോത്സാഹനമാവുമെന്നതിൽ സംശയമില്ല. സിനിമാ രംഗവുമായി ബന്ധപ്പെട്ട എല്ലാവരും മോശക്കാരാണെന്നോ എല്ലായിടത്തും പ്രശ്നങ്ങളാണെന്നോ പറയാനാവില്ല. മാന്യമായ പെരുമാറ്റവും മര്യാദയുള്ള തൊഴിലിടങ്ങളും സിനിമാരംഗത്തുമുണ്ട്. സിനിമയെ നല്ല നിലയിൽ കണ്ട് മാതൃകകൾ സൃഷ്ടിക്കുന്നവരുണ്ട്. അവരുടെ കൂടി ആത്മാർഥതയ്ക്കും സത്യസന്ധതയ്ക്കും കളങ്കം ചാർത്തുകയാണ് മാഫിയകളും ലഹരിയും ലൈംഗിക പീഡനങ്ങളും തൊഴിൽ നിഷേധവുമൊക്കെ.

Trending

No stories found.

Latest News

No stories found.