ലോക വയോജന പീഡന ബോധവത്കരണ ദിനവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന ഒരു സർവെ രാജ്യത്തെ വയോജനങ്ങൾ നേരിടുന്ന ചില വേദനാജനകമായ സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. രാജ്യത്തു പ്രായമേറിയ സ്ത്രീകളിൽ 16 ശതമാനം പേരും അവഗണനയും അപമാനവും പീഡനവും നേരിടേണ്ടിവരുന്നുവെന്നാണ് സ്ത്രീകളും വാർധക്യവുമായി ബന്ധപ്പെടുത്തി നടത്തിയ സർവെയുടെ ഫലം കാണിക്കുന്നത്. മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയായി സ്വസ്ഥമായ വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ശാരീരികമായ അതിക്രമങ്ങൾ നേരിടേണ്ടിവരുന്നവരും മാനസിക പീഡനം അനുഭവിക്കേണ്ടിവരുന്നവരും അനാദരിക്കപ്പെടുന്നവരുമായി ജീവിച്ചു തീർക്കേണ്ടിവരുന്നു എന്നുള്ളത് ദുഃഖകരമായ സ്ഥിതിവിശേഷമാണ്. തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാതെ എല്ലാം മനസിലൊതുക്കി, ദുഃഖങ്ങളെല്ലാം ആരും കാണാതെ കരഞ്ഞു തീർക്കുന്ന എത്രയെത്ര വയോധികർ ഈ കണക്കിൽ വരാതെയുണ്ടാകാം എന്നു കൂടി ആലോചിക്കേണ്ടതാണ്.
മക്കളിൽനിന്നും മരുമക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കുടുംബത്തിനു പുറത്തുള്ളവരിൽ നിന്നും ശാരീരിക, മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നവരുണ്ട് ഇക്കൂട്ടത്തിൽ. അതിക്രമങ്ങളെക്കുറിച്ചു ഭൂരിപക്ഷം സ്ത്രീകളും പൊലീസിൽ പരാതിപ്പെടാറില്ലെന്നാണു സർവെ പറയുന്നത്. പരാതിപ്പെട്ടാൽ കൂടുതൽ തിരിച്ചടിയുണ്ടാകുമോ എന്ന ഭയമാണ് ഇതിനു പ്രധാന കാരണമത്രേ. 16 ശതമാനം പേർ നിയമ സംവിധാനങ്ങളെക്കുറിച്ചു തന്നെ അജ്ഞരാണ്. 13 ശതമാനം പേർക്ക് തങ്ങളുടെ പരാതി ഗൗരവത്തിലെടുക്കുമോ എന്ന സംശയമുണ്ട്. വയോധികരുടെ പരാതികൾ പരിഹരിക്കാനും സംരക്ഷണം ഉറപ്പാക്കാനുമുള്ള മെയിന്റനൻസ് ആൻഡ് വെൽഫെയർ പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് നിയമത്തെക്കുറിച്ച് 15 ശതമാനം പേർക്കു മാത്രമാണ് അറിവുള്ളത്. വയോജനങ്ങൾക്കുള്ള ക്ഷേമ പദ്ധതികളെക്കുറിച്ച് 76 ശതമാനം പേർക്ക് അറിയില്ല.
