ബസോടിച്ച നഷ്ടവും വൈദ്യുതി കുടിശികയും| മുഖപ്രസംഗം

വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവ് കുറയ്ക്കാനുമുള്ള കോർപ്പറേഷന്‍റെ പുതിയ നയം ഈ പശ്ചാത്തലത്തിലാണു പ്രസക്തമാവുന്നത്
electricity dues and ksrtc loss editorial
ബസോടിച്ച നഷ്ടവും വൈദ്യുതി കുടിശികയും
Updated on

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് കെഎസ്ആർടിസിയും കെഎസ്ഇബിയും. ജനങ്ങളുടെ നിത്യജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലുണ്ടാവുന്ന പാളിച്ചകൾ വലിയ തോതിലുള്ള പരാതികൾക്ക് ഇടവരുത്തുന്നതു പതിവാണ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവുമധികം പേർ തൊഴിലെടുക്കുന്ന സ്ഥാപനമാണ് കെഎസ്ഇബി. 30,000ത്തോളം പേരാണ് ജനങ്ങൾക്കു വൈദ്യുതിയെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 22.76 ശതമാനവും കെഎസ്ഇബിയിലാണെന്നാണ് ഔദ്യോഗിക കണക്കുകൾ. കൂടുതൽ ആളുകൾ ജോലിചെയ്യുന്നതിൽ രണ്ടാം സ്ഥാനമാണ് കെഎസ്ആർടിസിക്കുള്ളത്. 26,000ൽ ഏറെപ്പേർ (20.41 ശതമാനം) കെഎസ്ആർടിസിയിൽ തൊഴിലെടുക്കുന്നുണ്ട്. ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിലുണ്ടാവുന്ന പുരോഗതി സംസ്ഥാനത്തിനു മൊത്തത്തിൽ ഗുണകരമായി മാറുമെന്ന് ഉറപ്പാണ്. എന്നാൽ, രണ്ടിന്‍റെയും കാര്യത്തിലുള്ള വീഴ്ചകൾ ജനങ്ങളെ അതിലധികം ബുദ്ധിമുട്ടിക്കുന്നതുമാണ്.

പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് കഴിഞ്ഞുകൂടുന്ന വെള്ളാനയായി കെഎസ്ആർടിസി മാറി എന്നതാണ് അതിനെക്കുറിച്ചുള്ള സ്ഥിരം പരാതി. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവുമധികം നഷ്ടം നേരിടുന്നതും കെഎസ്ആർടിസിയാണ്. കോർപ്പറേഷനെ ലാഭത്തിലെത്തിക്കാനുള്ള ഒരു പരിശ്രമവും വിജയം കാണുന്നില്ല എന്നതാണു വാസ്തവം. ഈ സാഹചര്യത്തിലാണ് ഇനിയും കോർപ്പറേഷനു ധനസഹായം നൽകാനാവില്ലെന്നു ധനവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് കെഎസ്ആർടിസി എടുത്ത വായ്പ മൂലം പ്രതിസന്ധിയിലായ കെടിഡിഎഫ്സിയുടെയും കേരള ബാങ്കിന്‍റെയും നിലനിൽപ്പിനു വേണ്ടി 625 കോടി രൂപയുടെ സഹായം ഇക്കഴിഞ്ഞ മാർച്ചിൽ നൽകിയതു ധനവകുപ്പാണ്. ഇത്രയേറെ തുക ഒന്നിച്ചു നൽകിയതിനാൽ ഇനിയും തന്നുകൊണ്ടിരിക്കാനാവില്ലെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നതത്രേ. ഈ മാസത്തെ കോർപ്പറേഷന്‍റെ പെൻഷൻ ഫയൽ തിരിച്ചയച്ചുകൊണ്ടാണ് ധനവകുപ്പ് ഈ നിലപാട് വിശദീകരിച്ചിരിക്കുന്നത്. സർക്കാർ ഖജനാവിൽ നിന്നു മാസം തോറുമുള്ള സഹായം കിട്ടിയില്ലെങ്കിൽ ശമ്പളവും പെൻഷനും കൊടുക്കാൻ കോർപ്പറേഷനാവില്ല. എല്ലാ മാസവും ശമ്പളത്തിന് 50 കോടിയും പെൻഷന് 71 കോടിയും വീതം രൂപ സർക്കാർ നൽകുന്നുണ്ട്. അതു നിലച്ചാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുമെന്ന് ഉറപ്പാണ്.

വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവ് കുറയ്ക്കാനുമുള്ള കോർപ്പറേഷന്‍റെ പുതിയ നയം ഈ പശ്ചാത്തലത്തിലാണു പ്രസക്തമാവുന്നത്. കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാവാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണത്രേ. വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അറിയിക്കാനും യൂണിറ്റ് മേധാവികളോട് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കിലോമീറ്ററിന് 70 രൂപയിൽ കൂടുതൽ വരുമാനം കിട്ടുന്ന അഡീഷണൽ സർവീസുകൾ നടത്തുന്നതിന് യൂണിറ്റ് മേധാവികൾക്ക് അനുമതിയും നൽകിയിട്ടുണ്ട്. വരുമാനം കുറഞ്ഞ ട്രിപ്പുകൾക്ക് ഉത്തരവാദികൾ കാരണം ബോധിപ്പിക്കേണ്ടതായും വരും. ടിക്കറ്റിതര വരുമാനം കൂട്ടാനുള്ള നടപടികൾ സ്വീകരിക്കാനും കോർപ്പറേഷൻ നിർദേശിക്കുന്നുണ്ട്. പ്രായോഗികമായി ഇതൊക്കെ നടത്തിക്കൊണ്ടുപോകുക യൂണിറ്റ് മേധാവികളുടെ ഉത്തരവാദിത്വമാവുകയാണ്. യൂണിറ്റുകളിലെ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, വിവിധ വിഭാഗങ്ങളിലെ മേധാവികൾ എന്നിവരെയും വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളിലൂടെ വരുമാനം വർധിപ്പിക്കുകയാണ് ആവശ്യമായി വരുന്നത്. ഇക്കാര്യത്തിൽ എന്തുമാത്രം മുന്നോട്ടുപോകാൻ ഓരോ യൂണിറ്റിനും കഴിയുമെന്നത് ഏറെ പ്രധാനമാണ്.

വേനൽക്കാലത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് പുറത്തുനിന്നു വാങ്ങുന്ന അധിക വൈദ്യുതിക്കു കോടികൾ ചെലവിടേണ്ടിവരുന്നതിന്‍റെ ബാധ്യത താങ്ങാനാവില്ലെന്നു പറഞ്ഞ് ചാർജ് കൂട്ടിക്കൊണ്ടിരിക്കുന്ന വൈദ്യുതി ബോർഡിന് പിരിഞ്ഞുകിട്ടാനുള്ളതു കോടിക്കണക്കിനു രൂപയാണ്. അടുത്തിടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയിൽ അറിയിച്ചതു പ്രകാരം വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്കു പിരിഞ്ഞു കിട്ടാനുള്ളത് 2,301.69 കോടി രൂപ. ഇതില്‍ 576.57 കോടതികളില്‍ കേസുമായി ബന്ധപ്പെട്ടു പിരിഞ്ഞു കിട്ടാതെ കിടക്കുന്ന കുടിശികയാണ്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 172.75 കോടിയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 338.70 കോടിയും നല്‍കാനുണ്ട്. ജല അഥോറിറ്റിയുടെ കുടിശിക 188.29 കോടിയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 67.39 കോടിയും നല്‍കണം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ആയിരം കോടിയിലേറെയാണു പിരിച്ചെടുക്കാനുള്ളത്. ഇത്രയേറെ രൂപ കുടിശികയിട്ടാണു പ്രതിസന്ധിയുടെ പേരും പറഞ്ഞ് സാധാരണക്കാരുടെ വൈദ്യുതി ചാർജ് കൂട്ടിക്കൊണ്ടിരിക്കുന്നത്. ആളും സ്വാധീനവുമില്ലാത്തവൻ ചാർജ് അടയ്ക്കാൻ വൈകിയാൽ വൈദ്യുതി കട്ട് ചെയ്ത് കുടുംബത്തെയാകെ ഇരുട്ടിലാക്കുന്നവരാണ് വർഷങ്ങളായി വലിയ സ്ഥാപനങ്ങളുടെ കുടിശിക സഹിച്ചുകൊണ്ടിരിക്കുന്നത് എന്നതാണു വിരോധാഭാസം.

Trending

No stories found.

Latest News

No stories found.