പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതിയുടെ ശുപാർശ പ്രകാരമായിരിക്കണം തെരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെയും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെയും രാഷ്ട്രപതി നിയമിക്കേണ്ടതെന്ന സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് കമ്മിഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തിനു തടസമുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ്. തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനത്തിന് പാർലമെന്റ് നിയമമുണ്ടാക്കുന്നതു വരെ ഈ രീതി തുടരുമെന്നാണ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനം സ്വതന്ത്രമാകണമെന്നതു സംബന്ധിച്ച കേസിലാണ് കോടതിയുടെ ഈ ഉത്തരവ്. തെരഞ്ഞെടുപ്പു കമ്മിഷന് സ്വതന്ത്ര സെക്രട്ടേറിയറ്റ്, ചട്ടം രൂപീകരിക്കാനുളള അധികാരം, സ്വതന്ത്ര ബജറ്റ്, ഇംപീച്ച്മെന്റിൽ നിന്നുള്ള സംരക്ഷണം എന്നിവയും വേണമെന്നു പരമോന്നത കോടതി നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരുടെ പേരുകള്‍ അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതാണു നിലവിലുള്ള രീതി. അതിനാൽ തന്നെ കേന്ദ്ര സർക്കാരിന്റെ മാത്രം അവകാശമാണ് കമ്മിഷൻ അംഗങ്ങളെ നിശ്ചയിക്കുന്നത്. ഒരു സ്വതന്ത്ര കമ്മിഷനാണ് ജനാധിപത്യ രീതിയിൽ രാജ്യത്തു തെരഞ്ഞെടുപ്പു നടത്തേണ്ടത് എന്നതിനാൽ അതിന്റെ രൂപവത്കരണത്തിലും കൂടുതൽ സുതാര്യതയുണ്ടാവാനുള്ള മാർഗമെന്ന നിലയിലാണ് സുപ്രീം കോടതി പുതിയ രീതി നിർദേശിക്കുന്നത്. കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചതു തന്നെ ഇതു സംബന്ധിച്ചുള്ള ഹർജിയിലാണ്. തെരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ കേന്ദ്ര സർക്കാർ നിയമിക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്നതായിരുന്നു ഹർജിയിലെ ഉള്ളടക്കം.
ഭരണഘടനയുടെ 324 (2) വകുപ്പു പ്രകാരം നിയമനവുമായി ബന്ധപ്പെട്ട് പാർലമെന്റ് അംഗീകരിച്ച നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ നിയമിക്കണമെന്നാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള നിയമം പാർലമെന്റ് അംഗീകരിച്ചിട്ടില്ലെന്നാണു പരാതി ഉയർന്നത്. ഈ സാഹചര്യത്തിൽ ഭരണഘടനാ പ്രശ്നമുള്ളതിനാൽ കോടതി ഇടപെടുകയാണ്. പാർലമെന്റ് നിയമം കൊണ്ടുവരുന്നതോടെ ഈ ഉത്തരവിന്റെ പ്രസക്തിയും അവസാനിക്കും. ഉടനടി നിയമനിർമാണത്തിനു കേന്ദ്ര സർക്കാർ തയാറാവുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാല്‍ പോരാ യഥാര്‍ഥത്തില്‍ സ്വതന്ത്രമായിരിക്കണമെന്ന സുപ്രീം കോടതി നിരീക്ഷണം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. അന്തരിച്ച ടി.എൻ. ശേഷനെപ്പോലെയുള്ള ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യത്തിന് ആവശ്യമാണെന്ന് ഇതേ കേസിൽ തന്നെ നേരത്തേ ഈ കോടതി അഭിപ്രായപ്പെടുകയുണ്ടായി. കഴിഞ്ഞ വർഷം നവംബറിൽ പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ സ്വയം വിരമിച്ചതിന്റെ പിറ്റേന്ന് തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചതിനെതിരായ പരാതിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ഗോയലിന്റെ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ "മിന്നൽ വേഗ'ത്തെയും തിടുക്കത്തെയും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു.
മേയ് 15 മുതൽ ഒഴിഞ്ഞുകിടക്കുന്ന കമ്മിഷണർ സ്ഥാനത്തേക്കാണ് നവംബറിൽ 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമനം നടത്തിയത്. മാസങ്ങൾ കാത്തിരുന്ന ശേഷം ഒരു സുപ്രഭാതത്തിൽ ഇങ്ങനെ തിടുക്കപ്പെട്ടുള്ള നിയമനം എന്തിനായിരുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമ മന്ത്രാലയം നാലുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഫയൽ നൽകിയതും അതിനു ക്ലിയറൻസ് ലഭിച്ചതും നിയമനമായതും എല്ലാം മണിക്കൂറുകൾക്കുള്ളിൽ സൂപ്പർ ഫാസ്റ്റ് വേഗത്തിലായിരുന്നു. ആറു വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയാത്തവരെ തെരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളായി നിയമിക്കാനുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിനെയും അന്നു കോടതി വിമർശിച്ചിരുന്നു.
എന്തായാലും കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവോടെ തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവർത്തന സ്വാതന്ത്ര്യം വീണ്ടും ചർച്ചാവിഷയമാകുകയാണ്. അതിന്റെ അന്തിമ ഫലം കമ്മിഷന്റെ കാര്യക്ഷമതയും സ്വാതന്ത്ര്യവും പരിപൂർണമായി ഉറപ്പുവരുത്തുന്നതാകണം. സ്വതന്ത്രമായും നിർഭയമായും പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മിഷനാണു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ കരുത്തും അടിത്തറയും. അതിൽ ഒരുതരത്തിലുള്ള സംശയങ്ങളും ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അംഗങ്ങളുടെ നിയമനം ഇതിലൊരു പ്രധാന ഘടകമാണ്. സംശയങ്ങൾ ഉയർത്താൻ സാധ്യതയില്ലാത്ത തരത്തിലാവട്ടെ കമ്മിഷൻ അംഗങ്ങളുടെ നിയമന നടപടികൾ. കമ്മിഷന്റെ സ്വതന്ത്ര സ്വഭാവം കൂടുതൽ പ്രകടമാക്കാൻ എന്തു നടപടികൾ സ്വീകരിച്ചാലും അതെല്ലാം ജനാധിപത്യത്തെ കരുത്തുറ്റതാക്കുകയേയുള്ളൂ.