സാമൂഹിക പദവിയുടെ കാര്യത്തിലും വയോധികകൾ അവഗണിക്കപ്പെടുന്നുണ്ട്. 64 ശതമാനം പേരും സാമൂഹിക വിവേചനം നേരിടുന്നു. ഇതിൽ ഭൂരിപക്ഷവും വിധവകളെന്ന പേരിലാണു മാറ്റിനിർത്തപ്പെടുന്നത്. 18 ശതമാനം പേർ സ്ത്രീകളെന്ന പേരിൽ മാറ്റി നിർത്തപ്പെടുന്നു. 53 ശതമാനം വയോധികമാരും സാമ്പത്തികമായി സുരക്ഷിതരല്ല. സാമ്പത്തിക പ്രശ്നങ്ങളില്ലെന്ന് ഉത്തരം നൽകിയ 47 ശതമാനം പേരിൽ 79 ശതമാനവും പണത്തിനായി മക്കളെ ആശ്രയിക്കുന്നവരാണ്. രാജ്യത്തെ 66 ശതമാനം വയോധികമാർക്കും സ്വന്തം പേരിൽ ഭൂമിയോ വീടോ ഇല്ല. 75 ശതമാനം പേർക്കും സ്വന്തമായി നിക്ഷേപവുമില്ല. 48 ശതമാനം പേർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. എന്നാൽ, 64 ശതമാനവും ഒരുവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലും അംഗമല്ല. 67 ശതമാനം പേർ ഇപ്പോഴും കുടുംബാംഗങ്ങളുടെ പരിചരണമുൾപ്പെടെ ജോലികൾ ചെയ്യുന്നുണ്ടെന്നും സർവെ ചൂണ്ടിക്കാണിക്കുന്നു.
പ്രായമായ സ്ത്രീകളെ മാത്രമല്ല അവഗണനകൾ ബാധിക്കുന്നത്. മക്കളും മരുമക്കളും ബന്ധുക്കളും തിരിഞ്ഞു നോക്കാത്ത പ്രായമായ പുരുഷൻമാരുമുണ്ട്. സ്വത്ത് തട്ടിയെടുത്ത് മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരും ഭക്ഷണവും ചികിത്സയും അടക്കം അത്യാവശ്യങ്ങൾ പോലും നടത്തിക്കൊടുക്കാത്തവരും വയോജനക്ഷേമത്തിനു വിഘാതം സൃഷ്ടിക്കുന്നവരാണ്. വയസായ മാതാപിതാക്കളെ പരിപാലിക്കാൻ കഴിയാതെ തൊഴിൽ സംബന്ധമായി അകന്നു കഴിയേണ്ടിവരുന്ന മക്കളും ഏറി വരികയാണ് ഇന്ന്; പ്രത്യേകിച്ചു കേരളത്തിൽ. യുവതലമുറ ഇതര നാടുകളിലേക്കു കുടിയേറുമ്പോൾ പ്രായമായവർ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഇവിടെ ഉരുത്തിരിയുന്നുണ്ട്. ഇതുകൂടിയാവുമ്പോൾ പ്രായമായവരെ സംബന്ധിച്ച് സ്ഥിതിഗതികൾ കൂടുതൽ മോശമാകുകയാണ് എന്നു പറയേണ്ടിവരും. പ്രായമാവുമ്പോൾ ഏകാന്തവാസം നയിക്കേണ്ടി വരുന്നവർ സംസ്ഥാനത്ത് കൂടിക്കൊണ്ടിരിക്കുമെന്നാണ് ഇതു സംബന്ധിച്ചു പഠനം നടത്തുന്നവർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
സംസ്ഥാനത്തു വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ സർവെ ഉടൻ ആരംഭിക്കുമെന്നാണ് മന്ത്രി ഡോ.ആർ. ബിന്ദു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സ്വാഗതാർഹമായ തീരുമാനമാണിത്. എല്ലാ വീടുകളിലും സർവെയുടെ ഭാഗമായി ആളുകളെത്തുകയും അവർ സത്യസന്ധമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യട്ടെ. അതിന്റെ അടിസ്ഥാനത്തിൽ വയോജന ക്ഷേമത്തിന് ഇനിയെന്തൊക്കെ ചെയ്യാനാവുമെന്നും പരിശോധിക്കണം. വീട്ടിലും സമൂഹത്തിലും വയോജനങ്ങൾക്കു മാന്യതയും അംഗീകാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകുന്നതു ലക്ഷ്യമിട്ടുള്ള വയോജന ക്ലബുകൾ കേരളം മുഴുവൻ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു മന്ത്രി പറയുന്നുണ്ട്. വയോജനങ്ങളുടെ സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നത് വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്റെയും സർക്കാരിന്റെയും കൂടി ബാധ്യതയാണ്.