മ​റി​ക​ട​ക്ക​ണം, ഈ ​അ​തി​ദാ​രി​ദ്ര്യം

127 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്
മ​റി​ക​ട​ക്ക​ണം, ഈ ​അ​തി​ദാ​രി​ദ്ര്യം Global poverty index India
മ​റി​ക​ട​ക്ക​ണം, ഈ ​അ​തി​ദാ​രി​ദ്ര്യംFreepik
Updated on

വിശപ്പും പട്ടിണി സൂചികയും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഐറിഷ് ഏജൻസി കൺസേൺ വേൾഡ് വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫും സംയുക്തമായി തയാറാക്കിയ ഏറ്റവും അവസാനത്തെ ആഗോള പട്ടിണി സൂചിക സംബന്ധിച്ച റിപ്പോർട്ട് ഏതാനും ദിവസം മുൻപാണു പുറത്തുവന്നത്. ഇതനുസരിച്ച് 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. കഴിഞ്ഞ വർഷം പട്ടികയിലെ 125 രാജ്യങ്ങളിൽ നൂറ്റി പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയുണ്ടായിരുന്നത്. അതുവച്ചു നോക്കുമ്പോൾ രാജ്യത്തിന്‍റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും എത്രയോ മുന്നോട്ടുപോകാനുണ്ട് നമുക്ക് എന്നു വ്യക്തമാണ്. ഈ സൂചികയെ വിശ്വാസത്തിലെടുക്കുകയാണെങ്കിൽ ഒരു തരത്തിലും ആശ്വസിക്കാവുന്നതല്ല നമ്മുടെ നില. പട്ടികയനുസരിച്ച് ശ്രീലങ്കയ്ക്കും നേപ്പാളിനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ശ്രീലങ്ക അമ്പത്താറാം സ്ഥാനത്തും നേപ്പാൾ അറുപത്തെട്ടാം സ്ഥാനത്തും ബംഗ്ലാദേശ് എൺപത്തിനാലാം സ്ഥാനത്തുമാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നുണ്ട്.

ഈ കണക്കു തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൂചിക തയാറാക്കുന്ന രീതി തന്നെ അശാസ്ത്രീയമാണെന്നുമൊക്കെ വാദങ്ങളുണ്ടാവാം. എന്നാൽ, സൂചികയിൽ ഇടംപിടിച്ചിട്ടുള്ള എല്ലാ രാജ്യങ്ങൾക്കും ഒരേ മാനദണ്ഡമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഈ സൂചിക തയാറാക്കുന്ന ഏജൻസികൾ അവകാശപ്പെടുന്നതും കണക്കിലെടുക്കേണ്ടതുണ്ട്. അതതു സർക്കാരുകളുടെ കണക്കുകൾ തന്നെയാണ് സൂചിക തയാറാക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നതെന്നും അവർ അവകാശപ്പെടുന്നുണ്ട്. ദാരിദ്യ നിർമാർജനവുമായി ബന്ധപ്പെട്ട് പല പദ്ധതികളും സർക്കാർ നടപ്പാക്കിക്കഴിഞ്ഞിട്ടും പട്ടിണിയും പോഷകാഹാരക്കുറവും ഗൗരവമേറിയ വിഷയമായി തുടരുന്നുവെന്നാണ് ഇത്തവണത്തെ സൂചികയും കാണിക്കുന്നത്. രാജ്യത്ത് ഇപ്പോഴും 2.9 ശതമാനം ശിശുമരണ നിരക്കുണ്ട്. 13.7 ശതമാനം ജനങ്ങളും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. 35.5 ശതമാനം കുട്ടികളിൽ വളർച്ചാ മുരടിപ്പുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ഉയരത്തിനനുസരിച്ച് ഭാരമില്ലാത്ത കുട്ടികൾ 18.7 ശതമാനമാണ്. ഇതെല്ലാം പട്ടിണി സൂചികയുമായി ബന്ധപ്പെട്ടു വരുന്ന കാര്യങ്ങളാണ്.

ഈ സൂചിക മാത്രമല്ല കഴിഞ്ഞ ദിവസം പുറത്തുവന്ന ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ടും ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യം ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട് എന്നു വ്യക്തമാക്കുന്നു. വ്യാഴാഴ്ച യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്‍റ് പ്രോഗ്രാം (യുഎന്‍ഡിപി) പുറത്തിറക്കിയ ഗ്ലോബൽ മൾട്ടിഡൈമൻഷണൽ പോവർട്ടി ഇൻഡെക്സ് പ്രകാരം ലോകത്ത് അതിദരിദ്രർ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ലോകത്താകെ 110 കോടിയിലേറെ ജനങ്ങൾ അതിദരിദ്രാവസ്ഥയിലാണെന്നാണ് 112 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ ഐക്യരാഷ്‌ട്ര സഭ കണ്ടെത്തിയിരിക്കുന്നത്. അതിൽ 23.4 കോടി ജനങ്ങളും ഇന്ത്യയിലാണത്രേ. പാക്കിസ്ഥാൻ (9.3 കോടി), എത്യോപ്യ (8.6 കോടി), നൈജീരിയ (7.4 കോടി), കോംഗോ (6.6 കോടി) എന്നിവയാണ് അതിദരിദ്രർ കൂടുതലുള്ള മറ്റു രാജ്യങ്ങൾ. ലോകത്തെ അതിദരിദ്രരിലെ ഏതാണ്ട് പകുതിയും (48.1 ശതമാനം) ഈ അഞ്ച് രാജ്യങ്ങളിലായാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വീട്, ശൗചാലയം, പാചകവാതകം, വൈദ്യുതി, പോഷകാഹാരം, വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം വിലയിരുത്തിയാണ് ദാരിദ്ര്യം നിർണയിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ഇനിയുമെത്രയോ കരുത്താർജിക്കേണ്ടതുണ്ടെന്ന് ഈ കണക്ക് കാണിച്ചുതരുന്നു.

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന പ്രമുഖ സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. 2023-24 സാമ്പത്തിക വർഷം 8.2 ശതമാനം വളർച്ച നേടിയെന്നാണു കണക്കുകൾ കാണിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ അഞ്ചു സാമ്പത്തിക വ്യവസ്ഥകളിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ഭക്ഷ്യധാന്യ ഉത്പാദനത്തിലടക്കം രാജ്യത്തുണ്ടായിട്ടുള്ള പുരോഗതിയും എടുത്തുപറയേണ്ടതാണ്. ഇതിനൊക്കെ ശേഷവും അതിദാരിദ്ര്യം അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട് എന്നത് അവഗണിച്ചുകൊണ്ടു മുന്നോട്ടുപോകാനാവില്ല. പോഷകാഹാരക്കുറവു പരിഹരിക്കുന്നതിലും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും കൂടുതൽ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ഇനി എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ മാത്രമല്ല സംസ്ഥാന സർക്കാരുകളും ആലോചിക്കേണ്ടതുണ്ട്. ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിനു മാതൃകയാണു കേരളം. നീതി ആയോഗിന്‍റെ റിപ്പോർട്ട് പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം. ജനങ്ങൾ ദാരിദ്ര്യത്തിലേക്കു വീണുപോകാതിരിക്കാൻ നിരന്തരമായ സർക്കാർ നിരീക്ഷണവും തുടർ നടപടികളും ആവശ്യമാണ്.

Trending

No stories found.

Latest News

No stories found.